Tuesday, October 4, 2011

മോഡിയുടേത് കൊലപാതക രാഷ്ട്രീയം: മഹേഷ് ഭട്ട്

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ജന്മനാട്ടില്‍ ഫാസിസം അതിന്റെ കൊടിനാട്ടിയതിന് തെളിവാണ് സത്യം വിളിച്ചുപറഞ്ഞ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റെന്ന് പ്രമുഖ സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട്. ഹരേണ്‍ പാണ്ഡ്യവധക്കേസിലും ഗുജറാത്ത് വംശഹത്യക്കേസുകളിലും സാക്ഷിയായ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നടപടി കൊലപാതകരാഷ്ട്രീയമാണ്. ക്രിമിനലിനെയെന്നപോലെയാണ് സഞ്ജീവ് ഭട്ടിനെ തടവിലിട്ടത്. അന്‍ഹദ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ സദ്ഭാവനാനാടകത്തിന്റെ പൊരുള്‍ എന്തെന്ന് ഭട്ടിന്റെ അറസ്റ്റിലൂടെ വ്യക്തമായി. സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സത്യം വിളിച്ചുപറയുന്നവര്‍ മധ്യപ്രദേശിലും ഗുജറാത്തിലും കൊലചെയ്യപ്പെടുകയാണ്-മഹേഷ് ഭട്ട് പറഞ്ഞു. സത്യം വിളിച്ചുപറഞ്ഞതിന് ഗുജറാത്തില്‍ ആദ്യം കൊലചെയ്യപ്പെട്ടയാളാണ് ഹരേണ്‍ പാണ്ഡ്യയെന്ന് ഗുജറാത്തിലെ മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ വെളിപ്പെടുത്തി. ഭയപ്പെടുത്താനാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. മോഡിയുടെ സദ്ഭാവനായജ്ഞം അന്ധമായ ആരാധന വളര്‍ത്താനാണ്. സത്യം വിളിച്ചുപറയുന്നവരോട് മോഡിക്ക് ദുഷ്ഭാവന മാത്രമാണ്. സഞ്ജീവ് ഭട്ടിനെ കാണാന്‍പോലും മുന്‍ ഡിജിപിയായ തന്നെ അനുവദിക്കാത്തത് ചട്ടലംഘനമാണ്-അദ്ദേഹം പറഞ്ഞു. മോഡിക്കെതിരെ ഗുജറാത്തില്‍ ഉയരുന്ന ജനവികാരത്തെ തിരിച്ചുവിടാനാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതെന്ന് ശബ്നം ഹാഷ്മി ആരോപിച്ചു. പ്രധാനമന്ത്രിയാകാനല്ല ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ വരാനാണ് മോഡി ശ്രമിക്കുന്നത്-ശബ്നം പറഞ്ഞു.

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്: സര്‍ക്കാരിന് നോട്ടീസ്

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് മൊഴി നല്‍കിയതിന് അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ്. വെള്ളിയാഴ്ച അറസ്റ്റിലായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സെഷന്‍സ് കോടതി ജഡ്ജി വി കെ വ്യാസ് മോഡി സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം, സഞ്ജീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കത്തെഴുതി. ഭര്‍ത്താവിന് നീതി ലഭിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെടണം. മറ്റു കേസുകളും അദ്ദേഹത്തിന്റെമേല്‍ ചുമത്താനിടയുണ്ട്. ഗുജറാത്ത് ഡിജിപി ചിത്തരഞ്ജന്‍ സിങ്ങിനും അഹമ്മദാബാദ് കമീഷണര്‍ സുധീര്‍ സിന്‍ഹയ്ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനും പരാതി നല്‍കിയിരുന്നെങ്കിലും ഒരു മറുപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ആരോപിച്ച് സഞ്ജീവിനെതിരെ കേസെടുത്തു. അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ ആഭ്യന്തരവകുപ്പ് അദ്ദേഹത്തിനെതിരെ കുറ്റപത്രം തയ്യാറാക്കി. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ കോടതി സഞ്ജീവിനെ സബര്‍മതി ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഗോധ്രസംഭവത്തിനുശേഷം നടന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ ഭട്ട് തന്റെമേല്‍ സമ്മര്‍ദംചെലുത്തിയെന്ന് പറഞ്ഞ് കോണ്‍സ്റ്റബിള്‍ കെ ഡി പന്ത് നല്‍കിയ പരാതിയിലാണ് സഞ്ജീവിനെ അറസ്റ്റുചെയ്തത്. ഈ യോഗത്തില്‍ മുസ്ലിങ്ങളെ ഉന്മൂലനംചെയ്യാന്‍ മുഖ്യമന്ത്രി മോഡി നിര്‍ദേശിച്ചെന്ന വെളിപ്പെടുത്തലിന് പ്രതികാരമായാണ് അറസ്റ്റ്. സംഘപരിവാറുകാരെ തടയരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി നിര്‍ദേശിച്ചിരുന്നെന്ന് സഞ്ജീവ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിലായശേഷം രണ്ടുതവണ പൊലീസ് സഞ്ജീവിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. സഞ്ജീവിനെ അറസ്റ്റ്ചെയ്തതില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

deshabhimani 041011

1 comment:

  1. ഗാന്ധിജിയുടെ ജന്മനാട്ടില്‍ ഫാസിസം അതിന്റെ കൊടിനാട്ടിയതിന് തെളിവാണ് സത്യം വിളിച്ചുപറഞ്ഞ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റെന്ന് പ്രമുഖ സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട്. ഹരേണ്‍ പാണ്ഡ്യവധക്കേസിലും ഗുജറാത്ത് വംശഹത്യക്കേസുകളിലും സാക്ഷിയായ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നടപടി കൊലപാതകരാഷ്ട്രീയമാണ്. ക്രിമിനലിനെയെന്നപോലെയാണ് സഞ്ജീവ് ഭട്ടിനെ തടവിലിട്ടത്. അന്‍ഹദ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete