Tuesday, September 20, 2011

എന്തൊരു സുന്ദര കോണ്‍ഗ്രസ്

രാജ്യത്തെ റേറ്റിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ടിയാണത്രെ. ജനസേവന റിയാലിറ്റി ഷോയില്‍ ഉമ്മന്‍ചാണ്ടിയുടെയും മന്‍മോഹന്റെയും പ്രകടനം കണ്ട് ജനങ്ങള്‍ കൂട്ടം കൂട്ടമായി കോണ്‍ഗ്രസിന് അഭിവാദ്യ എസ്എംഎസ് അയക്കുകയാണ്. തെരുവായ തെരുവിലെല്ലാം മുഴങ്ങുന്നത് കോണ്‍ഗ്രസിന്റെ പേരാണത്രെ. "എന്തതിശയമെ കോണ്‍ഗ്രസിന്‍ ഭരണം" എന്ന പാട്ടും പാടിയാണ് ജനങ്ങള്‍ രാവിലെ എണീക്കുന്നത് തന്നെ.

രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ ഇവര്‍ എന്തെല്ലാം ത്യാഗമാണ് സഹിക്കുന്നത്. പഴികളാണ് കേള്‍ക്കുന്നത്. എന്നാലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അധികാരത്തിലേറ്റിയ ജനങ്ങളെ മറക്കാന്‍പറ്റുമോ. കേരളത്തില്‍ നിന്നും കിട്ടി 16 സീറ്റ്. എന്തെല്ലാം പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്. മാസംതോറും പെട്രോള്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ ആ വോട്ടര്‍മാര്‍ എന്ത് വിചാരിക്കും. കൂട്ടുമ്പോള്‍ നാലും അഞ്ചും കൂട്ടിയില്ലെങ്കില്‍ ഒരു വെയ്റ്റ് ഉണ്ടാകില്ല. പ്രയാര്‍ ഗോപാലന്‍ പാലിന് അഞ്ച് കൂട്ടുമ്പോള്‍ ലോകം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന എണ്ണ കമ്പനിക്കാര്‍ പെട്രോളിന് മൂന്നര രൂപയെങ്കിലും കൂട്ടേണ്ടെ? ഇനി ഡീസലിനും പാചക ഗ്യാസിനും കൂടി കൂട്ടിയാല്‍ ജനങ്ങള്‍ക്ക് ബഹുത്ത് സന്തോഷമാകും. ചുമ്മാതെ 450 രൂപക്ക് കിട്ടുന്ന സിലിണ്ടര്‍ കൊല്ലത്തില്‍ മൂന്നോ നാലോ ആക്കുന്നതോടെ കോണ്‍ഗ്രസിന് വോട്ടു ചെയ്തവര്‍ക്കെങ്കിലും പരമാനന്ദമാകും. വീട്ടിലെ പെണ്ണുങ്ങളുടെ പണിയും കുറയും. തീ ഉണ്ടെങ്കിലല്ലേ അടുക്കളയില്‍ കയറേണ്ടു.

*
ഇതുകൊണ്ടുമാത്രമല്ല റേറ്റിങ് കൂടിയത്. കോണ്‍ഗ്രസായാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യം എളുപ്പത്തില്‍ സൃഷ്ടിച്ചതിന് വന്‍ ജനപിന്തുണയാണത്രെ. ഡിസിസി പ്രസിഡന്റിനെ ഉപരോധിക്കുക. സ്വന്തം എംപിയെ ഫണ്ട് മുക്കിയെന്ന് വിളിക്കുക, എംപി രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി എംപി ഫ്ളാറ്റില്‍ സ്ഥിര താമസമാക്കുക തുടങ്ങിയ കലാപരിപാടിള്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസക്ക് കഴിഞ്ഞവാരം പാത്രമായി.

ഈ വാരത്തില്‍ ഡിസിസി ട്രഷററുടെ അതി വിദഗ്ധ ചെങ്കല്‍ ഖനന റിയാലിറ്റിഷോയാണ് കാണികളുടെ കൈയടി നേടിയത്. പ്രഭാകര ചൗട്ട എന്ന പേരില്‍തന്നെയുണ്ട് ഒരു വെയിറ്റ്. സര്‍ക്കാര്‍ ഭൂമിയില്‍ കയറി ചെങ്കല്‍വെട്ടി മികവ് കാണിച്ചതിന് ജഡ്ജിയായി എത്തിയ ജിയോളജിസ്റ്റ് ഏഴ് ലക്ഷത്തിന്റെ പാരിതോഷികമാണ് ചൗട്ടക്ക് നല്‍കിയത്. ജഡ്ജിക്ക് ചൗട്ടയുടെ രക്ഷിതാക്കള്‍ സമ്മാനമായി സ്ഥലംമാറ്റമോ വണ്ടിചെക്കോ കൊടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. ജഡ്ജിയെ ക്ഷണിച്ച് വരുത്തിയ കൊടലമുഗര്‍ വില്ലേജ് ഓഫീസര്‍ക്കും പ്രത്യേക സമ്മാനം ഉണ്ടാകുമെന്നാണ് കേള്‍വി. സ്ഥലംമാറ്റത്തില്‍ ഒതുങ്ങാന്‍ സാധ്യതയില്ല. ചുരുങ്ങിയത് സസ്പന്‍ഷന്‍ എന്ന എമണ്ടന്‍ സാധനമായിരിക്കും ഇവരെ തേടിയെത്തുന്നത്. ചൗട്ടയെ ഡിസിസി പ്രസിഡന്റാക്കി ഉയര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് ആലോചിക്കുന്നുണ്ടെന്നും അറിവുണ്ട്. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി ചെങ്കല്‍ വെട്ടുക, 20 കൊല്ലം മുമ്പ് മരിച്ചുപോയ വിമുക്തഭടനെ രണ്ട് വര്‍ഷം മുമ്പ് തിരിച്ചുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ ഭൂമി വിലക്ക് വാങ്ങുക തുടങ്ങിയ കലാപരിപാടികള്‍ ഭംഗിയായി ചെയ്യുന്ന ആളെ ചുരുങ്ങിയത് കെപിസിസി ജനറല്‍ സെക്രട്ടറി എങ്കിലും ആക്കേണ്ടതാണ്. ഉളുപ്പില്ലായ്മയെ നിന്റെ പേരോ കോണ്‍ഗ്രസ് എന്നല്ലാതെ കാണി ഇനി എന്ത് പറയാന്‍ .

deshabhimani 200911

1 comment:

  1. രാജ്യത്തെ റേറ്റിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ടിയാണത്രെ. ജനസേവന റിയാലിറ്റി ഷോയില്‍ ഉമ്മന്‍ചാണ്ടിയുടെയും മന്‍മോഹന്റെയും പ്രകടനം കണ്ട് ജനങ്ങള്‍ കൂട്ടം കൂട്ടമായി കോണ്‍ഗ്രസിന് അഭിവാദ്യ എസ്എംഎസ് അയക്കുകയാണ്. തെരുവായ തെരുവിലെല്ലാം മുഴങ്ങുന്നത് കോണ്‍ഗ്രസിന്റെ പേരാണത്രെ. "എന്തതിശയമെ കോണ്‍ഗ്രസിന്‍ ഭരണം" എന്ന പാട്ടും പാടിയാണ് ജനങ്ങള്‍ രാവിലെ എണീക്കുന്നത് തന്നെ.

    ReplyDelete