Thursday, September 1, 2011

ഗ്വാട്ടിമാലയിലെ യുഎസ് രോഗപരീക്ഷണം ഹീനം

വാഷിങ്ടണ്‍ : ആറുപതിറ്റാണ്ടുമുമ്പ് അമേരിക്കന്‍ സര്‍ക്കാര്‍ ഗവേഷകരുടെ ലൈംഗികരോഗപരീക്ഷണത്തിന് ഇരയായ ഗ്വാട്ടിമാലക്കാരില്‍ 83 പേര്‍ അധികം വൈകാതെ മരിച്ചതായി കണ്ടെത്തല്‍ . തീര്‍ത്തും അധാര്‍മികമാണെന്ന അറിവോടെയാണ് അമേരിക്കന്‍ ഗവേഷകര്‍ ഗ്വാട്ടിമാലന്‍ തടവുകാരിലും മനോരോഗികളിലും സിഫിലിസ്, ഗൊണേറിയ, ഷാങ്ക്രോയ്ഡ് തുടങ്ങിയ ലൈംഗികരോഗങ്ങള്‍ സൃഷ്ടിച്ചതെന്നും പ്രസിഡന്‍ഷ്യല്‍ കമീഷന്‍ കണ്ടെത്തി.

അമേരിക്കന്‍ ഗവേഷകര്‍ 1946-48 കാലത്ത് ഗ്വാട്ടിമാലക്കാരില്‍ മാരകലൈംഗികരോഗപരീക്ഷണം നടത്തിയെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബൈയാണ് ലോകത്തെ അറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ബറാക് ഒബാമ നിയോഗിച്ച കമീഷനാണ് അമേരിക്കന്‍ ഗവേഷകര്‍ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് കണ്ടെത്തിയത്. കമീഷന്റെ കണ്ടെത്തല്‍ അടുത്ത മാസം പുറത്തുവിട്ടേക്കും. ഇതിനു മുന്നോടിയായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പരസ്യ തെളിവെടുപ്പ് നടന്നു.

1932 മുതല്‍ 72 വരെ അലബാമയിലെ കറുത്ത വംശജരായ ദരിദ്രകര്‍ഷകരില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ സിഫിലിസ് പരീക്ഷണം നടത്തിയത് സംബന്ധിച്ചുള്ള ടസ്കജി സിഫിലിസ് പരീക്ഷണത്തെക്കുറിച്ച് ഗവേഷണത്തിനിടെയാണ് ഗ്വാട്ടിമാലയില്‍ നടത്തിയ ക്രൂരപരീക്ഷണം സൂസന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗ്വാട്ടിമാലയിലെ ഏകദേശം 5500 തടവുകാരെയും മനോരോഗികളെയും കുട്ടികളെയും സൈനികരെയുമാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ രോഗപഠനത്തിനായി കണ്ടെത്തിയത്. ഇവരില്‍ 1300 പേരെയാണ് അവരുടെ അറിവില്ലാതെ ലൈംഗികരോഗബാധയ്ക്ക് വിധേയരാക്കിയത്. രോഗബാധിതരായ ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ചും നേരിട്ട് രോഗാണുക്കള്‍ കുത്തിവച്ചുമാണ് ഇവര്‍ക്ക് രോഗമുണ്ടാക്കിയത്. ലൈംഗികരോഗ ചികിത്സയില്‍ പെനിസിലിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കാനായിരുന്നു ഈ പരീക്ഷണം. എന്നാല്‍ , എഴുനൂറോളം പേര്‍ക്ക് മാത്രമാണ് എന്തെങ്കിലും ചികിത്സ നല്‍കിയത്.

ഗ്വാട്ടിമാലക്കാരില്‍ ലൈംഗികരോഗങ്ങളുണ്ടാക്കി പരീക്ഷണം നടത്തിയത് അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ആമി ഗുട്മാന്റെ നേതൃത്വത്തിലുള്ള കമീഷന്‍ കണ്ടെത്തി. പരീക്ഷണത്തിന് ഇരയാക്കിയവരില്‍നിന്നും അമേരിക്കയിലെയും ഗ്വാട്ടിമാലയിലെയും ശാസ്ത്രസമൂഹത്തില്‍നിന്നും ഗവേഷകര്‍ തങ്ങളുടെ പ്രവൃത്തി ബോധപൂര്‍വം മറച്ചുവച്ചു. അധാര്‍മികമായ പരീക്ഷണങ്ങളാണ് എന്നറിഞ്ഞുകൊണ്ടുതന്നെ ഗവേഷകര്‍ അത് നടത്തിയതായി കമീഷന്‍ അംഗമായ ആന്ധ്രപ്രദേശ് സ്വദേശി രാജു കുച്ചെര്‍ലാപട്ടി പറഞ്ഞു. അതാണ് കുറ്റകരമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ അധ്യാപകന്‍കൂടിയായ രാജു പറഞ്ഞു. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ പരീക്ഷണവിവരം പുറത്തായപ്പോള്‍ ഗ്വാട്ടിമാലാ പ്രസിഡന്റ് ആല്‍വാരോ കൊളോം തുറന്നടിച്ചത്. പ്രസിഡന്റ് ഒബാമ ഗ്വാട്ടിമാലയോട് ക്ഷമാപണം നടത്തി.

deshabhimani 010911

1 comment:

  1. ആറുപതിറ്റാണ്ടുമുമ്പ് അമേരിക്കന്‍ സര്‍ക്കാര്‍ ഗവേഷകരുടെ ലൈംഗികരോഗപരീക്ഷണത്തിന് ഇരയായ ഗ്വാട്ടിമാലക്കാരില്‍ 83 പേര്‍ അധികം വൈകാതെ മരിച്ചതായി കണ്ടെത്തല്‍ . തീര്‍ത്തും അധാര്‍മികമാണെന്ന അറിവോടെയാണ് അമേരിക്കന്‍ ഗവേഷകര്‍ ഗ്വാട്ടിമാലന്‍ തടവുകാരിലും മനോരോഗികളിലും സിഫിലിസ്, ഗൊണേറിയ, ഷാങ്ക്രോയ്ഡ് തുടങ്ങിയ ലൈംഗികരോഗങ്ങള്‍ സൃഷ്ടിച്ചതെന്നും പ്രസിഡന്‍ഷ്യല്‍ കമീഷന്‍ കണ്ടെത്തി.

    ReplyDelete