Wednesday, September 7, 2011

തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്‍കിയ പണത്തിനും മരുന്നില്ല

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടിഅവതാളത്തിലായതിനാല്‍ മരുന്ന് സംഭരണത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്‍കിയ ഒന്നരക്കോടി രൂപ വെള്ളത്തിലായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം വിവിധപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും മുന്‍കൂര്‍ പണം നല്‍കിയിട്ടും ഇതുവരെയും മരുന്ന് നല്‍കിയില്ല. പ്രതിസന്ധിയുള്ളതിനാല്‍ തല്‍ക്കാലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മരുന്ന് നല്‍കേണ്ടെന്ന് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ചു മാസം പിന്നിട്ടിട്ടും മരുന്ന് നല്‍കാത്തത് തദ്ദേശസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം മരുന്ന് വാങ്ങാന്‍ കാശ് നീക്കിവയ്ക്കാനും പറ്റില്ല. അതോടൊപ്പം ഓഡിറ്റ് പ്രശ്നവും ഉണ്ടാകും.

ആവശ്യമുള്ള മരുന്നിന്റെ ലിസ്റ്റ് തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ കോര്‍പറേഷന്റെ ജില്ലാ വെയര്‍ഹൗസിങ് കോര്‍പറേഷനുകള്‍ക്ക് നല്‍കിയതനുസരിച്ച് നിശ്ചയിച്ച തുകയും ഏഴ് ശതമാനം സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ ഡിഡി എടുത്ത് അയക്കുകയായിരുന്നു. ഇങ്ങനെ അയച്ച തുക കോര്‍പറേഷന്‍ അക്കൗണ്ടിലേക്ക് മാറിയെങ്കിലും മരുന്ന് നല്‍കിയില്ല. വിവിധ സ്ഥാപനങ്ങള്‍ 60,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ കോര്‍പറേഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ , മരുന്ന് നല്‍കാത്തതിനുള്ള കാരണം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക ഗ്രാന്റില്‍നിന്ന് പത്ത് ശതമാനം തുകയാണ് മരുന്ന് വാങ്ങുന്നതിന് നീക്കിവയ്ക്കുന്നത്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നാണ് കൂടുതലായും വാങ്ങാറ്. ഇവ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആശുപത്രികള്‍ മുഖേനയും ആശ വളന്റിയര്‍മാര്‍ മുഖേനയുമാണ് വിതരണംചെയ്തിരുന്നത്. അതിനിടെ കോര്‍പറേഷന്റെ ജില്ലാ വെയര്‍ഹൗസുകളില്‍ നൂറോളം ഇനങ്ങളുടെ കൂടി സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിക്കുന്ന മരുന്നുകളിലേറെയും വിവിധ ജില്ലകളില്‍നിന്ന് പരസ്പരം കൈമാറി നാമമാത്രമായാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. ഒരാഴ്ച കഴിയുന്നതോടെ വെയര്‍ഹൗസുകള്‍ പൂര്‍ണമായും കാലിയാകും. ആര്‍എസ്ബിവൈ (സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി) ഫണ്ടും എച്ച്ഡിഎസ് (ആശുപത്രി വികസന സമിതി) ഫണ്ടും വകമാറ്റി ലോക്കല്‍ പര്‍ച്ചേസ് മുഖേനയാണ് ആശുപത്രികളില്‍ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

deshabhimani 070911

1 comment:

  1. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടിഅവതാളത്തിലായതിനാല്‍ മരുന്ന് സംഭരണത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുന്‍കൂര്‍ നല്‍കിയ ഒന്നരക്കോടി രൂപ വെള്ളത്തിലായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം വിവിധപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും മുന്‍കൂര്‍ പണം നല്‍കിയിട്ടും ഇതുവരെയും മരുന്ന് നല്‍കിയില്ല. പ്രതിസന്ധിയുള്ളതിനാല്‍ തല്‍ക്കാലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മരുന്ന് നല്‍കേണ്ടെന്ന് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ചു മാസം പിന്നിട്ടിട്ടും മരുന്ന് നല്‍കാത്തത് തദ്ദേശസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം മരുന്ന് വാങ്ങാന്‍ കാശ് നീക്കിവയ്ക്കാനും പറ്റില്ല. അതോടൊപ്പം ഓഡിറ്റ് പ്രശ്നവും ഉണ്ടാകും.

    ReplyDelete