Monday, October 10, 2011

മാരുതി തൊഴിലാളികള്‍ക്കു നേരെ വെടിവയ്പ്

മാരുതിസുസുക്കി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും പണിമുടക്ക് ആരംഭിച്ച തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടകളുടെ വെടിവയ്പ്. സുസുക്കി മാനേജ്മെന്റിന്റെ ഒത്താശയോടെ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ വെടിവയ്പില്‍ മൂന്നുതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ഗുണ്ടകളില്‍ രണ്ടുപേരെ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അതിനിടെ, തൊഴിലാളികള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച് സമരം ചെയ്തെന്ന് ആരോപിച്ച് മാനേജ്മെന്റ് ഞായറാഴ്ച 15 പേരെ പുറത്താക്കുകയും 10 പേരെ സസ്പെന്‍ഡുചെയ്യുകയും ചെയ്തു. ഗുഡ്ഗാവിലെ സുസുക്കിയുടെ സ്കൂട്ടര്‍ പ്ലാന്റിനുമുന്നില്‍ സമാധാനപരമായി കുത്തിയിരിപ്പ് നടത്തിയ തൊഴിലാളികള്‍ക്ക് നേരെ കാറിലെത്തിയ ആക്രമികള്‍ മൂന്നുതവണ വെടിവയ്ക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ തൊഴിലാളികള്‍ ചിതറിയോടി. വെടിവയ്പിനു ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് രണ്ട് അക്രമികളെ തൊഴിലാളികള്‍ പിടിച്ചത്. കാറില്‍നിന്ന് ആയുധങ്ങളും മദ്യകുപ്പികളും കണ്ടെടുത്തു.

മാരുതിയടക്കം ഗുഡ്ഗാവിലെ വിവിധ കമ്പനികള്‍ക്ക് തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന കരാറുകാരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സിഐടിയു ഹരിയാന സംസ്ഥാന പ്രസിഡന്റ് സത്ബീര്‍ സിങ് അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ്യൂണിയന്‍ നേതാക്കള്‍ ഗുഡ്ഗാവ് പൊലീസ് കമീഷണറെ കണ്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കെത്തിയ കരാറുകാരനെ തൊഴിലാളികള്‍ ആക്രമിച്ചുവെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെച്ചന്നുമാണ് സുസുക്കി മാനേജ്മെന്റ് പ്രചരിപ്പിക്കുന്നത്. സസ്പെന്‍ഷനിലായ 44 പേരൊഴികെ മറ്റു തൊഴിലാളികളെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. എന്നാല്‍ , സമരം ഒത്തുതീര്‍ന്ന് ഒരാഴ്ച കഴിഞ്ഞിട്ടും 1,200 കരാര്‍ തൊഴിലാളികളെയും 200 ട്രെയിനികളെയും തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെയാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് തിരിഞ്ഞത്.
(എം പ്രശാന്ത്)

deshabhimani 101011

1 comment:

  1. മാരുതിസുസുക്കി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും പണിമുടക്ക് ആരംഭിച്ച തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടകളുടെ വെടിവയ്പ്. സുസുക്കി മാനേജ്മെന്റിന്റെ ഒത്താശയോടെ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ വെടിവയ്പില്‍ മൂന്നുതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ഗുണ്ടകളില്‍ രണ്ടുപേരെ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അതിനിടെ, തൊഴിലാളികള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച് സമരം ചെയ്തെന്ന് ആരോപിച്ച് മാനേജ്മെന്റ് ഞായറാഴ്ച 15 പേരെ പുറത്താക്കുകയും 10 പേരെ സസ്പെന്‍ഡുചെയ്യുകയും ചെയ്തു.

    ReplyDelete