Wednesday, September 7, 2011

സിബിഐ അന്വേഷണം: ബിജെപി പിന്‍വാങ്ങിയത് ലീഗിന്റെ പണശക്തിക്കു വഴങ്ങി

ലീഗിന്റെയും അന്തര്‍ദേശീയ തീവ്രവാദസംഘടനകളുടെയും പണശക്തിക്ക് വഴങ്ങിയാണോ മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍നിന്ന് ബിജെപിയും ആര്‍എസ്എസും പിന്മാറിയതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം എംഎല്‍എ ആവശ്യപ്പെട്ടു. മാറാട് കലാപത്തിലും കൂട്ടക്കൊലയിലും ലീഗിന് പങ്കുണ്ടെന്ന് സംഭവം അന്വേഷിച്ച തോമസ് പി ജോസഫ് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. അതറിയാമായിരുന്നിട്ടും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ എത്താന്‍ എന്തു ഒത്തുതീര്‍പ്പാണ് ലീഗുമായി ഉണ്ടാക്കിയതെന്ന് പറയാന്‍ ബിജെപിക്കും ആര്‍എസ്എസിനും ബാധ്യതയുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചിന്തന്‍ബൈഠക്കില്‍ പറഞ്ഞാല്‍ പോര. കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നു പറയണം. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി "മാറാട് മറച്ചുവെക്കപ്പെടുന്ന സത്യം" എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.

2002 ജനുവരി 3, 4 തീയതികളില്‍ നടന്ന മാറാട് കലാപത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത് യുഡിഎഫ് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോയി. ഇതാണ് ഒരുവര്‍ഷത്തിനുശേഷം മാറാട് കൂട്ടക്കൊലയിലെത്തിച്ചത്. ഒന്നാം മാറാട് കലാപത്തിനുശേഷം വീണ്ടുമൊരു കലാപത്തിന് സാധ്യതയുണ്ടെന്ന് സ്ഥലം എംഎല്‍എ ആയിരുന്ന വി കെ സി മമ്മദ്കോയ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ രണ്ടു പ്രാവശ്യം രേഖാമൂലം അറിയിച്ചിരുന്നു. എന്നിട്ടും കലാപം തടയുന്നതിന് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒന്നാംമാറാട് കലാപം നടന്ന ആദ്യരാത്രിയില്‍തന്നെ ലീഗ് നേതാക്കള്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷ സമയത്ത് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ ലീഗ്-ബിജെപി ബന്ധമുണ്ടായിരുന്നു എന്ന് ഇത് തെളിയിച്ചു- എളമരം പറഞ്ഞു. അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി.

deshabhimani 070911

1 comment:

  1. ലീഗിന്റെയും അന്തര്‍ദേശീയ തീവ്രവാദസംഘടനകളുടെയും പണശക്തിക്ക് വഴങ്ങിയാണോ മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍നിന്ന് ബിജെപിയും ആര്‍എസ്എസും പിന്മാറിയതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം എംഎല്‍എ ആവശ്യപ്പെട്ടു.

    ReplyDelete