Friday, October 7, 2011

സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് വനിതകള്‍ക്ക്

2011ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് മൂന്ന് വനിതകള്‍ അര്‍ഹരായി. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സന്‍ സിര്‍ലീഫ്, ലൈബീരിയന്‍ സമാധാന പ്രവര്‍ത്തക ലെയ്മ ബോവി, യെമനിലെ പത്രപ്രവര്‍ത്തകയും സമാധാന പ്രവര്‍ത്തകയുമായ തവക്കൂള്‍ കര്‍മാന്‍ എന്നിവര്‍ക്കാണ് പുരസ്കാരം. എലനും ലെയ്മയും ലൈബീരിയയില്‍ പരസ്പര പൂരകമായി പ്രവര്‍ത്തിച്ചവരാണ്. ലെയ്മ നയിച്ച അമ്മമാരുടെ കൂട്ടായ്മ നടത്തിയ സമാധാന സമരങ്ങളാണ് ലൈബിരിയയില്‍ ഭരണമാറ്റത്തിനും എലന്റെ പ്രസിഡന്റ് പദവിക്കും സഹായമായത്.

എലന്‍ ജോണ്‍സന്‍ സിര്‍ലീഫ്

1938 ഒക്ടോബര്‍ 29 ന് ജനിച്ച സിര്‍ലീഫ് ലൈബീരിയയിലെ ആദ്യ വനിത പ്രസിഡന്റാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടിയ സിര്‍ലീഫ് സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചാണ് ലോകശ്രദ്ധ നേടിയത്. വര്‍ഗീയ കലാപങ്ങളും മറ്റും നിറഞ്ഞുനില്‍ക്കുന്ന ആഫ്രിക്കയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സമരപരിപാടികളിലും സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സിര്‍ലീഫിന് കഴിഞ്ഞു. തീര്‍ത്തും സമാധാനപരമായ ഇത്തരം സമരങ്ങളാണ് സിര്‍ലീഫിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. ഭരണരംഗത്ത് വളരെ മുന്‍പ് തന്നെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സിര്‍ലീഫ്. 1979-80 കാലഘട്ടത്തില്‍ ലൈബീരിയന്‍ ധനകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985ലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുണ്ട്.

ലെയ്മ ബോവി

ആഫ്രിക്കയിലെ പ്രശസ്തയായ സമാധാനപ്രവര്‍ത്തകയാണ് ലെയ്മ റൊബേര്‍ട്ട് ബോവി. ലൈബീരിയന്‍ സ്വദേശിനിയായ ബോവി, എലന്‍ ജോണ്‍സന്‍ സിര്‍ലീഫിനെ ലൈബീരിയന്‍ പ്രസിഡന്റാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ലൈബീരിയയില്‍ നാശം വിതച്ച രണ്ടാം ആഭ്യന്തരകലാപം 2003ല്‍ അവസാനിച്ചതില്‍ ബോവിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന പരമായ മുന്നേറ്റങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. "വുമണ്‍ ഓഫ് ലൈബീരിയ മാസ് ആക്ഷന്‍ ഫോര്‍ പീസ്" എന്ന സംഘടനയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സമരങ്ങളില്‍ അണിനിരത്താനും ലെയ്മ ബോവിയ്ക്ക് കഴിഞ്ഞു.

തവക്കൂള്‍ കര്‍മാന്‍

യമനിലെ സമാധാനപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമാണ് തവക്കൂള്‍ കര്‍മാന്‍ . യമനില്‍ "അല്‍ ഇസ്ലാ" എന്ന മനുഷ്യാവകാശ സംഘടന രൂപീകരിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രയത്നിച്ച വ്യക്തിയാണ് തവക്കൂള്‍ കര്‍മാന്‍ . യമനിലെ ഏകാധിപതി അലി അബ്ദുള്‍ സാലെയ്ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ദുര്‍ഭരണത്തിനെതിരെ പത്രപ്രവര്‍ത്തകരെ അണിനിരത്തുന്നതിലും തവക്കൂള്‍ വിജയിച്ചു. "ചങ്ങലയില്ലാത്ത വനിതാ പത്രപ്രവര്‍ത്തകര്‍" എന്ന സംഘടന രൂപീകരിച്ച് അഭിപ്രായസാതന്ത്ര്യത്തിനും മറ്റുമായി പൊരുതി.

ശാസ്ത്രധാരണ തിരുത്തിയ ഷെക്ട്മാന് രസതന്ത്ര നൊബേല്‍

സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള 2011ലെ നൊബേല്‍ പുരസ്കാരം ഇസ്രയേലി ശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷെക്ട്മാന് ലഭിച്ചു. മൂന്നുപതിറ്റാണ്ടുമുമ്പ് ശാസ്ത്രലോകം പുച്ഛിച്ചുതള്ളിയ പരല്‍ സമാന പദാര്‍ഥത്തിന്റെ (ക്വാസി ക്രിസ്റ്റല്‍സ്) കണ്ടെത്തലിനാണ് പുരസ്കാരം. ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത രീതിയില്‍ അലങ്കാരപ്പണിക്ക് സമാനമായ രാസഘടനയില്‍ തന്മാത്രകള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പരല്‍ സമാനപദാര്‍ഥം ഉണ്ടെന്ന 1982ലെ കണ്ടെത്തലിനാണ് പുരസ്കാരം. ഖരപദാര്‍ഥങ്ങളില്‍ തന്മാത്രകള്‍ ചിട്ടയായ ക്രമത്തില്‍ അനുരൂപമായി അടുക്കിയിരിക്കുകയാണെന്നാണ് ശാസ്ത്രലോകം അന്നുവരെ വിശ്വസിച്ചത്. ഇരട്ട നൊബേല്‍ പുരസ്കാര ജേതാവായ ലിനസ് പൗളിങ് അടക്കം പ്രമുഖര്‍ ഷെക്ട്മാന്റെ കണ്ടെത്തലിനെ തള്ളിപ്പറഞ്ഞിരുന്നു. ഈ കണ്ടെത്തലിന്റെ പേരില്‍ വാഷിങ്ടണിലെ ഗവേഷണസംഘത്തില്‍നിന്നും അദ്ദേഹത്തിനു പുറത്തുപോകേണ്ടി വന്നു. ഇസ്രയേലിലേക്ക് മടങ്ങിയ ഷെക്ട്മാന്‍ ഒരു സുഹൃത്തിനൊപ്പം തന്റെ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയത് ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ചു. 1987ല്‍ ഫ്രാന്‍സിലും ജപ്പാനിലുമുള്ള ശാസ്ത്രജ്ഞര്‍ പരല്‍ സമാനപദാര്‍ഥഘടന വൃക്തമാക്കുന്ന ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് വികസിപ്പിച്ചതോടെയാണ് ഷെക്ട്മാന്റെ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടത്.

ഷെക്ട്മാന്റെ പോരാട്ടം പദാര്‍ഥ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രലോകത്തുണ്ടായിരുന്ന ധാരണ മാറ്റിമറിച്ചെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സ്വീഡിഷ് പരീക്ഷണശാലയില്‍ ഉരുക്കിന്റെ ഏറ്റവും ഈടുള്ള വകഭേദം സൃഷ്ടിക്കാനായി. ഇതുപയോഗിച്ച് റേസര്‍ ബ്ലെയ്ഡുകളും നേത്ര ശസ്ത്രക്രിയയ്ക്കുള്ള അതിസൂക്ഷ്മ സൂചികളും വ്യാവസായികമായി നിര്‍മിക്കുന്നു. വറചട്ടികളുടെ ആവരണമായും എന്‍ജിനുകളുടെയും താപരോധങ്ങളായും ഇവയെ ഉപയോഗിക്കാനുള്ള പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്‍ . ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ഷെക്ട്മാന് സമ്മാനത്തുകയായ ഒരു കോടി സ്വീഡിഷ് ക്രോണര്‍ (7.37 കോടി രൂപ) ലഭിക്കും.

deshabhimani news

1 comment:

  1. 2011ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് മൂന്ന് വനിതകള്‍ അര്‍ഹരായി. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സന്‍ സിര്‍ലീഫ്, ലൈബീരിയന്‍ സമാധാന പ്രവര്‍ത്തക ലെയ്മ ബോവി, യെമനിലെ പത്രപ്രവര്‍ത്തകയും സമാധാന പ്രവര്‍ത്തകയുമായ തവക്കൂള്‍ കര്‍മാന്‍ എന്നിവര്‍ക്കാണ് പുരസ്കാരം. എലനും ലെയ്മയും ലൈബീരിയയില്‍ പരസ്പര പൂരകമായി പ്രവര്‍ത്തിച്ചവരാണ്. ലെയ്മ നയിച്ച അമ്മമാരുടെ കൂട്ടായ്മ നടത്തിയ സമാധാന സമരങ്ങളാണ് ലൈബിരിയയില്‍ ഭരണമാറ്റത്തിനും എലന്റെ പ്രസിഡന്റ് പദവിക്കും സഹായമായത്.

    ReplyDelete