Friday, October 21, 2011

ഷിബു ബേബിജോണിന്റെ നടപടി ചട്ടലംഘനം: വി എസ് അച്യുതാനന്ദന്‍

പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന് ശുപാര്‍ശ കത്തയച്ച തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ നടപടി നിയമവിരുദ്ധവും സ്വജനപക്ഷപാതവും ചട്ടലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇക്കഴിഞ്ഞ 13ന് തൊഴില്‍ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയ്ക്കിടയില്‍ താന്‍ നല്‍കിയ ഒരു കത്ത് മന്ത്രി സഭയില്‍ ഉന്നയിച്ചിരുന്നു. തൊഴില്‍മന്ത്രിക്കെതിരെ സഭയില്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തെ പ്രതിരോധിക്കാനും തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമാണ് മന്ത്രി ഇതിലൂടെ ശ്രമിച്ചത്.

തൊഴില്‍ വകുപ്പ്മന്ത്രിക്ക് താന്‍ അയച്ചുകൊടുത്ത സുരേഷ്‌കുമാര്‍ എന്നയാളുടെ നിവേദനത്തെയാണ് മന്ത്രി സഭയില്‍ ഉദ്ധരിച്ചത്. 75 ശതമാനം സെറിബ്രല്‍ പാള്‍സിയുള്ള ഇയാള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തൊഴില്‍ ലഭിച്ചിട്ടില്ല എന്നുള്ള നിവേദനം പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളണം എന്നാണ് താന്‍ നിര്‍ദേശിച്ചതെന്നാണ് സഭയില്‍ മന്ത്രി ചൂണ്ടിക്കാണിച്ചത്. അത് പരിശോധിച്ച് ആവശ്യമായ നടപടിക്രമം കൈക്കൊള്ളുക എന്നത് സാധാരണ നടപടിക്രമം മാത്രമാണ്.

എന്നാല്‍ പ്ലാനിംഗ് ബോര്‍ഡില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമിക്കണമെന്ന് നിര്‍ദേശിച്ച് ജൂലായ് അഞ്ചിനാണ് മന്ത്രി പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന് ശുപാര്‍ശ കത്ത് നല്‍കിയത്.

ഇപ്രകാരം മന്ത്രി നല്‍കിയ കത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ 'പരിഗണിച്ച് കരട് തയ്യാറാക്കണം' എന്ന് രേഖപ്പെടുത്തി ഫയലാക്കിയിരുന്നു. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും വി എസ് പറഞ്ഞു.

janayugom 211011

1 comment:

  1. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന് ശുപാര്‍ശ കത്തയച്ച തൊഴില്‍മന്ത്രി ഷിബുബേബി ജോണിന്റെ നടപടി നിയമവിരുദ്ധവും സ്വജനപക്ഷപാതവും ചട്ടലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

    ReplyDelete