Tuesday, September 6, 2011

കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വുമായി കുടുംബശ്രീ

ഗുണഭോക്താക്കളുടെ എണ്ണം പരിഗണിച്ചാല്‍ സ്ത്രീശാക്തീകരണ രംഗത്തെ ഏറ്റവും വലിയ പദ്ധതിയായ കുടുംബശ്രീക്ക് 2010-11 അഭിമാനനേട്ടങ്ങളുടെ വര്‍ഷം. കൂടുതല്‍ ഭൂമി കൃഷിയോഗ്യമാക്കാനായി എന്നതാണ് സുപ്രധാന നേട്ടങ്ങളില്‍ ആദ്യത്തേത്. സംസ്ഥാനത്തൊട്ടാകെ 38,054 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുണ്ടാക്കിയതിലൂടെ 24,262.3 ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കാനും 2.07 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാനും കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് കഴിഞ്ഞു. ഇതിലൂടെ 297 കോടി രൂപയാണ് ഈ സംഘങ്ങള്‍ക്ക് ലഭിച്ചത്. ഗുണഭോക്താക്കള്‍ക്ക് ശരാശരി 16,500 രൂപ വീതവും അധിക വരുമാനം നേടാനായത് കുടുംബശ്രീയുടെ ചരിത്രത്തിലെ മികച്ച നേട്ടമായാണ് കുടുംബശ്രീ മിഷന്‍ വിലയിരുത്തുന്നത്. പലിശ സബ്‌സിഡി പദ്ധതിപ്രകാരം 2052 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാണ് കാര്‍ഷിക വായ്പ വാങ്ങിയത്. സാധാരണ സ്ത്രീ തൊഴിലാളിയെ മികച്ച കര്‍ഷകയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘകൃഷിക്കു തുടക്കമിട്ടത്. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനക്കു കീഴില്‍ കേന്ദ്രം അംഗീകരിച്ച ആദ്യ പദ്ധതിയാണിത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. തൊഴിലാളികളെ കര്‍ഷകരാക്കിമാറ്റിയ പദ്ധതിക്ക് സര്‍വതലങ്ങളിലും സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാരദാ മുരളീധരന്‍ പറഞ്ഞു.

2009-10കാലയളവില്‍ 46,444 ഗ്രൂപ്പുകളിലായി 2,32,220 ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. 25,062 ഹെക്ടറില്‍ കൃഷിചെയ്തതില്‍ 6,790 ഹെക്ടറില്‍ നെല്‍കൃഷിയായിരുന്നു. 2,987 ഹെക്ടറില്‍ പച്ചക്കറിയും കൃഷി ചെയ്തു. നെല്ല്, കിഴങ്ങ് വര്‍ഗങ്ങള്‍, ഭക്ഷ്യവിളകള്‍, പച്ചക്കറികള്‍ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കൃഷിചെയ്തു. ഇത് സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കി.

ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് കുടുംബശ്രീ സംവിധാനം നിലവില്‍ വന്നത്. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്താനുള്ള നൂതന പദ്ധതികള്‍ക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഇതിന്റെ ഗുണഫലങ്ങളാണ് കുടുംബശ്രീക്ക് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സമ്മാനിച്ചത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കുടുംബശ്രീയെ തകര്‍ക്കുന്ന ചില നയസമീപനങ്ങള്‍ ഉണ്ടായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്ന കുടുംബശ്രീ മിഷനെ ദുര്‍ബലെപ്പടുത്തുന്നതിനും ശ്രമം നടന്നു. 1400 കോടിയോളം ബാങ്ക് വായ്പയെടുത്തിട്ടുള്ള കുടുംബശ്രീയുടെ തിരിച്ചടയ്ക്കല്‍ശേഷിയെ ബാധിക്കുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചില നീക്കങ്ങളുണ്ടായി. ഇത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നടപ്പാക്കുന്ന സൂക്ഷ്മവായ്പകളെ ബാധിക്കുമോയെന്നുപോലും ആശങ്കയുയര്‍ത്തിയിരുന്നു.

janayugom 050911

1 comment:

  1. ഗുണഭോക്താക്കളുടെ എണ്ണം പരിഗണിച്ചാല്‍ സ്ത്രീശാക്തീകരണ രംഗത്തെ ഏറ്റവും വലിയ പദ്ധതിയായ കുടുംബശ്രീക്ക് 2010-11 അഭിമാനനേട്ടങ്ങളുടെ വര്‍ഷം. കൂടുതല്‍ ഭൂമി കൃഷിയോഗ്യമാക്കാനായി എന്നതാണ് സുപ്രധാന നേട്ടങ്ങളില്‍ ആദ്യത്തേത്. സംസ്ഥാനത്തൊട്ടാകെ 38,054 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുണ്ടാക്കിയതിലൂടെ 24,262.3 ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കാനും 2.07 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാനും കുടുംബശ്രീ സി ഡി എസ്സുകള്‍ക്ക് കഴിഞ്ഞു. ഇതിലൂടെ 297 കോടി രൂപയാണ് ഈ സംഘങ്ങള്‍ക്ക് ലഭിച്ചത്.

    ReplyDelete