Tuesday, September 6, 2011

ലോക്പാല്‍: പാര്‍ലമെന്റിന്റെ പ്രാധാന്യം മാനിക്കണം: അരുണാ റോയ്

ജനലോക്പാല്‍പോലുള്ള നിയമനിര്‍മാണങ്ങള്‍ക്ക് പ്രേരണ ചെലുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെങ്കിലും ഇതുസംബന്ധിച്ച് പാര്‍ലമെന്റിനോട് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന നടപടി ശരിയല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ പ്രസിഡന്റും നാഷണല്‍ കാംപയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഇന്‍ഫര്‍മേഷന്‍ (എന്‍സിപിആര്‍ഐ) ലോക്പാല്‍ ബില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയംഗവുമായ അരുണാറോയ് പറഞ്ഞു.

അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുള്ളതുപോലെ വിയോജിക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശത്തെയും മാനിക്കണം. സംഘടിച്ച് പാര്‍ലമെന്റടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ വരുതിക്കുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് അപകടം വരുത്തിവയ്ക്കുമെന്നും  അരുണാറോയ് പറഞ്ഞു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ലോക്പാല്‍ ബില്‍ സംബന്ധിച്ച് വിവിധ സംഘടനകള്‍ കരടുരൂപങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്‍സിപിആര്‍ഐക്ക് പുറമെ ജന്‍ലോക്പാല്‍, ലോക്‌സക്ത, ബഹുജന്‍ എന്നിവയും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.

ലോക്പാല്‍ സംബന്ധിച്ച ബഹുസ്വരങ്ങളായ അഭിപ്രായങ്ങള്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ്കമ്മിറ്റിയുടെ പരിഗണനയ്ക്കായി ഈമാസം ഏഴിന് എത്തുന്നുണ്ട്. നിയമനിര്‍മാണം സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളുന്നതില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കുള്ള  പ്രാധാന്യത്തെ ജനാധിപത്യ സംഘടനകള്‍ മാനിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തരം നിയമനിര്‍മാണത്തില്‍ പാര്‍ലമെന്റ് വഹിച്ച പങ്കിനെ നിരാകരിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണമെന്നും അരുണാറോയ് പറഞ്ഞു.

പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലിന്റെ കീഴില്‍ കൊണ്ടുവരുമ്പോള്‍തന്നെ പ്രധാനമന്ത്രിയെന്ന നിലയില്‍ ചില സംരക്ഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കേണ്ടതുണ്ട്. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സുപ്രീംകോടതിയുടെ ഡിവിഷന്‍ബെഞ്ചിന്റെ പരിശോധനയ്ക്കുശേഷമായിരിക്കണം അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത്. നീതിന്യായ വ്യവസ്ഥയുടെ സുതാര്യത നിലനിര്‍ത്തുന്നതിന് ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി കമ്മിഷന്‍ രൂപീകരിക്കണം. വിവരാവകാശനിയമത്തിലൂടെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും എന്‍സിപിആര്‍ഐ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി സമഗ്രസംവിധാനങ്ങള്‍  വരുത്തേണ്ടതുണ്ട്. ഇതിനായി പഞ്ചായത്ത്, ബ്ലോക്ക്, വാര്‍ഡ്തലങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം.
പാര്‍ലമെന്റിന്റെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന വാദം കഴമ്പില്ലാത്തതാണ്. അധികാരത്തിലെത്തുന്ന പാര്‍ട്ടികള്‍ അവരുടെ നയപരിപാടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെങ്കിലും നിയമനിര്‍മാണങ്ങള്‍ക്ക് അവര്‍ അടിസ്ഥാനമാക്കുന്നത് ഭരണഘടനയെയാണ്. എന്‍സിപിആര്‍ഐക്കെതിരെ  അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയരുന്നത് തങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമസ്വാധീനം ചെലുത്താത്തതുകൊണ്ടാണെന്നും അരുണാ റോയ് പറഞ്ഞു.

ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യമെങ്ങും ഉയര്‍ന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. എന്നാല്‍ നിയമനിര്‍മാണം സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നതിനുപകരം തമിഴ്‌നാട്ടില്‍ നടത്തുന്നതുപോലുള്ള ആത്മാഹൂതികളും ബാഹ്യപ്രകടനങ്ങളും രാജ്യത്തിന്റെ ഭാവിക്ക് ഗുണംചെയ്യില്ല. പാര്‍ലമെന്റിന്റെ അവകാശങ്ങളും ജനലോക്പാല്‍ അടക്കമുള്ള വിഷയങ്ങളിലും കേരളംപോലുള്ള സംസ്ഥാനത്ത് അഭിപ്രായരൂപീകരണം നടക്കേണ്ടതുണ്ട്. ഏതുവിഷയത്തിലും ഗുണപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന കേരള മാതൃക ഇക്കാര്യത്തിലും വേണമെന്നും അരുണാ റോയ് ആവശ്യപ്പെട്ടു.

ദേശീയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറി ആനിരാജ, എന്‍സിപിആര്‍ഐ ലോക്പാല്‍ കമ്മിറ്റിയംഗം നിഖില്‍ദേ, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ആര്‍ ലതാദേവി, സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, ജില്ലാസെക്രട്ടറി എസ് ശ്രീകുമാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 060911

1 comment:

  1. ജനലോക്പാല്‍പോലുള്ള നിയമനിര്‍മാണങ്ങള്‍ക്ക് പ്രേരണ ചെലുത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെങ്കിലും ഇതുസംബന്ധിച്ച് പാര്‍ലമെന്റിനോട് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന നടപടി ശരിയല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ പ്രസിഡന്റും നാഷണല്‍ കാംപയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഇന്‍ഫര്‍മേഷന്‍ (എന്‍സിപിആര്‍ഐ) ലോക്പാല്‍ ബില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയംഗവുമായ അരുണാറോയ് പറഞ്ഞു.

    ReplyDelete