മാറാട് കലാപത്തിനു മുന്‍പും ശേഷവും ഈ പ്രദേശത്ത് വലിയ തോതില്‍ ഭൂമി ഇടപാട് നടന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു രാജു എബ്രഹാമിനെ മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എസ് പി സി എം പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിയാണെന്ന രീതിയിലാണ് അന്വേഷണം തുടരുന്നത്. ഭൂമി കൈമാറ്റം സംബന്ധിച്ച വിവരശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്നു വരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
വ്യാജ പരസ്യങ്ങള്‍ നല്‍കി സംസ്ഥാനത്ത് വിറ്റഴിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ജില്ലാ ഉപഭോക്തൃ ഫോറങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കുമെന്നും സി ദിവാകരന്‍, ചിറ്റയം ഗോപകുമാര്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍, പി ശ്രീരാമകൃഷ്ണന്‍, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.
ചീഫ് വിപ്പിന്റെ ഓഫീസ് മന്ത്രി പദവിക്കു തുല്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചീഫ് വിപ്പിനെ നിയമിച്ചതു സര്‍ക്കാരണ്. പാമൊലിന്‍ കേസ് വിചാരണ നടത്തുന്ന ജഡ്ജിക്കെതിരേ ചീഫ് വിപ്പ് രാഷ്ട്രപതിക്ക് പരാതി നല്‍കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ തീരുമാനത്തിന്റെയോ നിര്‍ദേശത്തിന്റെയോ ഭാഗമല്ല. പൗരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശം ഉപയോഗിച്ചാണ് പരാതി നല്‍കിയതെന്നു ചീഫ്‌വിപ്പ് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇ പി ജയരാജന്‍, സാജുപോള്‍, കെ രാധാകൃഷ്ണന്‍, പി ടി എ റഹീം എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി അറിയിച്ചു. പുകവലിയും പാന്‍ പരാഗ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വ്യാപക ഉപയോഗവും കുറയ്ക്കാന്‍ പൊലീസ് നടപടി സ്വീകരിക്കുകയാണെന്നു അബ്ദുള്‍ സമദ് സമദാനി, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി കെ ബഷീര്‍, കെ മുഹമ്മദുണ്ണി ഹാജി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. ഫഌറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആറു ജില്ലകളിലെ ഒമ്പതു പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നു പി വി അബ്ദുള്‍ റസാഖിനെ മുഖ്യമന്ത്രി അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ഓഗസ്റ്റ് 31 വരെ 5,85,226 ഫയലുകള്‍ തീരുമാനം കാത്തു കിടക്കുന്നുണ്ടെന്നു എ കെ ശശീന്ദ്രനെ മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏഴ് ഐ എ എസ് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 164 ഐ എ എസ് ഉദ്യോഗസ്ഥരും 125 ഐ പി എസ് ഉദ്യോഗസ്ഥരും 88 ഐ എഫ് എസ് ഉദ്യോഗസ്ഥരും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ ഇത്രയും ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തില്ല. വിദ്യാഭ്യാസ വായ്പകള്‍ക്കുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി പല ബാങ്കുകളും ഈടുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നു കെ ദാസനെ മുഖ്യമന്ത്രി അറിയിച്ചു. പി എസ് സി നടത്തിയ എസ് ഐ ട്രെയ്‌നി, ബിവറജേസ് കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ്, യു പി എസ് ഇ പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ ദുരുപയോഗം ചെയ്‌തെന്നു പാലോട് രവി, വി ടി ബലറാം, അന്‍വര്‍ സാദത്ത്, ടി എന്‍. പ്രതാപന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
എസ് ഐ മെയ്ന്‍ പരീക്ഷയില്‍ മലയാളത്തില്‍ എഴുതാനാകില്ലെന്നു പി എസ് സി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പി എസ് സി യുമായി ചര്‍ച്ച നടത്തുമെന്നു ടി വി രാജേഷിനെ മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ മുഴുവന്‍ ജയിലുകളിലെയും തടവുകാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നു പി സി ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
പാതയോരത്ത് പൊതുയോഗ നിരോധനത്തിനു എതിരേയുള്ള കോടതി വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു കോടിയേരി ബാലകൃഷ്ണന്‍, പി ശ്രീരാമകൃഷ്ണന്‍, വി ശിവന്‍കുട്ടി, ടി വി രാജേഷ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. മൈത്രി ഭവന നിര്‍മാണ പദ്ധതിയിലെ കുടിശ്ശിക എഴുതിത്തള്ളുമെന്നു സി എഫ് തോമസിന്റെ ചോദ്യത്തിന് മന്ത്രി കെ എം മാണി മറുപടി നല്‍കി. എം എന്‍ ലക്ഷം വീട് പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗീതാ ഗോപിയെ മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുതവണയായി പൊതുവിപണിയില്‍ നിന്നു 2000 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്. കൂടാതെ എ ജി യുടെ താല്‍ക്കാലിക കണക്ക് പ്രകാരം 52.16 കോടി രൂപയും കേന്ദ്ര വായ്പയായി 107.74 കോടി രൂപയും ലഭിച്ചിട്ടുണ്ട്. എ ജി യുടെ താല്‍ക്കാലിക കണക്ക് പ്രകാരം 2011 ഓഗസ്റ്റ് വരെ 160.14 കോടി രൂപ കെ എസ് ടി പി, നാഷണല്‍ ഹൈഡ്രോളജിക് പ്രൊജക്ട്, ജലനിധി, കെ എല്‍ എസ് ജി ഡി, ഡി ആര്‍ ഐ പി ഉള്‍പ്പെടെയുള്ള ഡാം സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കു ലോക ബാങ്ക് വായ്പ വിനിയോഗിക്കും. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ കമ്പനികളുടെ 18 ഐസ്‌ക്രീം സാമ്പിളുകളും 34 ഫ്രോസണ്‍ ഡെസര്‍ട്ട് സാമ്പിളുകളും പരിശോധിച്ചതില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍ 4090 അധ്യാപകര്‍ അംഗീകാരമില്ലാതെ ജോലി നോക്കിവരുന്നെന്നു മന്ത്രി പി കെ അബ്ദുറബ്ബ് എളമരം കരീമിനെ അറിയിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഏകജാലക പ്രവേശന പ്രകാരമുള്ള 11,509 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നു എം ചന്ദ്രനെ മന്ത്രി അറിയിച്ചു.
വ്യാജമദ്യം, വ്യാജ സ്പിരിറ്റ് എന്നിവ സംബന്ധിച്ച് ഈ ഓണക്കാലത്ത് 1132 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കഴിഞ്ഞ ഓണത്തിനു 1173 കേസുകള്‍ കണ്ടെത്തിയതായും വി പി സജീന്ദ്രനെ കെ ബാബു അറിയിച്ചു. കാര്‍ഷിക എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കുന്നതിനെ കുറിച്ച പഠിക്കാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ കണ്‍വീനറായ മൂന്നംഗ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മന്ത്രി കെ പി മോഹനന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
പാമൊലിന്‍ കേസില്‍ ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ട് 1999 ഡിസംബര്‍ 31 നും 2006 ഒക്ടോബര്‍ 10 നും കത്തയച്ചിട്ടുണ്ടെന്നും പി കെ ഗുരുദാസന്‍, ജി സുധാകരന്‍, ജയിംസ് മാത്യു, കെ സുരേഷ് കുറുപ്പ് എന്നിവരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 70 വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കോടതി ശുപാര്‍ശ പ്രകാരം മൂന്നു കേസുകളില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി ചെന്താമരാക്ഷനെ മന്ത്രി അറിയിച്ചു.
ദേവസ്വംമന്ത്രിയുടെ ഉത്തരവുകളില്‍ അന്വേഷണം വേണം: പി ചാത്തുക്കുട്ടി
കോഴിക്കോട്: മലബാര്‍ ദേവസ്വംബോര്‍ഡിനെ അസ്ഥിരപ്പെടുത്തി ഭൂമാഫിയയ്ക്കു സഹായകമാകുന്ന ഉത്തരവുകള്‍ ഇറക്കുകയാണ് ദേവസ്വംമന്ത്രിയുടെ ഓഫീസെന്നും ഇക്കാര്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മലബാര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി ചാത്തുക്കുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. റവന്യൂ (ദേവസ്വം) വകുപ്പ് സെക്രട്ടറി കൂടിയായ ചീഫ് സെക്രട്ടറി മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് അയച്ച മൂന്ന് ഉത്തരവുകള്‍ ബോര്‍ഡിന്റെ നിയമാനുസൃത പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനേ ഉപകരിക്കൂ. കയ്യേറ്റക്കാരേയും കര്‍ഷക കുടിയാന്‍മാരേയും വേര്‍തിരിച്ച് കാണാതെ ഒരുപോലെ കാണുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സ്വകാര്യവ്യക്തികളും വന്‍കിടക്കാരും കൈയേറിയതിനെതിരെ ബോര്‍ഡ് ശക്തമായി കോടതിയില്‍ വാദിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് കേസുകള്‍ വാദിക്കുന്നതിനായി വക്കീലന്മാരെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ ജയിച്ചത്. എന്നാല്‍ ബോര്‍ഡ് നിയോഗിച്ച അഡ്വക്കറ്റ് പാനലിനെ തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തത് ഇതിനകം കേസില്‍ തോറ്റ വന്‍കിടഭൂമാഫിയകളെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടറ വാസുദേവ്, മെമ്പര്‍ ആളൂര്‍ പ്രഭാകരന്‍ എന്നിവരും സംബന്ധിച്ചു.
janayugom 041011
മാറാട് കലാപത്തിനു മുന്‍പും ശേഷവും ഈ പ്രദേശത്ത് വലിയ തോതില്‍ ഭൂമി ഇടപാട് നടന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു രാജു എബ്രഹാമിനെ മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എസ് പി സി എം പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിയാണെന്ന രീതിയിലാണ് അന്വേഷണം തുടരുന്നത്. ഭൂമി കൈമാറ്റം സംബന്ധിച്ച വിവരശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്നു വരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
ReplyDelete