Saturday, October 1, 2011

ഇത് ജനങ്ങളുടെ വിജയം

എന്‍ഡോസള്‍ഫാന്‍ നിരോധം തുടരും

ന്യൂഡല്‍ഹി: മാരക കീടനാശിനി എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും വിതരണത്തിലും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണനിരോധം തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ , കീടനാശിനി കമ്പനികളുടെ പക്കലുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം വിദേശരാജ്യങ്ങളിലേക്ക് ഉപാധികളോടെ കയറ്റുമതി ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ ജെ എം പഞ്ചാള്‍ , കെ എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

എന്‍ഡോസള്‍ഫാന്റെ ദോഷവശം പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഐസിഎംആര്‍ - ഐസിഎആര്‍ സംയുക്ത വിദഗ്ധസമിതിക്ക് സുപ്രീംകോടതി നേരത്തെ രൂപംനല്‍കിയിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയായിരുന്നു നേരത്തെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം രാജ്യത്ത് നിരോധിച്ചത്. എട്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സമിതിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും കാലതാമസം നേരിടുമെന്നാണ് സൂചന. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിയുടെ സാധ്യത പരിശോധിക്കാനും ഐസിഎംആര്‍ - ഐസിഎആര്‍ സംയുക്തസമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കയറ്റുമതി ആകാമെന്ന ശുപാര്‍ശയാണ് സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നല്‍കിയത്. കയറ്റുമതി പാടില്ലെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും സമിതി റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി ഉപാധികളോടെ കയറ്റുമതി അനുവദിച്ചു. കീടനാശിനി കമ്പനികളുടെ പക്കല്‍ വലിയ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം പരിസ്ഥിതിനാശം വരാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്തുള്ള പരിമിതിയും കയറ്റുമതി അനുവദിക്കാന്‍ കാരണമായി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരമാവധി അപകടം ഒഴിവാക്കുകയെന്ന താല്‍പര്യത്തോടെയാണ് കയറ്റുമതിക്ക് അനുമതി നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. മറ്റു രാജ്യങ്ങളുടെ കാര്യം അവിടങ്ങളിലെ നീതിപീഠമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

എല്ലാവിധ മുന്‍കരുതലോടെയായിരിക്കണം കയറ്റുമതിയെന്ന് കോടതി വ്യക്തമാക്കി. പാക്കിങ് മുതല്‍ കയറ്റി അയക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ കീടനാശിനി കമ്പനികളും കസ്റ്റംസ്, എക്സൈസ് അധികൃതരും അതീവ ശ്രദ്ധ പുലര്‍ത്തണം. കയറ്റുമതി ചെയ്യുന്ന കീടനാശിനി രാജ്യം വിട്ടുപോകുന്നതുവരെ വനം-പരിസ്ഥിതിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകണം. ഇതേ കീടനാശിനി മറ്റേതെങ്കിലും രൂപത്തില്‍ രാജ്യത്തേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തണം. വീഴ്ച സംഭവിച്ചാല്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നിലവില്‍ കമ്പനിയുടെ പക്കലുണ്ടെന്ന് പറയുന്ന 1090 ടണ്‍ കീടനാശിനി മാത്രമേ കയറ്റുമതി ചെയ്യാവൂ-വിധിയില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കീടനാശിനി കമ്പനികളെ സംരക്ഷിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ധാരണയായെങ്കിലും ഇന്ത്യയില്‍ കീടനാശിനി കമ്പനികള്‍ക്ക് പരമാവധി വില്‍പ്പനയ്ക്ക് അവസരമൊരുക്കുകയെന്ന നയമായിരുന്നു കേന്ദ്രത്തിന്റേത്. കോടതിയില്‍ കേസ് വന്നപ്പോഴും കേന്ദ്രനിലപാട് കീടനാശിനി കമ്പനികളുടേതിന് സമാനമായിരുന്നു. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കേണ്ടതില്ലെന്നാണ് വാദിച്ചത്. കോണ്‍ഗ്ര സ് വക്താവ് മനുഅഭിഷേക് സിങ്വി വരെ കോടതിയില്‍ ഹാജരായി കീടനാശിനി കമ്പനികള്‍ക്കു വേണ്ടി വാദിച്ചു. എന്നാല്‍ ഇച്ഛാശക്തിയോടെയുള്ള ഡിവൈഎഫ്ഐയുടെ നിലപാട് വിജയം കാണുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലിനെയാണ് ഡിവൈഎഫ്ഐ കേസ് വാദിക്കാനേല്‍പ്പിച്ചത്. അഭിഭാഷകരായ ദീപക്ക്പ്രകാശ്, ബിജു രാമന്‍ തുടങ്ങിയവരും ഡിവൈഎഫ്ഐയ്ക്കു വേണ്ടി ഹാജരായി.
(എം പ്രശാന്ത്)

ഇത് ജനങ്ങളുടെ വിജയം
കാസര്‍കോട്: രാജ്യത്താകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി. കേന്ദ്രനയങ്ങളെ പിന്താങ്ങിയ യുഡിഎഫ് സര്‍ക്കാരിനുള്ള താക്കീതുകൂടിയാണിത്. വിഷഭീമനെ ആഗോളതലത്തില്‍ നിരോധിക്കാനുള്ള സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ തീരുമാനത്തെ പിന്തുണക്കേണ്ടിവന്നിട്ടും സുപ്രീംകോടതിയില്‍ കീടനാശിനിക്ക് അനുകൂല നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെന്ന കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ നിലപാടിനെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും പിന്തുണച്ചു. കീടനാശിനി നിരോധിക്കേണ്ടതില്ലെന്നും കേരളത്തിലെ ഒരു ജില്ലയില്‍മാത്രമാണ് രോഗമുണ്ടായതെന്നും അത് കീടനാശിനി ഉപയോഗിച്ച രീതിമൂലമാണെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചത്. ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെപോലും കേന്ദ്രം സ്വാധീനിച്ചു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും കുറ്റകരമായ മൗനത്തിലായിരുന്നു. കൃഷി സഹമന്ത്രി കെ വി തോമസ് കാസര്‍കോട്ടെത്തി എന്‍ഡോസള്‍ഫാന് അനൂകൂലമായി പ്രസംഗിക്കാനുള്ള ധൈര്യവും കാട്ടി. കാസര്‍കോട് ജില്ലയിലെ ചെറിയൊരു സ്ഥലത്തുമാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലം രോഗമുണ്ടായതെന്നായിരുന്നു ഏറ്റവും ഒടുവില്‍ സംസ്ഥാന കൃഷിമന്ത്രി കെ പി മോഹനന്റെ വെളിപാട്.

എന്‍ഡോസള്‍ഫാന് അനുകൂലമായി അഭിപ്രായം സ്വരൂപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ അനിവാര്യമാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. അതിന് ഫലവുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ ദുരന്തം അനുഭവിക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിരോധിക്കേണ്ടതില്ലെന്ന അഭിപ്രായവും രേഖപ്പെടുത്തി. ഇതിനെ ആയുധമാക്കിയാണ് സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്. കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ പാര്‍ലമെന്റിനകത്തും പുറത്തുംപരസ്യമായി എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചു. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ അഭിപ്രായമാണ് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നയമായി പ്രചരിപ്പിച്ചത്. 2010 ല്‍ ചേര്‍ന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷനില്‍ ആഗോള നിരോധനത്തിനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത ഏക രാജ്യമെന്ന മാനക്കേടും ഇന്ത്യയ്ക്കുണ്ടായി. കഴിഞ്ഞ മെയില്‍ നടന്ന കണ്‍വന്‍ഷനില്‍ തുടക്കം മുതല്‍ ലോക രാജ്യങ്ങളിലെ പ്രതിനിധികളെ സ്വാധീനിക്കാന്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ ശ്രമിച്ചെങ്കിലും കേരളത്തിലുയര്‍ന്ന അതിശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെയും മറ്റു രാജ്യങ്ങളുടെ ഉറച്ച നിലപാടിന്റെയും ഫലമായി ഗത്യന്തരമില്ലാതെ ഇന്ത്യക്ക് നിരോധനത്തെ അനൂകൂലിക്കേണ്ടി വന്നു. എന്നാലും 11 വര്‍ഷത്തെ സാവകാശം നേടിയെടുക്കാനായത് എന്‍ഡോസള്‍ഫാന്‍ ലോബിയുടെ വിജയമായിരുന്നു. ഇതിന്റെ മറവിലാണ് ഇന്ത്യയില്‍ ഉടനെ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം വാദിച്ചത്.
(എം ഒ വര്‍ഗീസ്)

മരണവ്യാപാരികളെ കെട്ടുകെട്ടിച്ച സഹനസമരം

മരണം മണം പിടിച്ചു നടന്ന കാസര്‍കോടന്‍ ഗ്രാമങ്ങളിലെ ഇടവഴികളില്‍ 13 വര്‍ഷംമുമ്പ് ആരംഭിച്ച പ്രതിഷേധത്തിന്റെ തീപ്പൊരി ഒടുവില്‍ മരണത്തിന്റെ വ്യാപാരികളെ കെട്ടുകെട്ടിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും ആഗോള വിഷക്കച്ചവടക്കാരുടെയും ശക്തമായ പിന്തുണയുണ്ടായിട്ടും എന്‍ഡോസള്‍ഫാന് നാടുവിടേണ്ടി വന്നത് സംഘടിതശക്തിയുടെ പോരാട്ടത്തിന്റെ ഫലം. കാസര്‍കോട്ടെ സ്വര്‍ഗ ഗ്രാമത്തിലെ കുടുംബശ്രീ യൂണിറ്റുമുതല്‍ ഓസ്ട്രേലിയയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിനിടയാക്കിയ "60 മിനുട്ട്" എന്ന സിനിമ കൂട്ടായ്മയില്‍വരെ പ്രതിഷേധജ്വാല പടര്‍ന്നു.

വിഷമഴയ്ക്കെതിരെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പുകഞ്ഞ പ്രതിഷേധം ആദ്യം പുറംലോകമറിയുന്നത് പെരിയയിലെ ലീലാകുമാരിയമ്മ എന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥയിലൂടെയാണ്. 1998ല്‍ ഒക്ടോബര്‍ 18ന് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍നിന്നും ഇവര്‍ വിഷംതളിക്ക് സ്റ്റേ വാങ്ങി. വാണിനഗറില്‍ ക്ലിനിക്ക് നടത്തുന്ന ഡോ. വൈ എസ് മോഹന്‍കുമാര്‍ തന്റെ പരിശോധനയ്ക്കെത്തുന്ന രോഗികളില്‍ വിഷത്തിന്റെ അംശം കൂടുന്നതായി മാധ്യമങ്ങളോ ട് പറഞ്ഞു. കന്നട പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീപഡ്രെ തന്റെ വാര്‍ത്തകളില്‍ അതിര്‍ത്തിഗ്രാമങ്ങളിലെ തളര്‍ന്ന ജീവിതങ്ങളെക്കുറിച്ച് നിരന്തരം എഴുതി. മുളിയാറിലെ പുഞ്ചിരി ക്ലബിലെ ഒരുപറ്റം നാട്ടുകാര്‍ ഈ കാര്യങ്ങള്‍ ഏറ്റെടുത്ത് ലോകത്തോട് വിളിച്ചു പറഞ്ഞു. അപ്പോഴും പുതിയ പഠനങ്ങളെയും ഉന്നതകൃഷി ഉദ്യോഗസ്ഥരുടെ അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ടുകളെയും സ്തുതിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ . "അരജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം" എന്ന ഡോക്യുമെന്ററിയിലൂടെ എം എ റഹ്മാനും "എന്‍മകജെ" എന്ന നോവലിലൂടെ അംബികാസുതന്‍ മാങ്ങാടും വിഷഭീമന്റെ തനിനിറം വിളിച്ചു പറഞ്ഞു.

തിരുവനന്തപുരത്തെ തണല്‍ തുടങ്ങിയ സര്‍ക്കാതിര സംഘടനകളും ഇടപെട്ടു. എന്‍ജിഒകളും ചില സന്നദ്ധസംഘടനകളും ഏറ്റെടുത്ത് പതുക്കെ മുന്നോട്ടുപോകുകയായിരുന്ന
എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം ലോകശ്രദ്ധ ആകര്‍ഷിച്ചത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സിപിഐ എമ്മും പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ്. ഇരകളുടെ അരികില്‍ ചെന്ന് നടുക്കുന്ന യാഥാര്‍ഥ്യം വി എസ് ലോകത്തോട് വിളിച്ചു പറഞ്ഞു. പിന്നീട് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ പെന്‍ഷനടക്കമുള്ള സമഗ്ര പുനരധിവാസ പാക്കേജിന് ഇന്ധനം പകര്‍ന്നത് ഈ സന്ദര്‍ശനവും തുടര്‍ന്ന് ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളുടെ ഇടപെടലുമാണ്. ഇതിനൊപ്പം പാര്‍ലമെന്റിലടക്കം ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ദേശീയ മനുഷ്യാവകാശകമീഷന്റെ ഇടപെടലും സംസ്ഥാന സര്‍ക്കാരിന്റെ പരിമിതിക്കകത്തുനിന്നുള്ള സഹായഹസ്തവും തുടരുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രി കെ വി തോമസ് 2010 നവംബറില്‍ കാസര്‍കോട്ട് സിപിസിആര്‍ഐയിലെ ചടങ്ങില്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചത്. ഇപ്പോള്‍ വിധി വന്ന നിയമ പോരാട്ടത്തിന് ഡിെവൈഎഫ്ഐ തുടക്കം കുറിക്കുന്നത് ഇതോടെയാണ്. ദുരന്തമേഖലയിലൂടെയുള്ള അതിജീവന സന്ദേശയാത്ര, ചക്രസ്തംഭനം, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാര്‍ച്ച് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ യുവാക്കള്‍ കാസര്‍കോട്ട് ഏറ്റെടുത്തു. ഇരകളുടെ പുനരധിവാസത്തിന് യുവാക്കള്‍ 84 ലക്ഷം രൂപ ശേഖരിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ നടന്ന സമയത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ ഉപവാസവും ലോകശ്രദ്ധ പിടിച്ചുപറ്റി. കണ്‍വന്‍ഷന്‍ വേദിയില്‍ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം തത്സമയം കണ്ടത് ആവേശം പടര്‍ത്തിയെന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞിരുന്നു. ഇവിടെയും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് അനുകൂലമായി നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് നാട് ഇളകിമറിഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കേരളം ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 2010ലെ സ്റ്റോക്ഹോം കണ്‍വന്‍ഷനിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുനരധിവാസ നടപടികളും പ്രധാനമന്ത്രിക്ക് പ്രതിഷേധിച്ചെഴുതിയ കത്തും ഏറെ ചര്‍ച്ചയായെന്ന് ആ കണ്‍വന്‍ഷനില്‍ പങ്കെടുത്ത തിരുവനന്തപുരം തണല്‍ പ്രവര്‍ത്തകന്‍ സി ജയകുമാര്‍ അനുസ്മരിക്കുന്നു.
(വിനോദ് പായം)

കയറ്റുമതിക്കെതിരെ നിയമപോരാട്ടം തുടരും: ഡിവൈഎഫ്ഐ


എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി തീരുമാനത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് സമ്പൂര്‍ണമായി നിരോധിച്ച സുപ്രീംകോടതി വിധി ഡിവൈഎഫ്ഐ നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണ്. ഈ വിധി കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റുകൂറിനേറ്റ തിരിച്ചടികൂടിയാണ്. ഒരേസമയം വേട്ടക്കാരന്റെയും ഇരയുടെയും വേഷംകെട്ടിയ കോണ്‍ഗ്രസിന് കിട്ടിയ കനത്തപ്രഹരമാണിത്. എന്‍ഡോസള്‍ഫാന് ക്ലീന്‍ചിറ്റ് നല്‍കിയ നിലപാട് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തിരുത്തിയിരുന്നെങ്കില്‍ ഈ വിഷഭീമനെ നേരത്തെ തുടച്ചുനീക്കാമായിരുന്നു. എന്നാല്‍ , കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലുള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് കുത്തകകള്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു സര്‍ക്കാര്‍ .

യുഡിഎഫിന്റെ എന്‍ഡോസള്‍ഫാന്‍നിലപാടും കാപട്യം നിറഞ്ഞതായിരുന്നു. കൃഷിമന്ത്രി കെ പി മോഹനന്‍ ഡല്‍ഹിസന്ദര്‍ശനത്തില്‍ എന്‍ഡോസള്‍ഫാന്‍പ്രശ്നം പ്രാദേശികവിഷയമാണെന്നു പറഞ്ഞത് ഈ സാഹചര്യത്തിലാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേന്ദ്രബജറ്റില്‍പ്പോലും തുക വകയിരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. സ്റ്റോക്ഹോം കണ്‍വന്‍ഷനിലുള്‍പ്പെടെ രാജ്യത്തെ നാണംകെടുത്തി കീടനാശിനിക്കമ്പനികള്‍ക്കുവേണ്ടി വാദിച്ച സര്‍ക്കാര്‍ സുപ്രീംകോടതിയിലും അതേസമീപനം സ്വീകരിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ദുരന്തം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാതിരിക്കാനും ഉല്‍പ്പാദിപ്പിച്ച കീടനാശിനി ഇന്ത്യയില്‍തന്നെ നശിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. നിയമപോരാട്ടത്തിന് സഹായിച്ച എല്ലാവര്‍ക്കും രാജേഷ് നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറിമാരായ കെ എസ് സുനില്‍കുമാര്‍ , സി സത്യപാലന്‍ , ജില്ലാ സെക്രട്ടറി എസ് പി ദീപക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പോരാട്ടത്തിന്റെ വിജയം: പി കരുണാകരന്‍

കാസര്‍കോട്: ദീര്‍ഘകാല ജനകീയ പോരാട്ടത്തിന്റെ വിജയമാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതി വിധിയെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ഇന്ത്യയിലെ ഭരണസംവിധാനവും കൃഷിവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളും കുത്തക കമ്പനികളുടെ ദല്ലാളുമാരായി പരമോന്നത നീതിപീഠത്തിനു മുമ്പില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും കാസര്‍കോടിന്റെ കണ്ണീരിനുമുന്നില്‍ അവ കത്തിച്ചാമ്പലായി. കേന്ദ്രം ഇനിയെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിയണം. കോടതിവിധി കണക്കിലെടുത്ത് കമ്പനികളില്‍നിന്നുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ ദുരിതബാധിതര്‍ക്ക് ലഭ്യമാക്കാന്‍ ഇടപെടണം. ദുരിതാശ്വാസത്തിന് സമര്‍പ്പിച്ച പാക്കേജ്പോലും നടപ്പാക്കാന്‍ വിമുഖത കാണിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാണ് കോടതിവിധി. രാഷ്ട്രീയ- സന്നദ്ധ സംഘടനകള്‍ ജില്ലയിലാരംഭിച്ച സമരമുഖം രാജ്യവ്യാപക ജനമുന്നേറ്റത്തിന് വഴിവച്ചതും പാര്‍ലമെന്റിലെ ഇടപെടലുകളുമെല്ലാം നിരോധനത്തിന് ശക്തി പകര്‍ന്നു. ജനീവ കണ്‍വന്‍ഷനിലെ കേരള പ്രതിനിധികളുടെ ഇടപെടലുകളും വിഷയം ലോകശ്രദ്ധയിലെത്തിച്ചു. ആഗോള നിരോധനത്തിലേക്കുള്ള ശക്തമായ ചുവടുവയ്പ്പുകൂടിയാണ് കോടതി വിധി. കാസര്‍കോട് പ്ലാന്റേഷന്‍ മേഖലയില്‍ സ്റ്റോക്കുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.വിധിയിലേക്ക് നയിച്ച ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും എന്‍ഡോള്‍ഫാനെതിരെ പ്രവര്‍ത്തിക്കാനായത് ആഹ്ലാദം പകരുന്നു. - പി കരുണാകരന്‍ എംപി പറഞ്ഞു.

deshabhimani 011011

2 comments:

  1. മാരക കീടനാശിനി എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും വിതരണത്തിലും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണനിരോധം തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ , കീടനാശിനി കമ്പനികളുടെ പക്കലുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം വിദേശരാജ്യങ്ങളിലേക്ക് ഉപാധികളോടെ കയറ്റുമതി ചെയ്യുന്നതിന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസുമാരായ ജെ എം പഞ്ചാള്‍ , കെ എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും വിതരണവും ഉപയോഗവും ഇന്ത്യയില്‍ കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി സ്വാഗതം ചെയ്യുന്നതായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ ജനയുഗത്തോട് പറഞ്ഞു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധനമില്ലാത്ത നാടുകളിലേക്ക് ഇന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികളില്‍ ബാക്കിയുള്ള കീടനാശിനി കയറ്റി അയക്കാന്‍ അനുമതി നല്‍കാമെന്ന ഉത്തരവ് വളരെ ആശങ്ക വളര്‍ത്തുന്നു. ഇത് പിന്‍വാതിലിലൂടെ ഇന്ത്യയിലേക്ക് തന്നെ മടങ്ങിവരാനിടയാക്കിയേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ജാഗ്രത കാണിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ വിഷമല്ലെന്നു പറഞ്ഞു കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കണമെന്നും ഇവിടെ വിഷമെന്ന് ഉറപ്പുള്ള എന്‍ഡോസള്‍ഫാന്‍ മറ്റു നാടുകളിലേക്ക് കയറ്റി അയക്കാമെന്നുപറയുന്നത് അധാര്‍മികമാണെന്നും നാരായണന്‍ പേരിയ പറഞ്ഞു.

    ReplyDelete