Wednesday, October 5, 2011

ഇനി ഇരുളില്‍ രാപ്പാര്‍ക്കാം...

ആണ്ടില്‍ ആറുമാസവും തിമിര്‍ത്ത് മഴ കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്. ഇക്കണക്കിന് പോയാല്‍ 10 വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ ഇരുട്ടിലാകുമെന്ന് മന്ത്രി ആര്യാടന്‍ സഭയില്‍തന്നെ സമ്മതിച്ചു. വൈദ്യുതിരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരും ആസൂത്രണത്തില്‍ പിടിപ്പുകേടില്‍ മത്സരിക്കുന്ന യുഡിഎഫ് സര്‍ക്കാരും കേരളത്തെ ഇരുട്ടിലാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വേനല്‍കാലത്ത് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതിഉപഭോഗം 52 ദശലക്ഷം യൂണിറ്റാണ്. അതില്‍ 36 ദശലക്ഷവും വൈകിട്ട് 6.30 മുതല്‍ രാത്രി പത്തുവരെയും. 3000 മെഗാവാട്ട് വൈദ്യുതി കിട്ടിയാല്‍ മാത്രമേ ഇത് നിറവേറ്റനാകൂ. എന്നാല്‍ , കേരളത്തിലെ ജലവൈദ്യുതിപദ്ധതികളില്‍നിന്ന് പരമാവധി 1800 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദിപ്പിക്കാനാകുക. ഇപ്പോള്‍ നാലു ജനറേറ്റര്‍ കേടായി കിടക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്നത് 1550 മെഗാവാട്ട്. 30 മെഗാവാട്ട് കാറ്റാടിയന്ത്രത്തില്‍നിന്ന് ലഭിക്കും. കേന്ദ്ര പൂളില്‍നിന്ന് 1100 മെഗവാട്ട് കിട്ടണമെങ്കിലും പലപ്പോഴും കിട്ടുന്നതാകട്ടെ 700- 750 മെഗാവാട്ട് മാത്രം. ആകെ 2300 മെഗാവാട്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ബാക്കി 700 മെഗാവാട്ട് വൈദ്യുതി പുറമെനിന്ന് കണ്ടെത്തണം. 1987ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ട് കാര്യമായ പ്രവര്‍ത്തനം നടന്നത്. 1086 മെഗാവാട്ടിന്റെ വൈദ്യുതിപദ്ധതികള്‍ അന്ന് കമീഷന്‍ ചെയ്തു. അതിനുമുമ്പത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് (1991-96) 17ഉം തുടര്‍ന്നുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36ഉം മെഗാവാട്ട് വൈദ്യുതിപദ്ധതികള്‍ മാത്രമാണ് കമീഷന്‍ ചെയ്യാനായത്. എന്നാല്‍ , കേന്ദ്രസര്‍ക്കാരാകട്ടെ സംസ്ഥാനത്തിന്റെ വൈദ്യുതി പദ്ധതി നിര്‍ദേശങ്ങളോട് മുഖം തിരിക്കുകയുംചെയ്തു. ഇക്കാലത്തെ ഭാവനയില്ലായ്മയാണ് സംസ്ഥാനത്തെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിസ്ഥാനം.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിരംഗത്ത് വിപ്ലവകരമായ നടപടികള്‍ക്കാണ് തുടക്കമിട്ടത്. കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 120 മെഗാവാട്ടിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 730 മെഗാവാട്ടിന്റെ വിവിധ പദ്ധതികള്‍ ആരംഭിക്കുകയുംചെയ്തു. തന്നെയുമല്ല പത്തുവര്‍ഷം കഴിഞ്ഞുള്ള വൈദ്യുതി ഉപഭോഗം മുന്നില്‍ കണ്ടുള്ള ചില പദ്ധതികളുടെ ആലോചനകള്‍ക്ക് തുടക്കമിടാനും കഴിഞ്ഞു. ആതിരപ്പള്ളി, ചീമേനി, ഒഡിഷയിലെ കല്‍ക്കരിപ്പാടം പദ്ധതി തുടങ്ങിയ 3000 മെഗവാട്ടിന്റെ പദ്ധതികളാകെ സ്തംഭിച്ചിരിക്കുകയാണ്. ഇവയ്ക്കുപകരം കാണാനും യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസരണ നഷ്ടംകുറയ്ക്കാന്‍ കോടികളുടെ പദ്ധതിയാണ് നടപ്പാക്കി. 206 സബ്്സ്റ്റേഷനുകള്‍ നിര്‍മാണംതുടങ്ങി. നൂറിലേറെ സബ്്സ്റ്റേഷനുകളുടെ പണി പൂര്‍ത്തിയാക്കി. 10,000 കിലോമീറ്റര്‍ 11 കെവി ലൈന്‍ വലിച്ചു. എല്ലാ വീടുകളിലും സിഎഫ്എല്‍ ബള്‍ബ് സൗജന്യമായി വിതരണംചെയ്തു. വൈദ്യുതി പ്രതിസന്ധി മുന്നില്‍ കണ്ട് മറ്റു കമ്പികളുമായി മുന്‍കൂര്‍ കരാറുണ്ടാക്കാനും കഴിഞ്ഞു. ആസൂത്രണത്തിലെ മികവ് മൂലം വൈദ്യുതിബോര്‍ഡിനെ കഴിഞ്ഞ വര്‍ഷം 21 കോടിയുടെ ലാഭം ഉണ്ടാക്കാനും ഒരുദിവസം പോലും വൈദ്യുതി ലോഡ് ഷെഡിങ് ഇല്ലാതെ കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കാനും കഴിഞ്ഞു.3 സ്വകാര്യ കമ്പനിയുമായി കൂടിയ വിലയ്ക്ക് കരാര്‍

മുമ്പ് കിട്ടിയത് 350 മെഗാവാട്ട്; കട്ടില്ല ഇപ്പോള്‍ 750 മെഗാവാട്ട്; അരമണിക്കൂര്‍ ഇരുട്ട്

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വൈ്യുതിബോര്‍ഡ് ഇടിത്തീപോലെയാണ് ലോഡ് ഷെഡിങ് പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ലോഡ് ഷെഡിങ് പകല്‍ നേരത്തേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രതിസന്ധി സംബന്ധിച്ച് വ്യാപക ചര്‍ച്ചയായി. കേന്ദ്രപൂളില്‍നിന്ന് 400 മെഗാവാട്ട് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വൈദ്യുതിബോര്‍ഡും യുഡിഎഫ് സര്‍ക്കാരും പറയുന്നു. പക്ഷേ, ഇതല്ല പ്രതിസന്ധിക്ക് കാരണമെന്ന് കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു.

ഇപ്പോള്‍ കേന്ദ്രത്തില്‍നിന്ന് 700-800 മെഗാവാട്ട് വൈദ്യുതി കിട്ടുന്നുണ്ടെന്ന് വൈദ്യുതിബോര്‍ഡുതന്നെ സമ്മതിക്കുന്നു. 2010 സെപ്തംബര്‍ , ഒക്ടോബര്‍ , ഡിസംബര്‍ മാസങ്ങളില്‍ കേരളത്തിന് കേന്ദ്രവിഹിതമായി കിട്ടിയത് 350 മെഗാവാട്ട് മാത്രമാണ്. അന്നും നാല് ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്നു. റിസര്‍വോയറില്‍ 40 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വെള്ളം. ഇന്ന് 90 ശതമാനം വെള്ളമുണ്ട്. എന്നാല്‍ , മുന്‍ വര്‍ഷം ഒരു ദിവസംപോലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നില്ല. വൈദ്യുതിബോര്‍ഡിന്റെ നാമമാത്ര ലാഭമല്ല, സംസ്ഥാനത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാനാണ് അന്ന് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തിന്റെ വൈദ്യുതിവിഹിതം കേന്ദ്രം മനഃപൂര്‍വം വെട്ടിക്കുറച്ചിരുന്നു. എന്നിട്ടും മികച്ച മാനേജ്മെന്റിലൂടെയും ഡീസല്‍ വൈദ്യുതി വാങ്ങി വിതരണം ചെയ്തുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടില്‍നിന്ന് രക്ഷിച്ചത്.

ഡീസല്‍ വൈദ്യുതി വാങ്ങി നല്‍കിയാല്‍ നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ വാദം. ഈ വര്‍ഷം ബോര്‍ഡിന്റെ പ്രവര്‍ത്തനലാഭം 36 കോടി രൂപയാണ്. സമഗ്ര പരിശോധന പൂര്‍ത്തിയായാല്‍ ലാഭം 50 കോടി കവിയും. ഇക്കുറി സമീപ പതിറ്റാണ്ടിലെതന്നെ മികച്ച മഴയും ലഭിച്ചു. ഇതും ലാഭം കൂട്ടും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബോര്‍ഡിന്റെ കടം 4500 കോടിയായിരുന്നത് അഞ്ചുവര്‍ഷംകൊണ്ട് 1500 കോടി രൂപയായി കുറച്ചു. ഇതിന്റെ പലിശയില്‍ത്തന്നെ കോടികളുടെ കുറവുണ്ടാകും. ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിരിക്കെയാണ് യുഡിഎഫ് കേരളത്തെ ഇരുട്ടിലാക്കിയത്.

ദേശാഭിമാനി 051011

1 comment:

  1. ആണ്ടില്‍ ആറുമാസവും തിമിര്‍ത്ത് മഴ കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്. ഇക്കണക്കിന് പോയാല്‍ 10 വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ ഇരുട്ടിലാകുമെന്ന് മന്ത്രി ആര്യാടന്‍ സഭയില്‍തന്നെ സമ്മതിച്ചു. വൈദ്യുതിരംഗം സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരും ആസൂത്രണത്തില്‍ പിടിപ്പുകേടില്‍ മത്സരിക്കുന്ന യുഡിഎഫ് സര്‍ക്കാരും കേരളത്തെ ഇരുട്ടിലാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

    ReplyDelete