Monday, October 3, 2011

സര്‍ക്കാരിനും മനോരമയ്ക്കുമെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ ഇടയലേഖനം

കോലഞ്ചേരി പ്രശ്‌നത്തില്‍ സഭയെ സഹായിക്കാന്‍ കടപ്പെട്ടവരും സഹായിക്കുമെന്ന് പ്രതീക്ഷിച്ചവരും നോവിച്ചിട്ടേയുള്ളൂവെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ ഇടയലേഖനം. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഇന്നലെ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരെയും പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തുന്ന ഇടയലേഖനത്തില്‍ സഭയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച എല്ലാവര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ തന്നെയാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സഭയുടെ എല്ലാ പള്ളികളിലും ഇന്നലെ ഇടയലേഖനം വായിച്ചു.

സഹായിക്കാന്‍ കടപ്പെട്ടവരെന്ന് ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയും സഭയുടെ പത്രമെന്ന് അഭിമാനത്തോടെ ഇതുവരെ പറഞ്ഞിരുന്ന മലയാള മനോരമയുമാണെന്ന് വ്യക്തമാണ്. പ്രശ്‌നത്തില്‍ സഭയെ സഹായിക്കുന്നുമെന്ന് സഭ പ്രതീക്ഷിച്ചവരാകട്ടെ യു ഡി എഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമാണെന്ന് വ്യക്തം. എന്നാല്‍ പ്രശ്‌നത്തില്‍ ഇവര്‍ ആരുംതന്നെ സഭയെ സഹായിച്ചില്ലെന്ന് മാത്രമല്ല, സഭയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചുവെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് സഭാപിതാക്കന്മാര്‍ എട്ട് ദിവസം നിരാഹാരമനുഷ്ഠിച്ചത് പിന്‍തുണച്ച എല്ലാവര്‍ക്കും രണ്ട് പേജ് ദൈര്‍ഘ്യമുള്ള ഇടലേഖനത്തില്‍ സഭ നന്ദി രേഖപ്പെടുത്തുന്നു. രാഷ്ട്രീയത്തിനും പ്രദേശിക ചിന്തകള്‍ക്കും അതീതമായി പ്രവര്‍ത്തക്കണമെന്നും സഭാ വിശ്വാസികളെ ഇടയലേഖനം ഓര്‍മ്മപ്പെടുത്തുന്നു. കോലഞ്ചേരി പ്രശ്‌നത്തില്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കുകയായിരുന്നുവെന്നും  ഇതിനാലാണ് സഭ കൂടുതല്‍ പ്രതിഷേധ നിലപാടുകള്‍ സ്വീകരിച്ചതെന്നും സഭാ വിശ്വാസികളെ ഇടയലേഖനം ഉത്‌ബോധിപ്പിക്കുന്നു.

കോലഞ്ചേരി പ്രശ്‌നത്തെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധ സമരവുമായി മുന്നോട്ട് പോയ ഓര്‍ത്തഡോക്‌സ് സഭ പിന്നീട് നടത്തിയ പല പൊതുയോഗങ്ങളിലും മലയാള മനോരമ പത്രത്തെയും സംസ്ഥാന സര്‍ക്കാരിനെയും യു ഡി എഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നിശിതമായി വിമര്‍ശിച്ചിരുന്നു. സഭയുടെ പണം ഉപയോഗിച്ച് സഭാവക സ്ഥലത്ത് നിര്‍മ്മിച്ച മലയാള മനോരമ, ഓര്‍ത്തഡോക്‌സ് സഭയെ താറടിച്ചുകാണിക്കുകയാണെന്നും പലപ്പോഴും എതിര്‍ചേരിയോടാണ് കൂറുപുലര്‍ത്തുന്നതെന്നും പൊതുയോഗങ്ങളില്‍ പരസ്യമായി മെത്രാപോലീത്തമാര്‍തന്നെ കുറ്റപ്പെടുത്തിയിരുന്നു.

സഭയുടെ മാനസപുത്രനെന്ന് വിശേഷിപ്പിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും അടുത്ത ദിവസങ്ങളില്‍ സഭയോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ച സഭയോട് ഉമ്മന്‍ചാണ്ടി നീതി പുലര്‍ത്തിയില്ലെന്നും, ഉമ്മന്‍ചാണ്ടി സഭാ പുത്രനാണെന്ന് പറയാന്‍ ലജ്ജിക്കുന്നുവെന്നും സഭാനേതൃത്വം കഴിഞ്ഞദിവസങ്ങളില്‍ പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സഭാവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ കരോട്ടെ വള്ളക്കാലില്‍ വീട് സഭയുടെയും യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ രണ്ട് തവണ ഉപരോധിച്ചിരുന്നു. ഇത് കൂടാതെ ഉമ്മന്‍ചാണ്ടിയുടെ തന്നെ ഇടവകയായ പുതുപ്പളളി പള്ളിയില്‍പോലും മുഖ്യമന്ത്രിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ പ്രശ്‌നത്തില്‍ റവന്യൂ മന്ത്രി നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കോട്ടയത്തെ ഓഫീസ് ഉപരോധിക്കാനും ഓര്‍ത്തഡോക്‌സ് സഭ മറന്നില്ല. പ്രശ്‌നങ്ങള്‍ ഒട്ടൊന്ന് കെട്ടടങ്ങുമ്പോഴും യു ഡി എഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും മലയാള മനോരമയോടും ക്ഷമിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറല്ലെന്നാണ് ഇടയലേഖനത്തിലൂടെ വ്യക്തമാകുന്നത്.

janayugom 031011

1 comment:

  1. കോലഞ്ചേരി പ്രശ്‌നത്തില്‍ സഭയെ സഹായിക്കാന്‍ കടപ്പെട്ടവരും സഹായിക്കുമെന്ന് പ്രതീക്ഷിച്ചവരും നോവിച്ചിട്ടേയുള്ളൂവെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ ഇടയലേഖനം. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഇന്നലെ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരെയും പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തുന്ന ഇടയലേഖനത്തില്‍ സഭയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച എല്ലാവര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ തന്നെയാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സഭയുടെ എല്ലാ പള്ളികളിലും ഇന്നലെ ഇടയലേഖനം വായിച്ചു.

    ReplyDelete