വോട്ടിന് കോഴ: അമര്‍സിങ്ങ് ജയിലില്‍
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന് വിശ്വാസം നേടാന്‍ വോട്ടിന് കോഴ നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയനായ സമാജ്വാദി പാര്‍ട്ടി എംപി അമര്‍സിങ്ങിനെ അറസ്റ്റുചെയ്തു ജയിലിലടച്ചു. സിങ്ങിന്റെ അപേക്ഷയില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അമര്‍സിങ്ങിന് കോഴയുമായി നേരിട്ടു ബന്ധമുണ്ടെന്ന് കണ്ടാണ് കോടതി ജാമ്യം നിരസിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ മാസം 19 വരെ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുവാനും കോടതി ഉത്തരവിട്ടു.
ബിജെപിയുടെ രണ്ട് മുന്‍ എംപിമാരും അറസ്റ്റിലായി. ഭഗന്‍സിങ്ങ് കുലത്സെ, മഹാവീര്‍ ഭഗോഡ എന്നിവരാണ് അറസ്റ്റിലായ മുന്‍ ബിജെപി എംപി മാര്‍ . ചൊവ്വാഴ്ച രാവിലെ അസുഖം മൂലം ഹാജരാകാനാകില്ലെന്ന് അമര്‍സിങ്ങിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നുവെങ്കിലും ഉച്ചക്ക് 12.30ന് കോടതിയില്‍ ഹാജരായി ജ്യാമ്യാപേക്ഷ നല്‍കി. തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ കോടതിയുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അമര്‍സിങ്ങ് പറഞ്ഞിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ സമര്‍പ്പിക്കണം: ഹൈക്കോടതി
മുംബൈ: ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശം സമര്‍പ്പിക്കാന്‍ സിബിഐക്ക് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. ആദര്‍ശ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നറിയുന്നതിനുവേണ്ടിയാണിത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കേട്ടശേഷമാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ദേശായി, ആര്‍ ജി കേത്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ഒക്ടോബര്‍ മൂന്നിനുമുമ്പ് വിശദാംശങ്ങള്‍ കോടതിക്ക് സമര്‍പ്പിക്കണം. ആദര്‍ശ് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗത്തിലാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. 103 അംഗങ്ങളും ഫ്ളാറ്റിനായി എത്ര പണം വീതം നല്‍കി എന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കണം.
2ജി: ട്രായ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തുന്ന ട്രായ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ട്രായ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് നിര്‍ദേശിച്ചു.
ട്രായ് റിപ്പോര്‍ട്ട് വകുപ്പുതലത്തിലുള്ള ആശയവിനിമയമാണെന്നും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സിബിഐ അറിയിച്ചു. 2ജി ഇടപാട് ഖജനാവിന് നഷ്ടം വരുത്തിയില്ലെന്ന നിലപാടിലാണ് ട്രായ് എത്തിയതെന്ന് പത്രവാര്‍ത്ത ഉദ്ധരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി കോടതിയില്‍ പറഞ്ഞു. യൂണിടെക്ക് എംഡി സഞ്ജയ് ചന്ദ്രശേഖറിനു വേണ്ടി ഹാജരായപ്പോഴാണ് ജെത്മലാനി ട്രായ് റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരത്തില്‍ റിപ്പോര്‍ട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അത് പൊതുരേഖയല്ലെന്നും രഹസ്യറിപ്പോര്‍ട്ടാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരെന്‍ റാവെല്‍ പറഞ്ഞു. പത്രങ്ങള്‍ക്ക് കിട്ടാമെങ്കില്‍ പിന്നെ എന്തുകൊണ്ട് റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചുകൂടെന്ന് കോടതി ചോദിച്ചു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് സിബിഐ അറിയിച്ചു.
ടൈറ്റാനിയം കേസ് തുടരാം; പ്രത്യേക അന്വേഷണമില്ല
ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. നിലവിലുള്ള അന്വേഷണം തുടരാമെന്നും പുതിയൊരു അന്വേഷണം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുവരെക്കുറിച്ചുമുള്ള കൂടുതല്‍ തെളിവുകള്‍ ലഭ്യമായാല്‍ അന്വേഷണ സംഘത്തിനു കൈമാറാമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാത്തപക്ഷം പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാം.
മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രനും ടൈറ്റാനിയത്തിലെ മാലിന്യ നിര്‍മാര്‍ജനപ്ലാന്റ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്കും പങ്കുണ്ടെന്ന് രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഐസ്ക്രീം കേസ് അട്ടിമറി: കേസ് ഡയറി 22ന് ഹാജരാക്കണം
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ്ഡയറി ഈ മാസം 22ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും താനും ചേര്‍ന്ന് സാക്ഷികള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയെന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചെന്ന് വി എസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും ഡല്‍ഹിഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദ്ര സച്ചാര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടും റൗഫിന്റെ മൊഴിയും ഡിവിഷന്‍ബെഞ്ച് വിശദമായി പരിശോധിച്ചു.
കേസില്‍ 80 സാക്ഷികളെ ഇതുവരെ ചോദ്യംചെയ്തെന്നും 50 രേഖകള്‍ പിടിച്ചെടുത്തെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ബോധിപ്പിച്ചു. ഹര്‍ജിക്കാരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പ്രത്യേക സംഘത്തെ നിയമിച്ചതെന്നും പുതിയ സര്‍ക്കാര്‍ അന്വേഷണസംഘത്തെ മാറ്റിയിട്ടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. 42 സാക്ഷികളെ ചോദ്യംചെയ്തത് മുന്‍ സര്‍ക്കാരിന്റെ കാലത്താണെന്നും എജി ബോധിപ്പിച്ചു. മുന്‍ മുഖ്യമന്ത്രിതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതുകൊണ്ടാണ് കേസ് ശ്രദ്ധ പിടിച്ചുപറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.
പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ പി വിജയന്‍ , ഡിവൈഎസ്പി ജയ്സണ്‍ കെ എബ്രഹാം എന്നിവര്‍ കോടതിയില്‍ ഹാജരായി. വി എസിനുവേണ്ടി സച്ചാറിനുപുറമെ സുപ്രീംകോടതിയില്‍ കേരളത്തിന്റെ അഭിഭാഷകനായിരുന്ന അഡ്വ. ആര്‍ സതീശ്, അഡ്വ. ഡി അനില്‍കുമാര്‍ എന്നിവരും ഹാജരായി.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി
തൃശൂര്‍ : വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയാണ് കോടതി തള്ളിയത്.നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സെക്രട്ടറി അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരത്തടക്കം കുഞ്ഞാലിക്കുട്ടിക്ക് ബിനാമിപേരില്‍ സ്വത്തുണ്ടെന്ന് കാട്ടിയാണ് പരാതി കൊടുത്തിരുന്നത്.
ദേശാഭിമാനിയില്‍ നിന്ന്
വാര്‍ത്തകള്‍ - വോട്ടിനു കോഴ, ആദര്‍ശ്, ടൈറ്റാനിയം, ഐസ്ക്രീം...
ReplyDelete