Wednesday, October 5, 2011

വലതുസര്‍ക്കാര്‍ വാര്‍ത്തകള്‍ - ഐസ്ക്രീം, പാമോലിന്‍, പിള്ള

ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു; മൊഴി മാറ്റിക്കാനും ശ്രമിച്ചെന്ന് യുവതികള്‍

കോഴിക്കോട്: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന നിലയില്‍ പ്രത്യേകാന്വേഷണസംഘം മുമ്പാകെ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഐസ്ക്രീം കേസിലെ ഇരകളായ ബിന്ദു, റോസ്ലിന്‍ എന്നിവര്‍ വീണ്ടും മൊഴി നല്‍കി. ഇടയ്ക്ക് മൊഴിമാറ്റേണ്ടി വന്നത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ഷെരീഫിന്റെ ഭീഷണി മൂലമാണെന്നും ഡിവൈഎസ്പിമാരായ വേണുഗോപാല്‍ , ജെയ്സണ്‍ കെ എബ്രഹാം എന്നിവരോട് യുവതികള്‍ പറഞ്ഞു.

ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തോട്, ചുമതല ഏറ്റെടുത്ത ഉടനെ കുഞ്ഞാലിക്കുട്ടിക്കെതിരെ യുവതികള്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം ഷെരീഫ് ഇവരെ ഫോണില്‍ വിളിച്ച് ഡിവൈഎസ്പി വേണുഗോപാല്‍ അടുത്ത ദിവസം നിങ്ങളെ വിളിക്കുമെന്നും ചോദ്യങ്ങള്‍ ഇന്നവയായിരിക്കുമെന്നും അതിന് ഇന്നവ്വിധം മറുപടി നല്‍കണമെന്നും പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഭരണം തങ്ങള്‍ക്കാണെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് വിളിച്ച പ്രകാരം ചെന്ന് നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറയേണ്ടി വന്നു. പൊലീസ് ചോദിച്ചത് ഷെരീഫ് പഠിപ്പിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു. മൊഴിമാറ്റിയത് ഭീഷണിമൂലമാണെന്ന് യുവതികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ത്രേട്ട് (ഒന്ന്) കോടതിയെയും മുഖ്യമന്ത്രിയെയും മറ്റും കത്ത് വഴി അറിയിച്ചിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് പൊലീസ് സംഘം മൂന്നാംതവണയും യുവതികളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കത്തില്‍ പറഞ്ഞ വിവരങ്ങള്‍ യുവതികള്‍ പൊലീസിനോടും തിങ്കളാഴ്ച ആവര്‍ത്തിച്ചു.

പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ എസ്പിക്ക് ഐപിഎസ്

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് എസ്പിക്ക് ഐപിഎസ് നല്‍കാന്‍ തീരുമാനിച്ചു. വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം എസ്പി വി എന്‍ ശശിധരനാണ് ഐപിഎസ് സ്ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയത്. ഇദ്ദേഹം ഉള്‍പ്പെടെ പത്തു പേരെയാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മറ്റാരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കാണിച്ചാണ് വിജിലന്‍സ് എസ്പി തുടരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡസ്മണ്ട് നെറ്റോ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിരാകരിച്ച കോടതി വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വന്‍ വിവാദത്തിന് തിരികൊളുത്തി. തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്നും വിജിലന്‍സ് ജഡ്ജി പികെ ഹനീഫ പിന്മാറുകയുംചെയ്തു. സംസ്ഥാസര്‍ക്കാര്‍ 30 പേരുടെ പട്ടികയാണ് ഐപിഎസിനായി സ്ക്രീനിങ് കമ്മിറ്റിക്ക് നല്‍കിയത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത പത്തു പേരില്‍ മൂന്നാം പേരുകാരനാണ് വി എന്‍ ശശിധരന്‍ .

പിള്ളയ്ക്ക് അനധികൃതസൗകര്യം: മുഖ്യമന്ത്രിക്ക് അയച്ച വക്കീല്‍ നോട്ടീസിനു മറുപടിയില്ല

തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ചട്ടം ലംഘിച്ച് ഫോണ്‍ ചെയ്യാനടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് അയച്ച വക്കീല്‍നോട്ടീസിന് രണ്ടുമാസമായിട്ടും മറുപടിയില്ല. അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിനു ശിക്ഷിച്ച പിള്ളയെ ജയിലില്‍നിന്ന് വിട്ടയക്കാന്‍ പ്രത്യേക ഉത്തരവിറക്കിയ മുഖ്യമന്ത്രിയുടെ നടപടി അഴിമതിനിരോധന നിയമപ്രകാരം കുറ്റമാണ്. പിള്ള ജയിലില്‍നിന്ന് മൊബൈല്‍ഫോണ്‍ വഴി മന്ത്രിമാരെ നിരന്തരം വിളിച്ചിട്ടുണ്ടെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാര്‍ഥി മഹേഷ് മോഹനാണ് തൃശൂരിലെ അഭിഭാഷകന്‍ അഡ്വ. പി എ ശിവരാജന്‍ വഴി ആഗസ്ത് ഒമ്പതിന് നോട്ടീസയച്ചത്. ആഗസ്ത് അഞ്ചിനാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ച് മുഖ്യമന്ത്രി പ്രത്യേക ഉത്തരവിറക്കിയത്. ഇത് അധികാരദുര്‍വിനിയോഗമാണ്. കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവരാനും കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ തുടങ്ങിയവക്കും അനുമതിനല്‍കിയത് ജയില്‍ചട്ടങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. രജിസ്ട്രേഡായും ഫാക്സായും ഇമെയിലായും നോട്ടീസ് മുഖ്യമന്ത്രിക്ക് അയച്ചുവെങ്കിലും മറുപടിയുണ്ടായില്ല. നിവേദനം ആഭ്യന്തരവകുപ്പിനു കൈമാറിയെന്നു മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ദേശാഭിമാനി 051011

2 comments:

  1. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന നിലയില്‍ പ്രത്യേകാന്വേഷണസംഘം മുമ്പാകെ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഐസ്ക്രീം കേസിലെ ഇരകളായ ബിന്ദു, റോസ്ലിന്‍ എന്നിവര്‍ വീണ്ടും മൊഴി നല്‍കി. ഇടയ്ക്ക് മൊഴിമാറ്റേണ്ടി വന്നത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ഷെരീഫിന്റെ ഭീഷണി മൂലമാണെന്നും ഡിവൈഎസ്പിമാരായ വേണുഗോപാല്‍ , ജെയ്സണ്‍ കെ എബ്രഹാം എന്നിവരോട് യുവതികള്‍ പറഞ്ഞു.

    ReplyDelete
  2. ശബരിമല സീസണിന്റെ മുന്നൊരുക്ക യോഗത്തില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ പി സി ജോര്‍ജ് എംഎല്‍എ ഇറക്കിവിട്ടു. മന്ത്രി ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഒഴിവാക്കല്‍ . ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ യോഗത്തിന്റെ ചടങ്ങുകള്‍ വീഡിയോ ക്യാമറകളില്‍ പകര്‍ത്തിക്കൊണ്ടിരുന്നപ്പോഴാണ് പി സി ജോര്‍ജ് ഇവരെ ബലമായി ഇറക്കിവിട്ടത്. ഇതൊന്നും "കവര്‍" ചെയ്യേണ്ട കാര്യമില്ലെന്നു പറഞ്ഞാണ് ഇവരെ ഒഴിവാക്കിയത്. ഇതോടെ ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. കാലങ്ങളായി എല്ലാവര്‍ഷവും നടക്കുന്ന മുന്നൊരുക്ക അവലോകന യോഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുന്നത് പതിവാണ്. മാധ്യമ പ്രവര്‍ത്തകര്‍ വിലയേറിയ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുകയും പതിവാണ്. പി സി ജോര്‍ജ് എംഎല്‍എയുടെ നടപടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

    ReplyDelete