Tuesday, September 6, 2011

ഖസാക്കിന്റെ മണ്ണില്‍ കരിമ്പനകള്‍ അന്യമാകുന്നു

യക്ഷിക്കഥകളിലൂടെയും ഖസാക്കിന്റെ ചരിത്രത്തിലൂടെയും ആസ്വാദകമനസില്‍ സവിശേഷ സാന്നിധ്യമായ കരിമ്പനപ്പട്ടകളുടെ കിലുക്കം പാലക്കാടിന് അന്യമാകുന്നു. പാലക്കാടന്‍ പ്രകൃതിയുടെ സവിശേഷതകളാണ് കരിമ്പാറയും കാറ്റും കരിമ്പനയും. ഇതില്‍ ക്വാറി മാഫിയ പൊട്ടിച്ചു തീര്‍ത്ത് കരിമ്പാറകള്‍ ഇല്ലാതാകുന്നതു പോലെ  കരിമ്പനകളും ഓര്‍മ്മയിലേക്ക് മറയുന്നു. പാലക്കാടന്‍ ഗ്രാമീണ ഭവനങ്ങള്‍ അടുത്തകാലം വരെ മേഞ്ഞിരുന്നത് കരിമ്പനയോല കൊണ്ടാണ്. ഓലമേഞ്ഞ വീടുകള്‍ ഇല്ലാതായതോടെ  അതിന്റെ പ്രാധാന്യം കുറഞ്ഞു. കരിമ്പനയുടെ കള്ളാണ് മറ്റൊരു സവിശേഷ ഉല്‍പന്നം. പന കയറുന്നവരുടെ എണ്ണം കുറഞ്ഞതോടെ പനങ്കള്ളും കുറഞ്ഞു. കള്ളില്‍ നിന്നുണ്ടാക്കുന്ന പനഞ്ചക്കര ഔഷധമാണ്. ഈ കുടില്‍വ്യവസായവും ഗ്രാമങ്ങളില്‍ നിന്ന് അന്യം നിന്നു. വയല്‍വരമ്പില്‍ നിരനിരയായി നിന്നിരുന്ന കരിമ്പനകളുടെ ദൃശ്യം പാലക്കാടിന്റെ പരിച്ഛേദമാണ്.

പാലക്കാട് ജില്ലയില്‍ ആയിരം ഏക്കറില്‍ ശാസ്ത്രീയ രീതിയില്‍ കരിമ്പനകൃഷി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെല്‍പ്പാം  പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പന നാരില്‍ നിന്ന് വിവിധ തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സംരംഭത്തിന് വേണ്ടിയാണ് പദ്ധതി. കെല്‍പ്പാമിന്റെ കല്ലേപ്പുള്ളിയിലെ ഫാക്ടറി രണ്ടരക്കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ശാസത്രീയമായ കരിമ്പന കൃഷി ആരംഭിക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് പനന്തണ്ട് കൊണ്ടുവരുന്നതിലെ അമിതചെലവ് കാരണമുള്ള സാമ്പത്തിക ബാധ്യത ഫാക്ടറി അടച്ചുപൂട്ടാനിടയാക്കിയിരുന്നു.  അടച്ചുപൂട്ടപ്പെട്ട വ്യവസായശാലകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയെന്ന എല്‍ ഡി എഫ് നയത്തിന്റെ ഭാഗമായാണ് പുനരുദ്ധാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നത്.

ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലും കഞ്ചിക്കോട് വ്യവസായ എസ്റ്റേറ്റിലും കൃഷി ചെയ്യാതെയും ഉപയോഗ ശൂന്യമായും കിടക്കുന്ന സര്‍ക്കാര്‍ നിലങ്ങളില്‍ പന കൃഷി വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം.   പനന്തണ്ട് നല്‍കുന്ന പനയുടമയ്ക്ക് ഒന്നിന് 10 രൂപ നിരക്കില്‍ പാട്ടം നല്‍കാനും മൂന്നുലക്ഷം പനവിത്ത് ഇതോടൊപ്പം ശേഖരിക്കാനും ഒന്നിന് ഒരുരൂപ വച്ച് വില നല്‍കാനും പദ്ധതിയുണ്ടായിരുന്നു. പനവിത്ത് പാകി പനങ്കൂമ്പ്(പനങ്കിഴങ്ങ്)വിളയിക്കുക, ഔഷധ ഗുണമുള്ള പനങ്കൂമ്പ് വിപണിയിലെത്തിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇരുപത് വര്‍ഷം മഴ ലഭിച്ചില്ലെങ്കിലും കരിമ്പനയ്ക്ക് പ്രശ്‌നമില്ല. അഞ്ച് വര്‍ഷം മുതല്‍ പോള പുറത്ത് വന്നുതുടങ്ങും. പുതിയ പദ്ധതി നടപ്പില്‍വന്നാല്‍ അന്യംനിന്നു പോകുന്ന പാലക്കാടന്‍ പ്രകൃതി ഭംഗിക്ക് കൂടുതല്‍ ഉണര്‍വാകും. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തെ കുറിച്ച് ഒരു വാക്ക് പോലും ഇതുവരെ മിണ്ടിയിട്ടില്ല.

janayugom 060911

1 comment:

  1. യക്ഷിക്കഥകളിലൂടെയും ഖസാക്കിന്റെ ചരിത്രത്തിലൂടെയും ആസ്വാദകമനസില്‍ സവിശേഷ സാന്നിധ്യമായ കരിമ്പനപ്പട്ടകളുടെ കിലുക്കം പാലക്കാടിന് അന്യമാകുന്നു. പാലക്കാടന്‍ പ്രകൃതിയുടെ സവിശേഷതകളാണ് കരിമ്പാറയും കാറ്റും കരിമ്പനയും. ഇതില്‍ ക്വാറി മാഫിയ പൊട്ടിച്ചു തീര്‍ത്ത് കരിമ്പാറകള്‍ ഇല്ലാതാകുന്നതു പോലെ കരിമ്പനകളും ഓര്‍മ്മയിലേക്ക് മറയുന്നു. പാലക്കാടന്‍ ഗ്രാമീണ ഭവനങ്ങള്‍ അടുത്തകാലം വരെ മേഞ്ഞിരുന്നത് കരിമ്പനയോല കൊണ്ടാണ്. ഓലമേഞ്ഞ വീടുകള്‍ ഇല്ലാതായതോടെ അതിന്റെ പ്രാധാന്യം കുറഞ്ഞു. കരിമ്പനയുടെ കള്ളാണ് മറ്റൊരു സവിശേഷ ഉല്‍പന്നം. പന കയറുന്നവരുടെ എണ്ണം കുറഞ്ഞതോടെ പനങ്കള്ളും കുറഞ്ഞു. കള്ളില്‍ നിന്നുണ്ടാക്കുന്ന പനഞ്ചക്കര ഔഷധമാണ്. ഈ കുടില്‍വ്യവസായവും ഗ്രാമങ്ങളില്‍ നിന്ന് അന്യം നിന്നു. വയല്‍വരമ്പില്‍ നിരനിരയായി നിന്നിരുന്ന കരിമ്പനകളുടെ ദൃശ്യം പാലക്കാടിന്റെ പരിച്ഛേദമാണ്.

    ReplyDelete