Friday, September 23, 2011

സ. അഴീക്കോടന്‍ സ്മരണ

1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റ്റുമായിരുന്നു അഴീക്കോടന്‍ . കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. അഞ്ചാംക്ലാസുവരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ആധാരമെഴുത്തുകാരനായ അച്ഛന്റെ മരണശേഷം ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പിന്നീട് സൈക്കിള്‍ -പെട്രോമാക്സ്-ബീഡി ഷാപ്പിലെ ജീവനക്കാരനായി. ബീഡിതെറുപ്പുകാരനായും പണിയെടുത്തു. അതോടൊപ്പംതന്നെ ബീഡിത്തൊഴിലാളിയൂണിയന്റെ പ്രവര്‍ത്തനത്തിലും സജീവമായി. പിന്നീട് യൂണിയന്റെ സെക്രട്ടറിയായി മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അഴീക്കോടന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി തികഞ്ഞ കമ്യൂണിസ്റ്റായി വളര്‍ത്തിയെടുക്കുന്നതില്‍ സ. പി കൃഷ്ണപിള്ള സുപ്രധാനമായ പങ്ക് വഹിച്ചു.

1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1951ല്‍ കോഴിക്കോട്ട് ചേര്‍ന്ന മലബാര്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. 1967ല്‍ ഐക്യമുന്നണി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. 1969ല്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായി. അഴീക്കോടന് നിരവധി തവണ ജയില്‍വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1948ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. 1950ലും 1962ലും 1964ലും അദ്ദേഹത്തെ ജയിലിലടച്ചു.

ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ നേര്‍ ഉദാഹരണമാണ് സഖാവിന്റെ ജീവിതം. സൗമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് ശ്രമിച്ചു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്. ജീവിച്ചിരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായിരുന്നു. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. തിളക്കമേറിയ ആ പൊതുജീവിതത്തിന് മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ ഇത്തരം കുപ്രചാരണങ്ങള്‍ . പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അത് തുടര്‍ന്നു.

രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല. മുതലാളിത്ത രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഘട്ടത്തിലാണ് അഴീക്കോടന്റെ 39-ാം ചരമദിനം ആചരിക്കുന്നത്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് ഇത്തരം രാജ്യങ്ങളിലെ ഭരണകൂടം നടത്തിയ തെറ്റായ രീതി പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് കോര്‍പറേറ്റ് ബാങ്കുകളെയും മറ്റും സര്‍ക്കാര്‍ സഹായം നല്‍കി സംരക്ഷിക്കുകയാണ് വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഇത്തരം കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം നല്‍കിയശേഷം അതിന്റെ ബാധ്യത മുഴുവന്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സ്ഥിതി ഇത്തരം രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നു. ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുക, പെന്‍ഷന്‍പ്രായം കൂട്ടുക, തസ്തികകള്‍ ഇല്ലാതാക്കുക, സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ നയങ്ങള്‍ ഒരു പാക്കേജ് എന്ന നിലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ രൂക്ഷമായ സമരങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായുള്ള സമരത്തിന്റെ ഭാഗമായി യൂറോപ്പിലെ മുപ്പതോളം രാജ്യങ്ങളിലെ തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കുകയുണ്ടായി. മാധ്യമരംഗത്ത് പോലും സമരം വ്യാപിച്ചു. ബിബിസിയിലെ തൊഴിലാളികള്‍ ജോലിസമയം വര്‍ധിപ്പിക്കുന്നതിനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനുമെതിരെ പ്രക്ഷോഭരംഗത്തിറങ്ങി. ആഗോളവല്‍ക്കരണനയത്തിന്റെ വക്താക്കളായ അമേരിക്കയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതല്‍ രൂക്ഷമായി വരുന്നതിന്റെ വാര്‍ത്തകളും പുറത്തുവരുന്നു.

ഏകലോക ക്രമത്തിന്റെ ഭാഗമായി അമേരിക്ക അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികനയങ്ങള്‍ ലോകത്തെ ഒരു തരത്തിലും രക്ഷപ്പെടുത്തില്ലെന്ന് ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകാതെ അത്തരം സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന. ഓയില്‍പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ നടപടിയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട ആഗോളവല്‍ക്കരണ സമീപനം വില നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുമാറ്റിയതിലൂടെ ഉച്ചസ്ഥായിയിലെത്തി. വിലനിര്‍ണയാവകാശം എടുത്തുമാറ്റിയതിന് ശേഷം 11 തവണയായി 23.83 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കള്ളക്കണക്കുകള്‍ അവതരിപ്പിച്ചാണ് ഈ വര്‍ധന വരുത്തുന്നത്. എണ്ണക്കമ്പനികളുടെ ബാലന്‍സ് ഷീറ്റിലാണെങ്കില്‍ ലാഭത്തിന്റെ കണക്ക് കോടിക്കണക്കിന് രൂപയാണ്. പെട്രോളിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കയറ്റത്തിന്റെ പേരുപറഞ്ഞാണ് ഇവിടെ വില വര്‍ധിപ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ പെട്രോളിന്റെ വില ബാരലിന് 100.10 ഡോളറായിരുന്നു. ഇപ്പോള്‍ ബാരലിന് 86.85 ഡോളറാണ്. രൂപയുടെ മൂല്യത്തിന്റെ വ്യതിയാനംകൂടി കണക്കിലെടുത്താല്‍ യഥാര്‍ഥത്തില്‍ ഒരു ബാരലിന് ഏകദേശം 480 രൂപ കുറയുകയാണുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ വില കുതിച്ചുയരുന്നെന്ന വിചിത്രമായ അനുഭവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ പേരുപറഞ്ഞ് വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവിടെ വില കുറയുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നില്ല എന്നതാണ് വസ്തുത. പെട്രോളിന് വില വര്‍ധിപ്പിച്ചശേഷം സംസ്ഥാന സര്‍ക്കാരുകളോട് നികുതി പിന്‍വലിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. വളരെ വിചിത്രമായ വാദമാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. പെട്രോളിന്റെ വിലയില്‍ 50 ശതമാനത്തോളം വിവിധ തരത്തിലുള്ള നികുതികളാണ്. അതില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നതാണ്. ആ നികുതിഘടനയ്ക്ക് മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാതെ സംസ്ഥാനങ്ങളോട് നികുതി ഒഴിവാക്കണമെന്നാണ് പറയുന്നത്. വന്‍ വിലക്കയറ്റം സൃഷ്ടിച്ചതിനുശേഷം നാമമാത്രമായ കുറവ് വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം വിലപ്പോകില്ല. പെട്രോളിയം വിലവര്‍ധനയെ തുടര്‍ന്ന് വലിയ പ്രതിഷേധം കേരളത്തിലുണ്ടായി. ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ പറയുന്നത് വര്‍ധന പിന്‍വലിക്കണം എന്നാണ്. ഈ നയത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നാണ് അവര്‍ വ്യക്തമാക്കേണ്ടത്. വര്‍ധന പിന്‍വലിക്കണമെന്നു പറയുമ്പോള്‍ത്തന്നെ വിലവര്‍ധനയ്ക്കെതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ പൊലീസിനെ കയറൂരി വിട്ട് ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ഘട്ടത്തില്‍ത്തന്നെ ഇത് തെറ്റായ നടപടിയാണെന്നും വില കുതിച്ചുകയറുമെന്നും ഇടതുപക്ഷം പറഞ്ഞതാണ്. അന്ന് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് തെറ്റാണെന്ന് പ്രചരിപ്പിച്ചവര്‍പോലും ഇന്ന് പെട്രോളിയം വിലവര്‍ധനയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുമ്പോള്‍ അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. പെട്രോളിന്റെ വിലവര്‍ധന പരിഹരിക്കപ്പെടണമെങ്കില്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കുകയാണ് വേണ്ടത്. അല്ലാതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍മാത്രമാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിട്ടപ്പോള്‍ വലിയ വികസനപ്രവര്‍ത്തനം നടത്തി എന്ന പ്രചാരണമാണ് നടത്തിയത്. എന്നാല്‍ , ഈ നൂറുദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടായത്. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിച്ചതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട 250 കോടി രൂപയാണ് നഷ്ടമായത്.

5000 കോടി രൂപയുടെ റോഡ് നിര്‍മാണത്തിനുവേണ്ടിയുള്ള പദ്ധതികളും അട്ടിമറിക്കപ്പെട്ടു. പൊതുമേഖലയുടെ നവീകരണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവച്ച 260 കോടി രൂപയുടെ പദ്ധതിയും ഇല്ലാതാക്കി. സൗജന്യനിരക്കില്‍ അരി വിതരണംചെയ്യുന്ന കാര്യത്തില്‍ മൊത്തമെടുത്ത് നോക്കിയാല്‍ ആനുകൂല്യം കുറയുകയാണ് ചെയ്തത്. ഇത്തരത്തില്‍ 6000 കോടി രൂപയോളം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ കേരളത്തില്‍ ഇല്ലാതായിട്ടുള്ളത്. ജനദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും അതിനെതിരായി ഉയരുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി തകര്‍ക്കുകയുമെന്നതാണ് യുഡിഎഫ് നയം. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമെന്ന നിലയില്‍ത്തന്നെയാണ് നമ്മുടെ നാട്ടിലും പ്രക്ഷോഭങ്ങള്‍ ഉയരുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പംനിന്ന് ജീവിച്ച് എല്ലാ അനീതികള്‍ക്കുമെതിരായി പോരാടുകയുംചെയ്ത അഴീക്കോടന്റെ ഓര്‍മ ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും.

പിണറായി വിജയന്‍ deshabhimani 230911

1 comment:

  1. 1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റ്റുമായിരുന്നു അഴീക്കോടന്‍ . കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. അഞ്ചാംക്ലാസുവരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ആധാരമെഴുത്തുകാരനായ അച്ഛന്റെ മരണശേഷം ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പിന്നീട് സൈക്കിള്‍ -പെട്രോമാക്സ്-ബീഡി ഷാപ്പിലെ ജീവനക്കാരനായി. ബീഡിതെറുപ്പുകാരനായും പണിയെടുത്തു. അതോടൊപ്പംതന്നെ ബീഡിത്തൊഴിലാളിയൂണിയന്റെ പ്രവര്‍ത്തനത്തിലും സജീവമായി. പിന്നീട് യൂണിയന്റെ സെക്രട്ടറിയായി മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അഴീക്കോടന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി തികഞ്ഞ കമ്യൂണിസ്റ്റായി വളര്‍ത്തിയെടുക്കുന്നതില്‍ സ. പി കൃഷ്ണപിള്ള സുപ്രധാനമായ പങ്ക് വഹിച്ചു.

    ReplyDelete