Monday, October 3, 2011

യുവമോര്‍ച്ചാ നേതാവിന് പൊലീസ് മര്‍ദ്ദനം: ബി ജെ പി തിരിഞ്ഞു നോക്കിയില്ല

പാലക്കാട്: സമരത്തിനിടെ അറസ്റ്റിലായ യുവമോര്‍ച്ചാ സംസ്ഥാന നേതാവിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബി ജെ പി ജില്ലാ നേതൃത്വം മൗനം പാലിച്ചത് വിവാദമാകുന്നു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി യുവമോര്‍ച്ച നടത്തിയ സമരത്തിനിടെ പാലക്കാട്ട് അറസ്റ്റിലായ സംസ്ഥാന സമിതി അംഗം എസ് അജയനെയാണ് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകരുടെ കണ്‍മുന്നിലിട്ട് തല്ലിയത്. സമരത്തിനിടെ അറസ്റ്റിലാകുന്നവരെ പുറത്തിറക്കാന്‍ ശ്രമിക്കേണ്ട പാര്‍ട്ടി നേതൃത്വം മര്‍ദ്ദനവിവരമറിഞ്ഞിട്ടും പ്രതിഷേധിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത്് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

യുവമോര്‍ച്ച സംസ്ഥാനക്കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ 26 നാണ്  പാലക്കാട് നഗരത്തിലെ സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചത്.  സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അശോക് കുമാര്‍ പ്രസംഗിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഡി വൈ എസ് പി പി ബി പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. സംസ്ഥാന സമിതി അംഗം അജയനടക്കം 12 പ്രവര്‍ത്തകരെ ടൗണ്‍ സൗത്ത് സ്റ്റേഷനിലും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി സാബുവും ഉദ്ഘാടകനുമടക്കം എട്ടുപേരെ നോര്‍ത്ത് സ്റ്റേഷനിലും എത്തിച്ചാണ് കേസെടുത്തത്. സൗത്ത് സ്റ്റേഷനില്‍  പ്രവര്‍ത്തകര്‍ക്ക് മുന്നിലിട്ട് അജയനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രവര്‍ത്തകര്‍ അറസ്റ്റിലായതറിഞ്ഞ് സ്റ്റേഷനിലെത്തിയ ബി ജെ പി നേതാക്കള്‍ക്ക് അജയനെ കാണാനും അനുമതി നല്‍കിയില്ല. എന്നിട്ടും സമാധാനപരമായി തിരിച്ചുപോവുകയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ചെയ്തതെന്ന്  ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ബി ജെ പിക്ക് വേരോട്ടമുള്ള പാലക്കാട് നഗരത്തില്‍ സമരം നയിച്ച യുവമോര്‍ച്ച നേതാവിനെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ചിട്ടും അത് ചോദ്യംചെയ്യാനുള്ള തന്റേടം കാണിക്കാതിരുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. സംഭവമറിഞ്ഞ് എറണാകുളത്തുനിന്നും സ്ഥലത്തെത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി വി രാജേഷ് മുന്‍കൈയെടുത്താണ് രാത്രിയോടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചെങ്കിലും സംഘടിപ്പിക്കാനായത്. മൂന്നുജില്ലകളുടെ ചുമതലയുള്ള മേഖലാ പ്രസിഡന്റ് എന്‍ ശിവരാജനും ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി വേണുഗോപാലും പി സാബുവും ജില്ലാ സെക്രട്ടറി വി ചിദംബരനും മാര്‍ച്ചില്‍ പങ്കെടുത്തെങ്കിലും സ്ഥലത്തുണ്ടായിരുന്നിട്ടും ജില്ലാ പ്രസിഡന്റ് തിരിഞ്ഞുനോക്കാതിരുന്നതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

janayugom 031011

ചെറുവാഞ്ചേരിയില്‍ ആര്‍എസ്എസ്സിനെതിരെ വീണ്ടും ബിജെപി

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയില്‍ ആര്‍എസ്എസ്സിനെതിരെ ബിജെപി നേതൃത്വം പരസ്യമായി രംഗത്ത്. ചെറുവാഞ്ചേരിയില്‍ ശനിയാഴ്ച ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലാസെക്രട്ടറി അശോകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പേരെടുത്തുപറഞ്ഞ് വെല്ലുവിളിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം ഒ കെ വാസുവിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ഇതോടെ ബിജെപി- ആര്‍എസ്എസ് ബന്ധം തീര്‍ത്തും വഷളായി.

മോഹനഗിരി എസ്റ്റേറ്റിലെ ക്വാറി ഉടമയില്‍നിന്നും ബിജെപി ജില്ലാനേതാവ് ലക്ഷങ്ങള്‍ ഫണ്ട് വാങ്ങിയതില്‍ 5000രൂപ മാത്രം കണക്കില്‍ കാണിച്ചെന്നും ബാക്കിതുക മുക്കിയെന്നുമുള്ള പരാതിയാണ് ആര്‍എസ്എസ്സും ബിജെപിയും തമ്മിലുള്ള ചേരിതിരിവിന് കാരണം. സുധീര്‍ , അനില്‍ഘോഷ്, കല്ലി ശശി, രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫണ്ട് മുക്കിയവര്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയത്. പൊയിലൂരിലെ നൂറോളം ബിജെപിക്കാര്‍ ചെറുവാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സംഘടിച്ചെത്തി അഴിമതി സംബന്ധിച്ച് പരാതി നല്‍കിയവരെ ചീത്തപറയുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൊതുയോഗം നടത്തിയുള്ള ഭീഷണി. ദേശീയനിര്‍വാഹകസമിതി അംഗം ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് ജില്ലാ സെക്രട്ടറി ഫണ്ട് മുക്കിയതെന്നും ഇത് അംഗീകരിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് എതിര്‍വിഭാഗം. അഴിമതിക്കെതിരെ ആര്‍എസ്എസ്സിലെ ഒരു വിഭാഗം ശക്തമായ നടപടികളുമായി നീങ്ങുന്നുവെന്നാണ് സൂചന.

deshabhimani 031011

1 comment:

  1. സമരത്തിനിടെ അറസ്റ്റിലായ യുവമോര്‍ച്ചാ സംസ്ഥാന നേതാവിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബി ജെ പി ജില്ലാ നേതൃത്വം മൗനം പാലിച്ചത് വിവാദമാകുന്നു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി യുവമോര്‍ച്ച നടത്തിയ സമരത്തിനിടെ പാലക്കാട്ട് അറസ്റ്റിലായ സംസ്ഥാന സമിതി അംഗം എസ് അജയനെയാണ് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകരുടെ കണ്‍മുന്നിലിട്ട് തല്ലിയത്. സമരത്തിനിടെ അറസ്റ്റിലാകുന്നവരെ പുറത്തിറക്കാന്‍ ശ്രമിക്കേണ്ട പാര്‍ട്ടി നേതൃത്വം മര്‍ദ്ദനവിവരമറിഞ്ഞിട്ടും പ്രതിഷേധിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത്് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

    ReplyDelete