Thursday, September 22, 2011

മോഡിയുടെ ഫാസിസത്തിനെതിരെ പോരാട്ടം തുടരും: മല്ലിക

കോഴിക്കോട്: നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് പ്രവണതക്കും ജനാധിപത്യവിരുദ്ധതക്കുമെതിരായ പോരാട്ടം തുടരുമെന്ന് സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായ് പറഞ്ഞു. മോഡിയുടെ കാപട്യം തുറന്നുകാട്ടിയുള്ള പ്രവര്‍ത്തനത്തില്‍ പ്രതിബന്ധങ്ങളും എതിര്‍പ്പുകളും പ്രശ്നമല്ല. നീതിക്കായാണ് സമരം. അത് തുടരുകതന്നെ ചെയ്യും. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

മോഡിയുടെ ഭരണത്തില്‍ ഗുജറാത്ത് വികസിച്ചുവെന്ന പ്രചാരണം തട്ടിപ്പാണ്. അഴിമതിയും അയിത്തവും അനീതിയുമാണ് ഇന്നും ഗുജറാത്തിന്റെ മുഖമുദ്ര. ജനപിന്തുണയില്ലാത്ത ഭരണമാണ് മോഡിയുടേത്. ഒരു മൂന്നാംബദലില്ലാത്തതാണ് ഗുജറാത്തിന്റെ പ്രശ്നം. ഇഷ്ടമില്ലാത്തതിനെതിരായി പ്രതികരിക്കാനും വേണ്ടെന്നും പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കണമെന്ന് കോളേജ് വിദ്യാര്‍ഥിനികളുമായുള്ള മുഖാമുഖത്തില്‍ മല്ലിക സാരാഭായ് പറഞ്ഞു. അനീതി കണ്ടാല്‍ രക്ഷിതാക്കളോടും അധ്യാപകരോടും "നോ" എന്നും പറയാന്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാകണം. അനുസരണയുള്ള ജീവികളായി വളരേണ്ടവരല്ല, ആവശ്യങ്ങളും ഇഷ്ടങ്ങളും ധൈര്യപൂര്‍വം പ്രകടിപ്പിക്കാനുള്ള തന്റേടമാണ് സ്വന്തമാക്കേണ്ടത്. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ആവിഷ്കരിച്ച കര്‍മപരിപാടിയുടെ ഭാഗമായി കുട്ടികളോട് സംസാരിക്കുകയായിരുന്നു അവര്‍ .

സ്ത്രീകള്‍ക്കെതിരായ അതിക്രമവും അതിനോടുള്ള അവബോധവും ചിത്രീകരിച്ച ഉണര്‍ത്തുപാട്ട് എന്ന ഡോക്യുമെന്ററിയുമായാണ് മല്ലിക എത്തിയത്. ബുധനാഴ്ച കോഴിക്കോട്ട് ഇരുനൂറ് വിദ്യാര്‍ഥിനികള്‍ മല്ലികയുമായുള്ള മുഖാമുഖം പരിപാടിക്കെത്തി. ഗുരുവായൂരപ്പന്‍ , പ്രൊവിഡന്‍സ്, എംഇഎസ്, ദയാപുരം, കെഎംസിടി വനിതാകോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. അടുത്തദിവസം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ക്യാമ്പസുകളില്‍ കൂടിക്കാഴ്ച നടത്തും.

deshabhimani 220911

1 comment:

  1. മോഡിയുടെ ഭരണത്തില്‍ ഗുജറാത്ത് വികസിച്ചുവെന്ന പ്രചാരണം തട്ടിപ്പാണ്. അഴിമതിയും അയിത്തവും അനീതിയുമാണ് ഇന്നും ഗുജറാത്തിന്റെ മുഖമുദ്ര. ജനപിന്തുണയില്ലാത്ത ഭരണമാണ് മോഡിയുടേത്. ഒരു മൂന്നാംബദലില്ലാത്തതാണ് ഗുജറാത്തിന്റെ പ്രശ്നം. ഇഷ്ടമില്ലാത്തതിനെതിരായി പ്രതികരിക്കാനും വേണ്ടെന്നും പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കണമെന്ന് കോളേജ് വിദ്യാര്‍ഥിനികളുമായുള്ള മുഖാമുഖത്തില്‍ മല്ലിക സാരാഭായ് പറഞ്ഞു.

    ReplyDelete