Thursday, September 1, 2011

പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല:പിണറായി

കണ്ണൂര്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നിശ്ചിത അജന്‍ഡവച്ചുള്ള കൂടിക്കാഴ്ചയായിരുന്നില്ല നടന്നത്. അവരുടെ ചില ധാരണകള്‍ സംബന്ധിച്ച പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണുണ്ടായത്. വാര്‍ത്തകളുണ്ടാക്കി പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്ന് കരുതുന്നവര്‍ ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലത്.

യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെയും പാര്‍ടി ഭാരവാഹികളെയും കാണാറുണ്ട്. കാണണമെന്ന് അങ്ങോട്ടുപറഞ്ഞതല്ല. സാധാരണ സൗഹൃദസന്ദര്‍ശനത്തിന് അവര്‍ സമയം ചോദിച്ചു. ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. സംസാരിക്കുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. എം എ ബേബിയെയും തോമസ് ഐസക്കിനെയും കണ്ടത് വേവ്വേറെയാണ്. സംസാരം അവരുടെ രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് നീണ്ടു. അവരുടെ രാജ്യത്തോടല്ല, അമേരിക്കയുടെ നയങ്ങളോടാണ് എതിര്‍പ്പെന്ന് വ്യക്തമാക്കി. കേരളത്തില്‍ ആ എതിര്‍പ്പിന്റെ മുന്‍പന്തിയില്‍ പാര്‍ടിയാണ്. ആയിരങ്ങളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ആക്രമണോത്സുക നയങ്ങള്‍ മാറാത്തിടത്തോളം എതിര്‍പ്പ് തുടരുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായങ്ങള്‍ ഇവിടെ വരാന്‍ സമ്മതിക്കുന്നില്ല, കൊക്കക്കോള കമ്പനി പൂട്ടിച്ചു എന്നും അവര്‍ പറഞ്ഞു. എതിര്‍പ്പ് അമേരിക്കന്‍ കമ്പനി ആയതുകൊണ്ടല്ല; കൊക്കക്കോള ഇവിടെയുണ്ടാക്കിയ പ്രശ്നങ്ങള്‍കൊണ്ടാണെന്ന് വ്യക്തമാക്കി. ഒരു പ്രദേശത്തെ വെള്ളം മുഴുവന്‍ ഊറ്റി. വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടായി. ജനങ്ങളുടെ എതിര്‍പ്പ് വളര്‍ന്നു. ഞങ്ങള്‍ അതിന്റെ മുന്നില്‍നിന്നു. സംസ്ഥാന വ്യാപകമായി ആ പ്രശ്നം ഏറ്റെടുത്തു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ വാഗ്വാദത്തിനൊന്നും മുതിര്‍ന്നില്ല. അങ്ങനെയെങ്കില്‍ ഞങ്ങളുടെ വ്യവസായം വരുന്നതിന് നിങ്ങള്‍ തടസ്സമാകില്ലല്ലോ എന്നായി അവര്‍ . അനുവദനീയ മേഖലകളില്‍ പണം നിക്ഷേപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഐടിയിലും മറ്റു മേഖലകളിലും സാധ്യതകളുണ്ട്.

വി എസുമായി അവര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചികിത്സയിലായിരുന്നതിനാല്‍ ഒരുഘട്ടത്തില്‍ കണ്ടില്ല; പിന്നീട് കണ്ടു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നത് കാര്യങ്ങളെ ദുരുദ്ദേശ്യപരമായി സമീപിക്കുന്നതിനാലാണ്. വിക്കിലീക്സ് രേഖകള്‍ പാര്‍ടിയെ വിഷമത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതായി കരുതുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ? അമേരിക്കയുമായുള്ള സഹകരണത്തിന് തുടക്കം കുറിക്കലായി ഈ ചര്‍ച്ചയെ കാണാനാകുമോ : ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ഇങ്ങനെ ചോദിക്കുന്നത് ഉലക്കയില്‍നിന്ന് പാന്തം (നാര്) പൊളിക്കാന്‍ ശ്രമിക്കലാണ്. അതു നടക്കില്ല. ? കൂടിക്കാഴ്ച പാര്‍ടിയില്‍ ചര്‍ച്ചചെയ്തോ : ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്. അവരോടു പറഞ്ഞത് പാര്‍ടികാര്യങ്ങളെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും പറയാവുന്നതാണ്. പ്രത്യേക ചര്‍ച്ച ആവശ്യമില്ല. ? ഈ വിവരങ്ങള്‍ പുറത്തുവന്നതില്‍ കേന്ദ്രത്തിന് പങ്കുണ്ടോ : അങ്ങനെ കരുതുന്നില്ല. വിക്കിലീക്സ് രേഖകള്‍ നേരത്തെ മുതല്‍ പുറത്തുവരുന്നതല്ലേ. വെളിപ്പെടുത്തലുകള്‍ ഏറ്റവുമേറെ വിഷമിപ്പിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരട്ടെ. ? പാര്‍ടിക്കകത്തെ പ്രശ്നങ്ങള്‍ തോമസ് ഐസക് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുവെന്ന വാര്‍ത്തകളുണ്ടല്ലോ : മാന്യത കാത്തുസൂക്ഷിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. ഒരാളെ ഏറ്റവും മോശക്കാരനായി ചിത്രീകരിക്കാനുള്ള ഈ ശ്രമം മാന്യതയ്ക്കു ചേര്‍ന്നതല്ല. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംബന്ധിച്ചു.

പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്നത് മാധ്യമങ്ങളുടെ ദിവാസ്വപ്നം: പിണറായി

കണ്ണൂര്‍ : വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പേരില്‍ സിപിഐ എമ്മിനെ അടിക്കാനുള്ള വടികിട്ടിയെന്ന മട്ടില്‍ കേരളത്തിലെ ചില ചര്‍ച്ചാവിദഗ്ധര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്ന് ദിവാസ്വപ്നം കാണുകയാണ് മാധ്യമങ്ങള്‍ . ഇതില്‍ നിന്ന് പാര്‍ടിയും സമൂഹവും ഒരു പാഠം പഠിക്കേണ്ടതുണ്ട്. സിപിഐ എമ്മിനെതിരെ എന്തില്‍നിന്നും വാര്‍ത്തയുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുമെന്നതാണ് ഈ പാഠം. ഇക്കാര്യത്തില്‍ സിപിഐ എമ്മിനേക്കാള്‍ ജാഗ്രത മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമുണ്ടെന്ന് തിരിച്ചറിയണം- പിണറായി പറഞ്ഞു. മാവിലായിയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നിര്‍മിച്ച എ കെ ജി ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

അമേരിക്കയുടെ കോണ്‍സുലേറ്റര്‍മാര്‍ അവരുടെ നയതന്ത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി താനുള്‍പ്പെടെയുള്ള നേതാക്കളെ കണ്ടിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം സിപിഐ എമ്മിന്റെ നയമാണ് വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കെതിരെ പാര്‍ടി അണികള്‍ ജാഗ്രതയോടെ നില്‍ക്കണം. വിവാദങ്ങളുണ്ടാക്കി പാര്‍ടിയില്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിത്തീരും. വന്‍കിട കോര്‍പറേറ്റ് മാധ്യമങ്ങളും അഴിമതിക്കാരും ഭരണനേതൃത്വവുമൊക്കെ ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയില്‍ നടമാടുന്നത്. ലോക്പാല്‍ ബില്ലിനായി ആദ്യമായി ആവശ്യമുന്നയിച്ചത് അണ്ണ ഹസാരെയാണ് എന്ന മട്ടിലാണ് മാധ്യമപ്രചരണം. ദശാബ്ദങ്ങളായി ഇടതുപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ലോക്പാലെന്നത് മൂടിവയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയിലാണ് ബാബാരാംദേവിന്റേയും ഹസാരെയുടെയും സമരത്തെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടതെന്നും പിണറായി പറഞ്ഞു.

deshabhimani 010911

2 comments:

  1. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നിശ്ചിത അജന്‍ഡവച്ചുള്ള കൂടിക്കാഴ്ചയായിരുന്നില്ല നടന്നത്. അവരുടെ ചില ധാരണകള്‍ സംബന്ധിച്ച പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണുണ്ടായത്. വാര്‍ത്തകളുണ്ടാക്കി പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്ന് കരുതുന്നവര്‍ ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലത്.

    ReplyDelete
  2. വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി തീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സഹായിക്കുന്നുണ്ടെന്ന് എം കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ് ചാത്തലത്തില്‍ ഇരുവരും മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ . അല്‍ -ക്വയ്ദയോട് സാമ്യമുള്ള തീവ്രവാദപ്രസ്ഥാനമാണ് എന്‍ഡിഎഫ്. ഇത്തരത്തിലുള്ള സംഘടനയെ കുഞ്ഞാലിക്കുട്ടി സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തെന്ന യുഡിഎഫ് മന്ത്രിസഭയിലെ അംഗവും ലീഗ് നേതാവുമായ മുനീറിന്റെ ആരോപണം ഗൗരവമുള്ള വിഷയമാണ്. ഇത്തരം ഗൗരവമുള്ള ആരോപണം വിദേശപ്രതിനിധികളോട് പറയുന്നതിന് മുന്‍പ് ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളെയാണ് മുനീര്‍ അറിയിക്കേണ്ടിയിരുന്നത്. ഇത് ചെയ്യാത്തതുകൊണ്ടാണ് മുനീറിന്റെ രാജി ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ രേഖയിലുള്ള കാര്യമാണ് വിദേശപ്രതിനിധികളുമായി താന്‍ സംസാരിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മനോരമ അത് തെറ്റായരീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം പാര്‍ട്ടി രേഖകള്‍ മനോരമ തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete