Wednesday, October 5, 2011

മലബാര്‍ ദേവസ്വംബോര്‍ഡിന് കൂച്ചുവിലങ്ങിടരുത്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ , തെരഞ്ഞെടുക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിടാനോ മരവിപ്പിക്കാനോ ശ്രമം നടക്കുകയാണ്. ആദ്യം നോട്ടമിട്ടത് സഹകരണ ബാങ്കുകളെയാണ്. സര്‍വകലാശാലകളുടെ ഭരണം കൈപ്പിടിയിലൊതുക്കാനും ശ്രമം നടന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കറ്റും പിരിച്ചുവിട്ടു. യുഡിഎഫിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം കൈമാറി. ഇതിന്റെയൊക്കെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുംതന്നെയാണെന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവില്‍ മലബാര്‍ ദേവസ്വംബോര്‍ഡിന്റെ ദൈനംദിന ഭരണം മരവിപ്പിക്കാനാണ് ശ്രമം. ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് ഭൂമാഫിയകളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും സഹായിക്കാനാണെന്നതില്‍ തര്‍ക്കമില്ല. ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. പി ചാത്തുക്കുട്ടിയും അംഗങ്ങളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധവും അന്യായവുമായ ഇടപെടലിന്റെ യഥാര്‍ഥ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രസ്റ്റിമാരുടെ നിയമനം തടയല്‍ , ബോര്‍ഡിനുവേണ്ടി അഭിഭാഷകരെ നിയമിക്കുന്നത് തടസ്സപ്പെടുത്താനുള്ള ഇടപെടല്‍ , ബോര്‍ഡ് ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിച്ചാല്‍ ഗ്രാന്റ് തടയുമെന്ന ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ജനാധിപത്യ ഭരണക്രമത്തില്‍ ഒരിക്കലും അരുതാത്തതാണ് നടന്നിരിക്കുന്നത്.

മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരണത്തിന് ദീര്‍ഘമായൊരു ചരിത്രമുണ്ട്. മലബാറിലെ ഒരു ക്ഷേത്രജീവനക്കാരന്‍ ദി ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖം സ്വമേധയാ ഹര്‍ജിയായി സ്വീകരിച്ചാണ് മലബാര്‍ ദേവസ്വംബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്ന് 1995ല്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുധര്‍മ സ്ഥാപനവകുപ്പിലെ ഉദ്യോഗസ്ഥമേധാവികളുടെ കൈയിലായിരുന്നു. ജീവനക്കാര്‍ക്ക് വ്യക്തമായ സേവനവേതന വ്യവസ്ഥകള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. പട്ടിണിക്കൂലിമാത്രം വാങ്ങി ജീവിതം തള്ളിനീക്കിയ ജീവനക്കാരുടെ ദയനീയാവസ്ഥയ്ക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണത്തിനും ക്ഷേത്രജീവനക്കാര്‍ക്ക് ന്യായമായ വേതനം നല്‍കാനും മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. 1996 മുതല്‍ 2001 വരെ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമെടുത്തു. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമമാക്കാതെ കാലഹരണപ്പെടുത്തി. പിന്നീട് ഒരു കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിക്ക് വിട്ടു. ഏതാനും ജില്ലകളില്‍നിന്നുമാത്രം തെളിവെടുപ്പ് നടത്തിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ മരവിപ്പിക്കാനിടയായി. ചുരുക്കത്തില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുന്നതിന് അന്നത്തെ മന്ത്രിസഭയും യുഡിഎഫ് നേതൃത്വവും എതിരായിരുന്നെന്ന് തെളിഞ്ഞതാണ്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം കണ്ടില്ലെന്നും നടിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 2008 അവസാനം മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചത്. ബോര്‍ഡ് രൂപീകരിച്ചശേഷം ക്ഷേത്രജീവനക്കാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിച്ചു. ആയിരത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി. പെന്‍ഷന്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ക്ഷേത്രങ്ങളില്‍നിന്ന് ബോര്‍ഡിന് നിയമാനുസരണം ലഭിക്കാനുള്ള വിഹിതം പിരിച്ചെടുക്കാന്‍ സത്വരനടപടി സ്വീകരിച്ചു. ജീവനക്കാരുടെ പരാതി കേള്‍ക്കാനും അവയ്ക്ക് പരിഹാരം കാണാനും അദാലത്തുകള്‍ നടത്തി. ക്ഷേത്രഭരണത്തില്‍ അടുക്കും ചിട്ടയുമുണ്ടാക്കി. ട്രസ്റ്റിമാര്‍ നടത്തുന്ന അഴിമതി അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമി ഭൂമാഫിയകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും അന്യായമായി കൈയേറി കൈവശപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനടപടി ആരംഭിച്ചു.

ഇത് യുഡിഎഫ് സര്‍ക്കാരിനെ അലോസരപ്പെടുത്തിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തില്‍ ശക്തമായി ഇടപെട്ടുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് ഭരണപരമായ സകല ചെലവും വഹിക്കുന്ന ബോര്‍ഡ് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന പല തീരുമാനവും കൈക്കൊള്ളുന്നതായി അറിയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് തടയുമെന്ന ഭീഷണി പുറപ്പെടുവിച്ചിരിക്കുകയാണ്. അധിക ചെലവ് എന്താണെന്ന സൂചനപോലും നല്‍കാതെയാണ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഭാവനയില്‍നിന്നുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഉത്തരവില്‍ മലബാര്‍ ദേവസ്വംബോര്‍ഡിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകന്റെ നിയമനം നിര്‍ത്തിവയ്ക്കണമെന്ന് അറിയിച്ചിരിക്കുന്നു. എല്ലാ പാരമ്പര്യേതര ട്രസ്റ്റിമാരുടെയും നിയമനങ്ങള്‍ നടത്തുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് മൂന്നാമത്തെ ഉത്തരവിലെ ആവശ്യം. മലബാര്‍ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം അന്യായമായും നിയമവിരുദ്ധമായും മരവിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ ക്ഷേത്രജീവനക്കാരും ക്ഷേത്രവിശ്വാസികളും ജനാധിപത്യവാദികളുമായ സകലരും നിര്‍ബന്ധിതരായ സാഹചര്യമാണ് ഉളവായിരിക്കുന്നത്.

deshabhimani 051011

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ , തെരഞ്ഞെടുക്കപ്പെട്ട സ്വയംഭരണസ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിടാനോ മരവിപ്പിക്കാനോ ശ്രമം നടക്കുകയാണ്. ആദ്യം നോട്ടമിട്ടത് സഹകരണ ബാങ്കുകളെയാണ്. സര്‍വകലാശാലകളുടെ ഭരണം കൈപ്പിടിയിലൊതുക്കാനും ശ്രമം നടന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കറ്റും പിരിച്ചുവിട്ടു. യുഡിഎഫിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം കൈമാറി. ഇതിന്റെയൊക്കെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുംതന്നെയാണെന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവില്‍ മലബാര്‍ ദേവസ്വംബോര്‍ഡിന്റെ ദൈനംദിന ഭരണം മരവിപ്പിക്കാനാണ് ശ്രമം.

    ReplyDelete