Tuesday, October 11, 2011

ഉദ്യോഗസ്ഥന്‍ ഗ്യാലറിയില്‍നിന്നും എം എ ബേബിക്കുനേരെ അംഗവിക്ഷേപം കാട്ടി; പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

ഉദ്യോഗസ്ഥന്‍ ഗ്യാലറിയില്‍നിന്നും എം എ ബേബിക്കുനേരെ ആംഗ്യവിക്ഷേപം കാട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന് സ്പീക്കര്‍ നാല്‍പ്പത് മിനിട്ട് സഭ നിര്‍ത്തിവെച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മന്ത്രി കെ സി ജോസഫ് മറുപടി പറയവെയാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രിയുടെ മറുപടിക്കിടെ ക്രമപ്രശ്‌നമുന്നയിച്ച എം എ ബേബി സംസാരിക്കവെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം എതിര്‍വശത്തുള്ള ഉദ്യോഗസ്ഥ ഗ്യാലറിയിലിരുന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തോമസ് ഐസക്കാണ് ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗ്യാലറിയിലെ രണ്ടാംനിരയില്‍ ഇരിക്കുന്ന വ്യക്തി കൈകൊണ്ട് ആംഗ്യം കാട്ടിയെന്ന് ഐസക്ക് പറഞ്ഞു. ആംഗ്യം കാട്ടിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.

ആംഗ്യം കാട്ടിയ ആളെ ഗ്യാലറിയില്‍നിന്നും ഇറക്കിവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. ചട്ടം അനുസരിച്ചേ നടപടിയെടുക്കാനാവുവെന്നും അക്കാര്യം പരിശോധിക്കാമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി ചെയറിനുസമീപത്തേക്ക് നീങ്ങി. ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളെ വെല്ലുവിളിച്ച് ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേറ്റു. ഇതിനിടയില്‍ പ്രതിപക്ഷത്തെ ചില അംഗങ്ങളെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഭരണപക്ഷ ബഞ്ചുകളില്‍ നിന്നുണ്ടായി. ഭരണപക്ഷത്തെ ഹൈബി ഈഡനും അന്‍വര്‍ സാദത്തും വി പി സജീന്ദ്രനും ഉള്‍പ്പടെയുള്ള അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചെയറിനു സമീപത്തെത്തി പ്രതിപക്ഷാംഗങ്ങളെ പോരിനുവിളിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിരോധ നിരതീര്‍ത്തു.

തുടര്‍ന്ന് പ്രതിപക്ഷം തങ്ങളുടെ സീറ്റിലേക്കു മടങ്ങുന്നതിനിടെ വീണ്ടും മോശമായ പദപ്രയോഗങ്ങളുണ്ടായി. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ചെറിയ തോതില്‍ ഉന്തുംതള്ളുമുണ്ടായി. കയ്യാങ്കളിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന സ്ഥിതിയായതോടെ ഇരുഭാഗത്തെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അംഗങ്ങളെ പിന്തിരിപ്പിച്ചു. നാല്‍പ്പത് മിനിറ്റിനുശേഷമാണ് വീണ്ടും സഭ ചേര്‍ന്നത്. സ്പീക്കര്‍ റൂളിങ് നല്‍കി. സഭ നടത്തിക്കൊണ്ടുപോകാന്‍ ഇരുവിഭാഗത്തിന്റെയും സഹകരണമുണ്ടാകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അംഗങ്ങളോടു സഭാനടപടിക്രമങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് പറഞ്ഞുകൊടുക്കണം. എന്തെങ്കിലുമുണ്ടായാലുടന്‍ മിന്നല്‍ വേഗത്തില്‍ ബാക്ക് ബഞ്ചില്‍ നിന്നും അംഗങ്ങള്‍ സംഘടിച്ച് മുന്‍നിരയിലേക്ക് എത്തുന്നത് ശരിയല്ല. ചെയറിനുനേരെ ആക്രോശിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് അപമാനകരമാണ്. ഭരണ- പ്രതിപക്ഷാംഗങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നടപടികള്‍ ചെയര്‍ സ്വീകരിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ഗ്യാലറിയില്‍ ഇരുന്ന് ആംഗ്യം കാട്ടിയ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ശിക്ഷാവിധേയമാണെങ്കില്‍ നടപടിയെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

janayugom 111011

1 comment:

  1. ഉദ്യോഗസ്ഥന്‍ ഗ്യാലറിയില്‍നിന്നും എം എ ബേബിക്കുനേരെ ആംഗ്യവിക്ഷേപം കാട്ടിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി. തുടര്‍ന്ന് സ്പീക്കര്‍ നാല്‍പ്പത് മിനിട്ട് സഭ നിര്‍ത്തിവെച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മന്ത്രി കെ സി ജോസഫ് മറുപടി പറയവെയാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രിയുടെ മറുപടിക്കിടെ ക്രമപ്രശ്‌നമുന്നയിച്ച എം എ ബേബി സംസാരിക്കവെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം എതിര്‍വശത്തുള്ള ഉദ്യോഗസ്ഥ ഗ്യാലറിയിലിരുന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തോമസ് ഐസക്കാണ് ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗ്യാലറിയിലെ രണ്ടാംനിരയില്‍ ഇരിക്കുന്ന വ്യക്തി കൈകൊണ്ട് ആംഗ്യം കാട്ടിയെന്ന് ഐസക്ക് പറഞ്ഞു. ആംഗ്യം കാട്ടിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു.

    ReplyDelete