Tuesday, October 4, 2011

ബിപിഎല്‍ പട്ടിക ക്ഷേമപദ്ധതികള്‍ക്ക് മാനദണ്ഡമാക്കില്ലെന്ന് കേന്ദ്രം

പ്രതിദിനം 26 രൂപയില്‍ കൂടുതല്‍ ചെലവിടുന്ന ഗ്രാമീണരും 32 രൂപയിലധികം ചെലവഴിക്കുന്ന നഗരവാസികളും സമ്പന്നരാണെന്ന കണക്കുകള്‍ താല്‍ക്കാലികംമാത്രമെന്ന് ആസൂത്രണകമീഷന്‍ . സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ദാരിദ്യരേഖാ നിര്‍വചനം വിവാദമായതോടെ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയയാണ് പുതിയ വാദവുമായി എത്തിയത്. കമീഷന്റെ ദാരിദ്ര്യനിര്‍ണയ മാനദണ്ഡത്തിന് സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധമില്ലെന്ന് ഗ്രാമവികസനമന്ത്രി ജയറാം രമേശിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അലുവാലിയ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അര്‍ഹരായവര്‍ ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സംയുക്തസമിതിക്ക് രൂപം നല്‍കുമെന്ന് ജയറാം രമേശും അലുവാലിയയും പറഞ്ഞു.

സുപ്രീംകോടതിയിലെ വിവാദ സത്യവാങ്മൂലത്തെതുടര്‍ന്ന് കമീഷനും സര്‍ക്കാരിനുമെതിരെ വിമര്‍ശം രൂക്ഷമായ ഘട്ടത്തിലാണ് മുഖംരക്ഷിക്കല്‍ ശ്രമവുമായി അലുവാലിയയും ജയറാം രമേശും രംഗത്തുവന്നത്. അലുവാലിയ ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെകൂടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംയുക്തവാര്‍ത്താസമ്മേളനം. ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമവികസന മന്ത്രാലയം നടത്തുന്ന സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസാവും (എസ്ഇസിസി) അടിസ്ഥാനമാക്കുകയെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കമീഷന്റെ ബിപിഎല്‍ പട്ടികയുമായി അതിന് ബന്ധമില്ല. 2012 ജനുവരിയോടെ ഈ സെന്‍സസ് പൂര്‍ത്തിയാകും. എസ്ഇസിസി വഴി ശേഖരിക്കുന്ന പിന്നോക്ക-ദാരിദ്ര്യ സൂചികകളെ ആധാരമാക്കിയാവും ഗ്രാമങ്ങളില്‍ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ബിപിഎല്‍ വിഭാഗമെന്ന തരംതിരിവ് ഒഴിവാക്കി മുന്‍ഗണനാ വിഭാഗമെന്ന നിലയിലാവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. എസ്ഇസിസി കണ്ടെത്തലിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുമായും വിദഗ്ധരുമായും പൗരസംഘടനകളുമായും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തും. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും എസ്ഇസിസി വഴി ഗുണഭോക്താക്കളെ കണ്ടെത്തുക. ഇതിനായി വിദഗ്ധസമിതിയെ നിയമിക്കും- പ്രസ്താവനയില്‍ പറഞ്ഞു.

കമീഷന്‍ നല്‍കിയ സത്യവാങ്മൂലം കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രമായിരുന്നുവെന്ന് അലുവാലിയ പറഞ്ഞു. ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം തയ്യാറാക്കിയ ദാരിദ്ര്യനിരക്കാണ് നല്‍കിയത്. ഈ കണക്കുപ്രകാരം രാജ്യത്ത് 32 ശതമാനത്തോളം പേരാണ് ദരിദ്രര്‍ . എന്നാലിത് 2004-05ലെ വിലകളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഇപ്പോഴത്തെ വിലനിരക്കുകളുടെ അടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇപ്പോഴത്തെ പണപ്പെരുപ്പനിരക്ക് കൂടി ഉള്‍ച്ചേര്‍ത്ത് നല്‍കിയപ്പോഴാണ് ഗ്രാമങ്ങളില്‍ 26 ഉം നഗരങ്ങളില്‍ 32 ഉം ദാരിദ്ര്യപട്ടിക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി മാറിയത്. സന്തുഷ്ടമായ ഒരു ജീവിതത്തിന് മതിയായ വരുമാനമാണിതെന്ന അഭിപ്രായം കമീഷനില്ല. വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യമായി ലഭിക്കും എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ഈ വരുമാനകണക്ക്. ഈ നിരക്ക് ആധാരമാക്കി വേണം ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് എന്ന നിലപാട് കമീഷനില്ല. ഭക്ഷ്യസുരക്ഷാ ബില്ലില്‍ മുന്‍ഗണനാ വിഭാഗമെന്ന സങ്കല്‍പ്പം കൊണ്ടുവന്ന് 41 ശതമാനം ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കാനാണ് വ്യവസ്ഥചെയ്യുന്നത്-അലുവാലിയ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 041011

No comments:

Post a Comment