Wednesday, September 7, 2011

വ്യവസായനയത്തോട് എസ്ടിയുവിനും എതിര്‍പ്പ്

യുഡിഎഫ്സര്‍ക്കാരിന്റെ വ്യവസായനയത്തിലെ പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച നിര്‍ദേശത്തിനെതിരെ മുസ്ലിംലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയു. ഐടി- വ്യവസായ നയം സബന്ധിച്ച് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് എസ്ടിയു നേതാവ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം എതിര്‍പ്പ് രേഖപ്പെടുത്തിയത്. പ്രത്യേക സാമ്പത്തികമേഖലയില്‍ കേന്ദ്രനയം നടപ്പാക്കുന്നതും മേഖലയുടെ മുഴുവന്‍ അധികാരം കമീഷണര്‍ക്കു നല്‍കുന്ന നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തികമേഖല കേന്ദ്രനയത്തിന് അനുസൃതമാക്കുമെന്ന വ്യവസായനയത്തിലെ നര്‍ദേശത്തെ സിഐടിയു, എഐടിയുസി തുടങ്ങി ഇടതുപക്ഷ ട്രേഡ് യൂണിയനുകളും എതിര്‍ത്തു. കേന്ദ്രനയം അപ്പാടെ നടപ്പാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ഐടിമേഖലയിലും പ്രത്യേക സാമ്പത്തികമേഖലയിലും തൊഴിലാളിചൂഷണം അവസാനിപ്പിക്കാന്‍ ട്രേഡ് യൂണിനുകളോ, വിദഗ്ധ സമിതികളോ രൂപീകരിക്കണമെന്ന് ഐഎന്‍ടിയുസിയും നിര്‍ദേശിച്ചു. നേരിട്ടുള്ള വിദേശനിക്ഷേപം എല്ലാമേഖലയിലും നിര്‍ബാധം അനുവദിക്കരുതെന്നും ഇടതുപക്ഷ ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ടു. കരിമണല്‍ അടക്കമുള്ള ഖനനമേഖല, വെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കരുതെന്ന് സിഐടിയു ആവശ്യപ്പെട്ടു. നേരിട്ടുള്ള വിദേശനിക്ഷേപം, പരമ്പരാഗത വ്യവസായമേഖല എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനും നിരീക്ഷിക്കാനും മുഖ്യമന്ത്രി ചെയര്‍മാനായുള്ള ഉന്നതാധികാര സമതി വേണമെന്ന് ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു.

പരമ്പരാഗതമഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പരമ്പരാഗതമേഖലയില്‍ തൊഴിലുറപ്പിനു തുല്യമായ കുറഞ്ഞ കൂലി നടപ്പാക്കുക, പൊതുമേഖലയില്‍ തൊഴിലാളിപങ്കാളിത്തം അനുവദിക്കുക, പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുക, മുന്‍ സര്‍ക്കാര്‍ നിര്‍മിച്ച പുതിയ 10 പൊതുമേഖലാസ്ഥാപനം പ്രവര്‍ത്തനം തുടങ്ങുക, മുന്‍ സര്‍ക്കാര്‍ തുടങ്ങിയ വ്യവസായബന്ധ ബോര്‍ഡ് തുടരുക തുടങ്ങിയവയും യോഗം നിര്‍ദേശിച്ചു. നയം പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ അതേപോലെ നടപ്പാക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ കാണിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലധികാരികളായി പ്രൊഫഷണല്‍ യോഗ്യതയുള്ളവരെ നിയമിക്കുമെന്ന് നയം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ ഇതിനു വിരുദ്ധമായിരുന്നു. കണ്ണൂരിലെ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് എംഡിയെ മാറ്റണമെന്ന് കലക്ടറടക്കം നിര്‍ദേശിച്ചതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാനും ട്രേഡ് യൂണിനുകളോട് അദ്ദേഹം നിര്‍ദേശിച്ചു. യോഗത്തില്‍ സിഐടിയുവിനെ പ്രതിനിധാനംചെയ്ത് ആനത്തലവട്ടം ആനന്ദന്‍ , എ പത്മലോചനന്‍ , കെ ഒ ഹബീബ്, ഐഎന്‍ടിയുസി പ്രതിനിധിയായി ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 070911

1 comment:

  1. യുഡിഎഫ്സര്‍ക്കാരിന്റെ വ്യവസായനയത്തിലെ പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച നിര്‍ദേശത്തിനെതിരെ മുസ്ലിംലീഗിന്റെ ട്രേഡ് യൂണിയനായ എസ്ടിയു. ഐടി- വ്യവസായ നയം സബന്ധിച്ച് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് എസ്ടിയു നേതാവ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം എതിര്‍പ്പ് രേഖപ്പെടുത്തിയത്. പ്രത്യേക സാമ്പത്തികമേഖലയില്‍ കേന്ദ്രനയം നടപ്പാക്കുന്നതും മേഖലയുടെ മുഴുവന്‍ അധികാരം കമീഷണര്‍ക്കു നല്‍കുന്ന നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സാമ്പത്തികമേഖല കേന്ദ്രനയത്തിന് അനുസൃതമാക്കുമെന്ന വ്യവസായനയത്തിലെ നര്‍ദേശത്തെ സിഐടിയു, എഐടിയുസി തുടങ്ങി ഇടതുപക്ഷ ട്രേഡ് യൂണിയനുകളും എതിര്‍ത്തു. കേന്ദ്രനയം അപ്പാടെ നടപ്പാക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

    ReplyDelete