Friday, September 23, 2011

കലിക്കറ്റ് സെനറ്റും സിന്‍ഡിക്കറ്റും പിരിച്ചുവിട്ടു

യുഡിഎഫ് സമ്മര്‍ദത്തിനു വഴങ്ങി കലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് പിരിച്ചുവിട്ടു. യുഡിഎഫ് അനുകൂല 14 അംഗ താല്‍ക്കാലിക സിന്‍ഡിക്കേറ്റിനും ഗവര്‍ണര്‍ രൂപം നല്‍കി. പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി എന്ന പേരിലാണ് ഗവര്‍ണറുടെ ജനാധിപത്യക്കുരുതി. പുതിയ സെനറ്റും സിന്‍ഡിക്കേറ്റും തെരഞ്ഞെടുക്കുന്നതുവരെ സെനറ്റിന്റെ അധികാരമുള്ള യുഡിഎഫ് സമിതി തുടരും.

തെരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങളെ പുറത്താക്കി പകരം അഞ്ച് യുഡിഎഫ് നോമിനികളെ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് കൈയടക്കിയതിനു പിന്നാലെയാണ് കലിക്കറ്റ് സര്‍വകലാശാലാ ഭരണവും യുഡിഎഫ് വളഞ്ഞവഴിയില്‍ കൈപ്പിടിയിലൊതുക്കിയത്. സര്‍വകലാശാലാ സെനറ്റും സിന്‍ഡിക്കേറ്റും പിരിച്ചുവിടുന്നത് സംസ്ഥാനത്താദ്യമാണ്. നിലവിലുള്ള സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി ആഗസ്ത് 28ന് കഴിഞ്ഞിരുന്നു. പുതിയ സമിതികള്‍ തെരഞ്ഞെടുക്കുന്നതുവരെ കാലാവധി കഴിഞ്ഞ സമിതികള്‍ക്ക് തുടരാമെന്ന് സര്‍വകലാശാലാ നിയമം അനുശാസിക്കുന്നുണ്ട്. ഇത് അട്ടിമറിച്ചാണ് പിരിച്ചുവിട്ടത്. സര്‍വകലാശാലകളിലെ ഏത് ഔദ്യോഗികസമിതിയും പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി പിരിച്ചുവിടാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നു പറഞ്ഞാണ് നടപടി.

പുതിയ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമില്‍നിന്ന് നിലവിലുള്ള സിന്‍ഡിക്കേറ്റിനെതിരെ സര്‍ക്കാര്‍ പരാതി വാങ്ങിയിരുന്നു. വിസിയും അഡ്വക്കറ്റ് ജനറലും പിന്നീട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയുംചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും ഗവര്‍ണറുമായി ചര്‍ച്ച നടത്തി. അതിനു പിന്നാലെയാണ് പിരിച്ചുവിടല്‍ ഉത്തരവ്. മുന്‍ഗവര്‍ണറോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ , ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഘട്ടമായതിനാല്‍ പിരിച്ചുവിടല്‍ നടന്നില്ല.

മതിയായ യോഗ്യതയില്ലാതെ നിയമനം നേടിയതിന് പിരിച്ചുവിടാന്‍ തീരുമാനിച്ച സര്‍വകലാശാല അധ്യാപകനും കോണ്‍ഗ്രസ് സംഘടനാ നേതാവുമായ ഡോ. കെ വി ലാസര്‍ , വിദ്യാഭ്യാസ മന്ത്രിയുടെ അടുത്ത ബന്ധു ടി പി അഹമ്മദ്, സര്‍വകലാശാലയിലെ മുന്‍ കോണ്‍ഗ്രസ് സംഘടനാനേതാവും പിഎസ്സി അംഗവുമായിരുന്ന ആര്‍ എസ് പണിക്കര്‍ , കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പി എം നിയാസ്, തുടങ്ങിയവരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ . പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് നിലവിലുള്ള സിന്‍ഡിക്കേറ്റ് അംഗം സി എച്ച് ആഷിഖ് അറിയിച്ചു.

deshabhimani 230911

1 comment:

  1. യുഡിഎഫ് സമ്മര്‍ദത്തിനു വഴങ്ങി കലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് പിരിച്ചുവിട്ടു. യുഡിഎഫ് അനുകൂല 14 അംഗ താല്‍ക്കാലിക സിന്‍ഡിക്കേറ്റിനും ഗവര്‍ണര്‍ രൂപം നല്‍കി. പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി എന്ന പേരിലാണ് ഗവര്‍ണറുടെ ജനാധിപത്യക്കുരുതി. പു

    ReplyDelete