Wednesday, September 21, 2011

രോഗഗ്രസ്തമായ കേരളം; നിഷ്ക്രിയ ഭരണം

കേരളത്തില്‍ വ്യാപകമായി പരിഭ്രാന്തജനകമാംവിധം പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും അതേക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ നിഷ്ക്രിയത്വത്തിലമരുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . തീര്‍ത്തും നിര്‍മാര്‍ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന കോളറ ഉള്‍പ്പെടെയുള്ളവ സംഭ്രാന്തി പടര്‍ത്തിക്കൊണ്ട് കടന്നുവരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവ പല ഭാഗങ്ങളിലും പടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നതായുള്ള വാര്‍ത്തകള്‍ പലയിടങ്ങളില്‍നിന്നായി വരുന്നു. പക്ഷേ, ഒരു പ്രതിരോധനടപടിയുമുണ്ടാവുന്നില്ല. ഒരു ഉന്നതതലയോഗംപോലും ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ക്കുന്നില്ല. മിക്ക ആശുപത്രികളിലും മരുന്നില്ല എന്നതാണ് അവസ്ഥ. മരുന്ന് എത്തിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇതുമൂലം അസുഖബാധിതരടക്കം സമൂഹമാകെ ഉല്‍ക്കണ്ഠയിലാണ്.

രോഗം വന്നാല്‍ മരുന്നുകിട്ടാനില്ല എന്നതുകൊണ്ടുമാത്രം മരിക്കേണ്ടിവരുന്ന അവസ്ഥ. ഒരു പരിഷ്കൃതസമൂഹത്തിലും ഇല്ലാത്ത ഈ ദുരവസ്ഥയാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. വടക്കന്‍ ജില്ലകളില്‍ എലിപ്പനി പടരുകയാണ്. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പതിനേഴുപേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ആരെയും ആശങ്കപ്പെടുത്തുന്ന അവസ്ഥയാണിത്. കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലായാണ് ഈ മരണങ്ങള്‍ . കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍മാത്രം ഒരുദിവസം ആറുപേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഡസന്‍ കടന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മുന്നൂറുപേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കോട്ടയത്ത് മഞ്ഞപ്പിത്തം പടരുന്നു. മുന്നൂറിലേറെപ്പേര്‍ ആശുപത്രിയിലായി. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കോളറയും മലയോരപ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും പടരുന്നു. നിരവധി ജില്ലകളില്‍ രോഗങ്ങള്‍ പടരുകയാണ്. നൂറുകണക്കിനാളുകള്‍ വിഷമാവസ്ഥയിലാണ്. ആശുപത്രികളില്‍ ചികിത്സ തേടി പേരുചേര്‍ത്തവരുടെ എണ്ണമേ പുറംലോകമറിയുന്നുള്ളൂ. ആശുപത്രി രജിസ്റ്ററുകളിലില്ലാതെ, മരുന്നുകിട്ടാതെ വീടുകളില്‍ വലയുന്നവരുടെ എണ്ണം എത്രയോ അധികമായിരിക്കും. സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന പതിനായിരങ്ങളുടെ കണക്കും ഇതില്‍പെടുന്നില്ല. മരുന്നുകള്‍ ലഭ്യമല്ലാത്ത സ്ഥിതി വരുത്തിവച്ചതിന് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് ഉത്തരവാദി. അവശ്യമരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എല്ലായ്പ്പോഴും ലഭ്യമാകുന്ന ഒരു സംവിധാനം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ ഉറപ്പാക്കിയിരുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. വര്‍ഷാരംഭത്തില്‍തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മരുന്നുലഭ്യത ഉറപ്പാക്കിയിരുന്നു. മൂന്നുമാസത്തേക്കെങ്കിലുമുള്ള മരുന്നുകളുടെ ബഫര്‍ സ്റ്റോക്ക് സജ്ജീകരിച്ചിരുന്നു. ആ സംവിധാനം യുഡിഎഫ് സര്‍ക്കാര്‍ അപ്പാടെ പൊളിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാലു മാസങ്ങളായിട്ടും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. മരുന്നു കമ്പനികളുമായി കരാറുണ്ടാക്കിയില്ല. ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയ മേഖലകളില്‍പോലും മരുന്ന് വിതരണത്തിനുള്ള ഓര്‍ഡര്‍ നല്‍കിയില്ല. അതിഗുരുതരമായ അവസ്ഥയാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനപ്രകാരം മൂന്നുമാസത്തേക്കുള്ള മരുന്നുകളുടെ ബഫര്‍ സ്റ്റോക്ക് ലഭ്യമായിരുന്നു. ആ സ്റ്റോക്കില്‍നിന്നുള്ള മരുന്നെടുത്ത് വിതരണംചെയ്യുകയാണ് ഇതുവരെ ചെയ്തത്. ഇപ്പോള്‍ ആ സ്റ്റോക്കും തീര്‍ന്നു. മരുന്നുകിട്ടാതെ രോഗികള്‍ വലയുന്ന സ്ഥിതിയായി. ബഫര്‍ സ്റ്റോക്ക് തീര്‍ക്കുക മാത്രമല്ല ഈ സര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന എന്ന ആര്‍എസ്ബിവൈ പദ്ധതി പ്രകാരമുള്ള പണമെടുത്ത് ചെലവാക്കുകകൂടി ചെയ്തു.

ആശുപത്രികളിലെ ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ഒരു ഇന്‍ഷുറന്‍സ് ഫണ്ടാണിത്. ഗുണഭോക്താവിന്റെയും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതങ്ങള്‍ ഉള്‍പ്പെട്ട ഈ ഫണ്ട് വകമാറ്റി ചെലവഴിച്ചു. എന്നിട്ടും ആശുപത്രികളില്‍ മരുന്നില്ലെന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ആകെ ചെയ്തത്, പുതിയ ടെന്‍ഡര്‍ ഉറപ്പിക്കാന്‍ കഴിയാതെവന്ന സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ പ്രകാരമുള്ള നിരക്കില്‍ മരുന്ന് വിതരണംചെയ്യാന്‍ മരുന്നുകമ്പനികളോട് ആവശ്യപ്പെടുക മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന വിലയുള്ള ഒരു മരുന്നും ഒരു കമ്പനിയും ആശുപത്രികള്‍ക്ക് നല്‍കിയില്ല. അതേസമയം, കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് താഴ്ന്ന വിലയുള്ള മരുന്നുകള്‍മാത്രം എത്തിക്കുകയും ചെയ്തു. അതായത്, മരുന്നുകമ്പനികള്‍ക്ക് ആ വഴിക്കും കൊള്ളലാഭം! പകര്‍ച്ച വ്യാധികള്‍ക്കുള്ള മരുന്ന് ലഭ്യമല്ല എന്ന സ്ഥിതി സംജാതമായത് ഈ അനാസ്ഥകൊണ്ടാണ്. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണിത്. മഴക്കാലം തുടങ്ങുംമുമ്പുതന്നെ രോഗപ്രതിരോധനടപടികള്‍ സര്‍ക്കാര്‍തലത്തില്‍ തുടങ്ങേണ്ടതായിരുന്നു. ശുചീകരണം, മരുന്നുതളിക്കല്‍ തുടങ്ങിയവയൊന്നും ഇക്കൊല്ലം നടന്നില്ല.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയുണ്ട്. ഡോക്ടര്‍മാരെ നിയോഗിക്കാനിതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മരുന്ന് എത്തിക്കാന്‍ ശ്രദ്ധിച്ചിട്ടില്ല. ഗുരുതരമായ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതിന് ഭരണാധികാരത്തിലുള്ളവര്‍ ജനങ്ങളോട് സമാധാനം പറയേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിഗണനാക്രമത്തില്‍ പ്രധാനപ്പെട്ടത് മറ്റു ചില കാര്യങ്ങളാണ്. ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങളല്ല. ഉല്‍ക്കണ്ഠപ്പെടുത്തുന്ന ഈ അവസ്ഥയുടെ ഗൗരവം മനസിലാക്കി സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ആശുപത്രികളില്‍ മരുന്ന് ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ അക്ഷന്തവ്യമായ അനാസ്ഥയ്ക്ക് ജനങ്ങള്‍ തങ്ങളുടെ ജീവന്‍കൊണ്ട് വിലകൊടുക്കേണ്ട അവസ്ഥ അവസാനിപ്പിക്കാന്‍ എല്ലാതലത്തിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിയുണ്ടാവണം.

deshabhimani editorial 220911

1 comment:

  1. കേരളത്തില്‍ വ്യാപകമായി പരിഭ്രാന്തജനകമാംവിധം പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും അതേക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ നിഷ്ക്രിയത്വത്തിലമരുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . തീര്‍ത്തും നിര്‍മാര്‍ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന കോളറ ഉള്‍പ്പെടെയുള്ളവ സംഭ്രാന്തി പടര്‍ത്തിക്കൊണ്ട് കടന്നുവരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവ പല ഭാഗങ്ങളിലും പടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നതായുള്ള വാര്‍ത്തകള്‍ പലയിടങ്ങളില്‍നിന്നായി വരുന്നു. പക്ഷേ, ഒരു പ്രതിരോധനടപടിയുമുണ്ടാവുന്നില്ല. ഒരു ഉന്നതതലയോഗംപോലും ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ക്കുന്നില്ല. മിക്ക ആശുപത്രികളിലും മരുന്നില്ല എന്നതാണ് അവസ്ഥ. മരുന്ന് എത്തിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇതുമൂലം അസുഖബാധിതരടക്കം സമൂഹമാകെ ഉല്‍ക്കണ്ഠയിലാണ്.

    ReplyDelete