Sunday, October 9, 2011

യുവാവിനെ ലോക്കപ്പില്‍ തല്ലിച്ചതച്ചു; അവശനായി മെഡി. കോളേജില്‍

പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന കാരണത്താല്‍ യുവാവിനെ ലോക്കപ്പില്‍ തല്ലിച്ചതച്ചു. ചന്ദ്രനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രന്റെ മകന്‍ സജീവ്(21)ആണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. ശരീരമാസകലം പരിക്കേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും വാരിയെല്ലിനും പരിക്കുണ്ട്. ശരീരം അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചെവിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പകല്‍ നാലിനാണ് ചന്ദ്രനഗറിലെ വീട്ടില്‍നിന്ന് ആറ് പൊലീസുകാര്‍ വന്ന് സജീവനെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഒരു രാത്രിയും പകലും യുവാവ് മര്‍ദനത്തിനിരയായി. യാക്കരയിലെ യുവതിയുമായി പ്രണയത്തിലായ യുവാവിനെ യുവതിയുടെ അച്ഛന്റെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ശനിയാഴ്ച വൈകിട്ടാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. ലോക്കപ്പ്മര്‍ദനം വാര്‍ത്തയായപ്പോള്‍ കള്ളപരാതി രജിസ്റ്റര്‍ ചെയ്തുവെന്നാണ് സജീവന്റെ വീട്ടുകാര്‍ പറയുന്നത്. ആറുമാസം മുമ്പ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അച്ഛനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചെന്നുമാണ് പരാതി. ശനിയാഴ്ച രാവിലെയാണ് പരാതി ലഭിച്ചതെന്ന് പറയുന്ന പൊലീസ്, സജീവനെ വെള്ളിയാഴ്ച വൈകിട്ട് നാലിന് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല.

സജീവന്റെ അച്ഛനെ അന്വേഷിച്ചുവന്ന പൊലീസുകാരില്‍ രണ്ടുപേര്‍ മഫ്തിയിലും മറ്റുള്ളവര്‍ യൂണിഫോമിലുമായിരുന്നു. പാലക്കാടിനടുത്ത പിരിവുശാലയില്‍ ചന്ദ്രനെ കണ്ട പൊലീസുകാര്‍ സ്ഥലം കൊടുക്കാനുണ്ടോയെന്ന് അന്വേഷിക്കുകയും മകന്‍ വീട്ടിലുണ്ടോയെന്ന് തിരക്കുകയും ചെയ്തിരുന്നു. മകന്‍ വീട്ടിലുണ്ടെന്നു പറഞ്ഞയുടന്‍ ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. ചന്ദ്രനഗറില്‍ എത്തിയപ്പോള്‍ സജീവനെ വിട്ടില്‍നിന്നും ബലമായി പിടിച്ചിറക്കുകയായിരുന്നു. ഡിവൈഎസ്പി പി ബി പ്രശോഭിന്റെ നേതൃത്വത്തില്‍ നിരവധി പൊലീസുകാര്‍ മകനെ മര്‍ദിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട്മുതല്‍ മര്‍ദനം തുടങ്ങി. രാത്രി ഒമ്പതിന് ഭക്ഷണം നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മകന്‍ അവശനായിരുന്നു. മകന്റെ കാര്യം അന്വേഷിക്കാന്‍ ശനിയാഴ്ച വൈകിട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സ് വരുന്നതാണ് കണ്ടത്. സ്ട്രെക്ച്ചറില്‍ കിടത്തി സജീവിനെ പൊലീസുകാര്‍ തന്നെയാണ് ആംബുലന്‍സില്‍ തനിയെ സ്വകാര്യ സ്കാനിങ് സെന്ററിലേക്ക് കയറ്റിവിട്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സ്കാനിങ് സെന്ററില്‍ മൃതപ്രായനായി മകനെ കണ്ട മാതാപിതാക്കളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

deshabhimani 091011

1 comment:

  1. പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന കാരണത്താല്‍ യുവാവിനെ ലോക്കപ്പില്‍ തല്ലിച്ചതച്ചു. ചന്ദ്രനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രന്റെ മകന്‍ സജീവ്(21)ആണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. ശരീരമാസകലം പരിക്കേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും വാരിയെല്ലിനും പരിക്കുണ്ട്.

    ReplyDelete