Saturday, September 3, 2011

വോട്ട്കോഴ: പണത്തിന്റെ ഉറവിടം കണ്ടെത്തണം- സുപ്രീം കോടതി

ഒന്നാം യുപിഎ സര്‍ക്കാര്‍ 2008ല്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ എംപിമാരെ വിലയ്ക്കെടുക്കാന്‍ ഉപയോഗിച്ച കോഴപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ പ്രത്യേക കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ധനസ്രോതസ്സ് കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ബിജെപി എംപിമാര്‍ക്ക് കൈമാറിയ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ ഡല്‍ഹി പൊലീസിനെ രണ്ടാംതവണയാണ് സുപ്രീംകോടതി വിമര്‍ശിക്കുന്നത്. കേസ് വെള്ളിയാഴ്ച പരിഗണനയ്ക്ക് വന്നപ്പോള്‍ കോടതി ഉന്നയിച്ച ആദ്യ ചോദ്യം പണത്തിന്റെ ഉറവിടം എന്തുകൊണ്ട് കണ്ടെത്തുന്നില്ല എന്നായിരുന്നു. തങ്ങള്‍ നേരത്തെ പറഞ്ഞത് പൊലീസ് ഇപ്പോഴും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഫ്താബ് അലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഈ വിഷയത്തില്‍ പൊലീസ് ശ്രദ്ധയൂന്നണമെന്ന് കോടതി ആവര്‍ത്തിച്ചു. ബന്ധപ്പെട്ട ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസില്‍ ഇനി സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടാവില്ലെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേസ് കേള്‍ക്കുന്ന ക്രിമിനല്‍ കോടതിയാണ് ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത്. ആരൊക്കെ ഏതൊക്കെ തരത്തില്‍ പണമിടപാടില്‍ ഉള്‍പ്പെട്ടുവെന്നതൊക്കെ വിചാരണക്കോടതി പരിശോധിക്കേണ്ട കാര്യമാണ്- സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി കേസ് തുടര്‍ന്നും നിരീക്ഷിക്കണമെന്ന് വോട്ടുകോഴ വിവാദത്തില്‍ ഹര്‍ജിക്കാരനായ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ അഭ്യര്‍ഥിച്ചു. ഹര്‍ജി അവസാനിപ്പിക്കരുതെന്നും കേസ് കോടതിയുടെ പരിഗണനയില്‍തന്നെ തുടരണമെന്നും ലിങ്ദോ അഭ്യര്‍ഥിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസ് തുടരേണ്ടതില്ലെന്നും ഹര്‍ജിക്കാരന് ഏതു ഘട്ടത്തിലും ഇടപെടല്‍ ആവശ്യപ്പെട്ട് സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസന്വേഷണം നാലാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കാമെന്ന ഉറപ്പ് ഈ ഘട്ടത്തില്‍ ഡല്‍ഹി പൊലീസ് നല്‍കി.

2008 ജൂലൈ 22ന് ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ ദിവസമാണ് വോട്ടുകോഴ വിവാദത്തിന് തുടക്കമായത്. കൂറുമാറി വോട്ടുചെയ്യാന്‍ തങ്ങള്‍ കൈപ്പറ്റിയ പണം മൂന്ന് ബിജെപി എംപിമാര്‍ ലോക്സഭയില്‍ പ്രദര്‍ശിപ്പിച്ചു. സ്പീക്കറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തെങ്കിലും 2009 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും യുപിഎ അധികാരത്തില്‍ വന്നതോടെ അന്വേഷണം മരവിച്ചു. ഡല്‍ഹി പൊലീസ് കേസ് മുക്കിയതായി ആരോപിച്ച് ലിങ്ദോ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പ്രശ്നം വീണ്ടും സജീവമായത്.
പൊലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സൊഹൈല്‍ ഹിന്ദുസ്ഥാനി, അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് കുല്‍ക്കര്‍ണി എന്നിവരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. സുപ്രീംകോടതി ഇതില്‍ തൃപ്തരായില്ല. പൊലീസ് ആരെയോ ഭയക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി പണത്തിന്റെ ഉറവിടം കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് അമര്‍സിങ്ങിനെയും മറ്റും പൊലീസ് കേസില്‍ പ്രതിചേര്‍ത്തു. എന്നാല്‍ ,അഹമ്മദ് പട്ടേല്‍ അടക്കം സംഭവത്തില്‍ പങ്കാളികളായ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ല.

deshabhimani 030911

1 comment:

  1. ഒന്നാം യുപിഎ സര്‍ക്കാര്‍ 2008ല്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ എംപിമാരെ വിലയ്ക്കെടുക്കാന്‍ ഉപയോഗിച്ച കോഴപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ പ്രത്യേക കോടതിയില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ധനസ്രോതസ്സ് കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

    ReplyDelete