Tuesday, September 6, 2011

കാര്‍ഷികവികസന ബാങ്കുകളെ തകര്‍ക്കുന്ന നടപടി അവസാനിപ്പിക്കണം: സിപിഐ എം

കാര്‍ഷിക വികസനബാങ്കുകളെ തകര്‍ക്കുന്ന ഓര്‍ഡിനന്‍സ് ഭരണനടപടികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പതിനേഴ് താലൂക്കുകളിലെ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ബാങ്കുകള്‍ രൂപീകരിച്ചപ്പോള്‍ ആസ്തി ബാധ്യതകള്‍ പങ്കുവച്ചില്ലെന്ന തൊടുന്യായം ചൂണ്ടിക്കാട്ടി രജിസ്ട്രേഷന്‍ റദ്ദാക്കി. 12 വര്‍ഷംമുമ്പ് രൂപീകരിച്ച ബാങ്കുകളാണ് ഇവ. ഒരു പ്രദേശത്ത് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനത്തിന്റെ ആസ്തിബാധ്യത കണക്കിലെടുത്തശേഷംവേണം അവിടെ പുതിയ സഹകരണസ്ഥാപനം രൂപീകരിക്കാനെന്ന് വ്യവസ്ഥയില്ല. ഓര്‍ഡിനന്‍സിലൂടെ ഈ വ്യവസ്ഥ അടിച്ചേല്‍പ്പിച്ചാണ് ബാങ്ക് ഭരണം പിടിക്കാനുള്ള രാഷ്ട്രീയ അജന്‍ഡയുമായി യുഡിഎഫ് സര്‍ക്കാര്‍ രംഗത്തുവന്നത്.

സംസ്ഥാന കാര്‍ഷികബാങ്കിനെ തകര്‍ക്കാനും പ്രാഥമിക കാര്‍ഷികബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കാനുമുള്ള വിവേകശൂന്യമായ നടപടിയാണ് ഒന്നിനുപിറകെ ഒന്നായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ബാങ്കിനെ ആശ്രയിക്കുന്ന കര്‍ഷകരെ ദ്രോഹിക്കുന്നതാണ്. ഏതാനും വര്‍ഷമായി സംസ്ഥാന കാര്‍ഷിക വികസനബാങ്ക് നല്ല പ്രവര്‍ത്തന പുരോഗതിയാണ് ആര്‍ജിച്ചത്. 2009 മെയ് 23ന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷമുള്ള ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ സ്ഥാപനം അതീവഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. അത് തരണംചെയ്യാനും 2009-10 സാമ്പത്തികവര്‍ഷം 17.50 കോടി രൂപ ലാഭം നേടാനും പ്രാഥമിക ബാങ്കുകള്‍ക്ക് 13.5 ശതമാനം ലാഭവിഹിതം നല്‍കാനും കഴിഞ്ഞു. ഈ പുരോഗതി തകര്‍ക്കുന്നതിനുള്ള നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സഹകരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് മാനേജിങ് ഡയറക്ടറുടെ ചുമതല നല്‍കി ഭരണം സര്‍ക്കാര്‍ നേരിട്ട് നടത്തുകയാണ്. ബാങ്ക് പ്രസിഡന്റ് അറിയാതെ ഭരണസമിതിയോഗം വിളിക്കുക, പ്രസിഡന്റിന്റെ അറിവോ അനുമതിയോ ഇല്ലാതെ അജന്‍ഡ തയ്യാറാക്കുക, പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതിയോഗം പിരിഞ്ഞശേഷം ഒരുവിഭാഗം ഭരണസമിതി അംഗങ്ങള്‍ സമാന്തരമായി യോഗം ചേര്‍ന്ന് ദോഷകരമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുക തുടങ്ങിയ സഹകരണമേഖലയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ ആശീര്‍വാദത്തോടെ നടപ്പാക്കുന്നത്. ഇതിനുള്ള പശ്ചാത്തലസൗകര്യം ഉറപ്പിക്കാന്‍ എല്ലാ മാനണ്ഡവും കാറ്റില്‍പ്പറത്തി ജീവനക്കാരെ സ്ഥലംമാറ്റി. സഹകരണ ജനാധിപത്യം കശാപ്പുചെയ്യുകയും സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു.

deshabhimani 060911

1 comment:

  1. കാര്‍ഷിക വികസനബാങ്കുകളെ തകര്‍ക്കുന്ന ഓര്‍ഡിനന്‍സ് ഭരണനടപടികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പതിനേഴ് താലൂക്കുകളിലെ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ബാങ്കുകള്‍ രൂപീകരിച്ചപ്പോള്‍ ആസ്തി ബാധ്യതകള്‍ പങ്കുവച്ചില്ലെന്ന തൊടുന്യായം ചൂണ്ടിക്കാട്ടി രജിസ്ട്രേഷന്‍ റദ്ദാക്കി. 12 വര്‍ഷംമുമ്പ് രൂപീകരിച്ച ബാങ്കുകളാണ് ഇവ. ഒരു പ്രദേശത്ത് നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനത്തിന്റെ ആസ്തിബാധ്യത കണക്കിലെടുത്തശേഷംവേണം അവിടെ പുതിയ സഹകരണസ്ഥാപനം രൂപീകരിക്കാനെന്ന് വ്യവസ്ഥയില്ല. ഓര്‍ഡിനന്‍സിലൂടെ ഈ വ്യവസ്ഥ അടിച്ചേല്‍പ്പിച്ചാണ് ബാങ്ക് ഭരണം പിടിക്കാനുള്ള രാഷ്ട്രീയ അജന്‍ഡയുമായി യുഡിഎഫ് സര്‍ക്കാര്‍ രംഗത്തുവന്നത്.

    ReplyDelete