Monday, October 10, 2011

കേരളം ഇരുട്ടിലേക്ക്

പ്രതിസന്ധിയുടെ പേരില്‍ ജലവൈദ്യുത വൈദ്യുതിനിലയങ്ങളില്‍ നിയന്ത്രണമില്ലാതെ പരമാവധി ഉല്‍പ്പാദനം നടത്തുന്നത് വേനല്‍ക്കാലത്ത് കേരളത്തില്‍ പൂര്‍ണ പവര്‍കട്ടിന് ഇടയാക്കും. വേനല്‍ മുന്നില്‍കണ്ട് ജലവിഭവ വിനിയോഗത്തില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ വൈദ്യുതിബോര്‍ഡോ സര്‍ക്കാരോ തയ്യാറാകുന്നില്ല. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തേതുപോലെ സംസ്ഥാനത്തെ 100 ശതമാനം പവര്‍കട്ടിലേക്കും ഇരുട്ടിലേക്കും കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇത്തവണ നല്ല മഴ കിട്ടിയതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ സംഭരണികള്‍ 90 ശതമാനവും നിറഞ്ഞിരിക്കുമ്പോഴാണ് സമ്പൂര്‍ണ പവര്‍കട്ട് എന്ന ദുരന്തത്തിലേക്കു പോകുന്നത്.

നിലവില്‍ 3500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ട്. തുലാവര്‍ഷം, വേനല്‍ മഴ എന്നിവയിലൂടെ 2000 മെഗാവാട്ട് ഉല്‍പ്പാദനത്തിനുള്ള നീരൊഴുക്ക് കൂടി ബോര്‍ഡ് പ്രതീക്ഷിക്കുന്നു. ജൂണ്‍ ഒന്നിലേക്ക് 700 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനത്തിന് വെള്ളം കരുതലുണ്ടാകണം. മണ്‍സൂണ്‍ വൈകല്‍ സാധ്യതയും സംഭരണികളിലേക്ക് നീരൊഴുക്കിനുള്ള കാലതാമസവും പരിഗണിച്ചാണ് ഈ കരുതല്‍ . തന്മൂലം അടുത്ത 230 ദിവസത്തേക്ക് പ്രതിദിന ഉല്‍പ്പാദനം 20 ദശലക്ഷം യൂണിറ്റായി പരിമിതപ്പെടുത്തണം. എന്നാല്‍ , ഇപ്പോള്‍ 30-31 ദശലക്ഷം യൂണിറ്റുവരെ ഉല്‍പ്പാദിപ്പിക്കുന്നു. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് അവസാനമാകുമ്പോള്‍ ജലസംഭരണികള്‍ വറ്റിവരളും. വ്യവസായ-കാര്‍ഷികമേഖലകള്‍ക്ക് ഇതുകനത്ത തിരിച്ചടിയാകും. പരീക്ഷാക്കാലത്ത് വിദ്യാര്‍ഥികളും പ്രതിസന്ധിയിലാകും.

കേന്ദ്ര നിലയങ്ങളില്‍നിന്ന് വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സര്‍ക്കാരും വൈദ്യുതിബോര്‍ഡും പ്രചരിപ്പിക്കുന്നു. വീഴ്ച മറയ്ക്കാനാണ് ഈ പ്രചാരണം. കേന്ദ്ര നിലയങ്ങളില്‍നിന്ന് 760 മെഗാവാട്ടുവരെ ഇപ്പോള്‍ കിട്ടുന്നു. മുന്‍കാലങ്ങളില്‍ 400-450 മെഗാവാട്ടുവരെ ലഭിച്ച അനുഭവവുമുണ്ട്. തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍ടിപിസിയുടെ രാമഗുണ്ടം താപനിലയത്തില്‍നിന്നുള്ള വിതരണം നിലച്ചതിനാലാണ് പ്രതിസന്ധിയുണ്ടായതെന്നാണ് സര്‍ക്കാര്‍ വാദം. രാമഗുണ്ടം നിലയത്തിലെ 500 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ഒരു യൂണിറ്റ് മാത്രമാണ് അടച്ചത്. കേന്ദ്രനിലയങ്ങളില്‍ വാര്‍ഷിക അറ്റകുറ്റപ്പണി ജൂലൈമുതല്‍ ഫെബ്രുവരി വരെയാണ് നടക്കുക. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ മൂന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കിടയിലും 760 മെഗാവാട്ടുവരെ കേന്ദ്ര നിലയങ്ങളില്‍നിന്ന് സംസ്ഥാനത്തിനുലഭിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഇതെല്ലാം മുന്‍കൂട്ടികണ്ട് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാന്‍ മറ്റ് സംസ്ഥാനങ്ങളുമായി കരാറുണ്ടാക്കിയിരുന്നു. സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന മൂന്ന് നിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം പുനരാരംഭിച്ചാല്‍ ഇപ്പോഴുള്ള കുറവ് നികത്താനാകും. കായംകുളം എന്‍ടിപിസിയുടെ 360 മെഗാവാട്ട്, കൊച്ചിയിലെ സ്വകാര്യക്കമ്പനിയുടെ 157 മെഗാവാട്ട്, കാസര്‍കോട് താപനിലയത്തിലെ 20 മെഗാവാട്ട് പ്ലാന്റുകളാണ് അടച്ചിട്ടിരിക്കുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 101011

1 comment:

  1. പ്രതിസന്ധിയുടെ പേരില്‍ ജലവൈദ്യുത വൈദ്യുതിനിലയങ്ങളില്‍ നിയന്ത്രണമില്ലാതെ പരമാവധി ഉല്‍പ്പാദനം നടത്തുന്നത് വേനല്‍ക്കാലത്ത് കേരളത്തില്‍ പൂര്‍ണ പവര്‍കട്ടിന് ഇടയാക്കും. വേനല്‍ മുന്നില്‍കണ്ട് ജലവിഭവ വിനിയോഗത്തില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ വൈദ്യുതിബോര്‍ഡോ സര്‍ക്കാരോ തയ്യാറാകുന്നില്ല. ഇത് മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തേതുപോലെ സംസ്ഥാനത്തെ 100 ശതമാനം പവര്‍കട്ടിലേക്കും ഇരുട്ടിലേക്കും കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഇത്തവണ നല്ല മഴ കിട്ടിയതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ സംഭരണികള്‍ 90 ശതമാനവും നിറഞ്ഞിരിക്കുമ്പോഴാണ് സമ്പൂര്‍ണ പവര്‍കട്ട് എന്ന ദുരന്തത്തിലേക്കു പോകുന്നത്.

    ReplyDelete