Tuesday, September 6, 2011

വിവാഹ ധൂര്‍ത്ത് തടയാന്‍ നിയമം വേണം

വിവാഹ ചിലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള മഹിളാസംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേരള മഹിളാസംഘത്തിന്റെ പ്രവര്‍ത്തകര്‍ ആര്‍ഭാടരഹിതമായ വിവാഹങ്ങള്‍ നടത്തി ഇക്കാര്യത്തില്‍ മാതൃകയാകും

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനം 200 ആയി വര്‍ദ്ധിപ്പിക്കണം, കാര്‍ഷിക മേഖലയില്‍ നിലവിലുള്ള മിനിമം കൂലിയായ 200 രൂപ തൊഴിലുറപ്പ് തൊഴിലാളിക്ക് നല്‍കണം. തൊഴില്‍ സ്ഥലത്ത്  തണല്‍, കുടിവെള്ളം, പ്രാഥമിക ശുശ്രൂഷ, ശിശുപരിചരണം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് മഹിളാസംഘം ജില്ലാ- പ്രാദേശിക തലങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

പഞ്ചായത്ത് സംവിധാനം ദുര്‍ബലപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സമ്മേളനം അപലപിച്ചു. മൂന്ന് മന്ത്രിമാരുടെ കീഴിലേക്ക് പഞ്ചായത്ത് വകുപ്പിനെ വിഭജിച്ച നടപടി പിന്‍വലിക്കണം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഗാര്‍ഹിക, ലൈംഗിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിന് അതിവേഗ കോടതികള്‍ ആരംഭിക്കണമെന്ന് മഹിളാസംഘം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന നിലപാട് കൈക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ സമ്മേളനം അപലപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍  തയ്യാറാവണം. സംസ്ഥാനത്തെ കൊച്ചുകുട്ടികളില്‍ പെന്റവലന്റ് വാക്‌സിന്‍ പരീക്ഷിക്കാനുള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലും പ്രതിഷേധമുയര്‍ന്നു. ഈ മരുന്ന് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.

അഴിമതി തടയാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന വിവരാവകാശ നിയമത്തിലെ നാലാം വകുപ്പ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രദര്‍ശന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്ത്രീ സംവരണ ബില്‍ പാസാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അഡ്വ. വസന്തം പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കേരളം അനാചാരങ്ങളുടെ കാലത്തേക്ക് തിരിച്ചുനടക്കുന്നു: സി കെ ചന്ദ്രപ്പന്‍

കൊച്ചി: കേരളം അനാചാരങ്ങളുടെ കാലത്തേക്ക് തിരികെ നടക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും കേരളീയ സമൂഹത്തില്‍ വരുത്തിയ പരിവര്‍ത്തനങ്ങളില്‍ നിന്നാണ് പിറകോട്ട് നടക്കുന്നത്. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ഭാടപൂര്‍വ്വമായ വിവാഹങ്ങള്‍ തടയുവാന്‍ വരെ തയ്യാറായ വ്യക്തിത്വമാണ് ശ്രീനാരായണഗുരുവിന്റേത്.

ആര്‍ഭാടപൂര്‍വ്വമായ വിവാഹത്തിന് തയ്യാറാകില്ലെന്ന് സ്ത്രീ സമൂഹമെങ്കിലും പ്രതിജ്ഞയെടുക്കണം. ഇന്ന് വോട്ടര്‍ പട്ടിക നോക്കിയാണ് വിവാഹത്തിന് ക്ഷണിക്കുന്നത്. കല്യാണത്തിനെത്തുന്നവര്‍ കവറുമായി വരുന്നു. നാണംകെട്ട ഒരു വ്യവസായമായി വിവാഹങ്ങള്‍ മാറിയിട്ടുണ്ട്. ആര്‍ഭാടവിവാഹത്തിനെതിരെ പ്രമേയം പാസ്സാക്കിയാല്‍ മാത്രം പോരാ, പ്രായോഗികമായി അത് നടപ്പാക്കുകയും വേണം.

ആര്‍ഭാടപൂര്‍വ്വമായ വിവാഹങ്ങള്‍ക്ക് പുറമെ യുവതലമുറയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പടര്‍ന്ന് പിടിച്ചിട്ടുള്ള മദ്യാസക്തി ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ്.
കേരള മാതൃക വികസനം എന്ന രീതിയില്‍ ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട കാര്യങ്ങള്‍ ഇല്ലാതാവുന്നു. അനാചാരങ്ങള്‍ക്കും മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കുമെതിരെ സമൂഹത്തിനെ യോജിപ്പിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് മഹിളാസംഘം മുന്‍കൈയെടുക്കണമെന്നും സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

janayugom 060911

1 comment:

  1. വിവാഹ ചിലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള മഹിളാസംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേരള മഹിളാസംഘത്തിന്റെ പ്രവര്‍ത്തകര്‍ ആര്‍ഭാടരഹിതമായ വിവാഹങ്ങള്‍ നടത്തി ഇക്കാര്യത്തില്‍ മാതൃകയാകും

    ReplyDelete