Thursday, October 20, 2011

കാക്കനാടന്‍സ്മൃതി

പ്രതിഭാധനനായ കാക്കനാടന്റെ വിയോഗത്തോടെ മലയാളനോവല്‍സാഹിത്യം കൂടുതല്‍ ദരിദ്രമായിരിക്കുകയാണ്. പുതിയ ഭാഷയിലൂടെയും ഭാവനയിലൂടെയും നോവല്‍ -കഥാസാഹിത്യലോകത്തെ പുതിയ ഭാവുകത്വത്തിലേക്ക് ഉണര്‍ത്തിയ സാഹിത്യകാരന്‍ എന്ന നിലയില്‍ മലയാളസാഹിത്യചരിത്രത്തില്‍ ചിരസ്മരണീയനായിരിക്കും ജോര്‍ജ് വര്‍ഗീസ് എന്ന കാക്കനാടന്‍ . റിയലിസത്തിന്റെ ആവര്‍ത്തനംകൊണ്ട് ഏതാണ്ട് ചെടിച്ചുതുടങ്ങിയ അനുവാചകരെ ആധുനികതയുടെ അതുവരെ അപരിചിതമായിരുന്ന അനുഭൂതിമണ്ഡലങ്ങളിലേക്ക് ഉയര്‍ത്തിയ എഴുത്തുകാരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. ആ ദൗത്യനിര്‍വഹണത്തിനായി അദ്ദേഹം തന്റേതായ ഒരു ഭാഷയും ആഖ്യാനരീതിയും കണ്ടെത്തി.

മലയാളനോവല്‍സാഹിത്യചരിത്രത്തില്‍ അത് സുപ്രധാന വഴിത്തിരിവ് കുറിച്ചു. ആ പ്രക്രിയയിലാണ്, തകഴിയുടെയും പൊന്‍കുന്നം വര്‍ക്കിയുടെയും കേശവദേവിന്റെയും ഒക്കെ ഭാഷയില്‍നിന്നും സാഹിത്യസങ്കേതങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ആഖ്യാനസമ്പ്രദായം ഇവിടെയുണ്ടായത്. അതാകട്ടെ, മഹാന്മാരായ മുന്‍ഗാമികളെ തിരസ്കരിച്ചുകൊണ്ടല്ല, മറിച്ച് അവര്‍ക്ക് നവീനമാനങ്ങളുള്ള തുടര്‍ച്ച സൃഷ്ടിച്ചുകൊണ്ടാണ് ശ്രദ്ധേയമായത്. ഒറോത, ഉഷ്ണമേഖല, വസൂരി, സാക്ഷി, അജ്ഞതയുടെ താഴ്വര എന്നിങ്ങനെ അനുഭവസാന്ദ്രതയുള്ള നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചു. കമ്യൂണിസ്റ്റ്് മാതൃകാവ്യക്തിത്വങ്ങളെ അടുത്തുകണ്ട് വളര്‍ന്ന ബാല്യമായിരുന്നു കാക്കനാടന്റേത്. തന്റെ രാഷ്ട്രീയബോധത്തെ സ്ഫുടംചെയ്ത കാലമാണത് എന്ന് കാക്കനാടന്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. സാഹിത്യത്തില്‍ വഴിമാറി നടന്ന അദ്ദേഹം, ഒരിക്കലും തന്റെ സാമൂഹ്യബോധത്തില്‍നിന്നോ രാഷ്ട്രീയബോധത്തില്‍നിന്നോ വഴിമാറി നടന്നിട്ടില്ല. എല്ലാ ഘട്ടത്തിലും എല്ലാ പുരോഗമന നിലപാടുകളോടും അദ്ദേഹം ചേര്‍ന്നുതന്നെ നിന്നു.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വേദികളില്‍ മുതല്‍ മാനവികതയ്ക്കുവേണ്ടിയുള്ള മനുഷ്യച്ചങ്ങലകളില്‍വരെ അദ്ദേഹത്തിന്റെ പ്രചോദനകരമായ സാന്നിധ്യമുണ്ടായി. എന്നാല്‍ , പുതിയ ഭാവുകത്വത്തിന്റെ സൃഷ്ടിക്കുവേണ്ടി ഉഴറിയ ആ മനസ്സ് എന്നും നവീനതയുടെ പിന്നാലെ നിഴല്‍പോലെ നീങ്ങി. അതിനെ അത്യന്താധുനികതയുടെ ഭാഗമായുള്ള ജീവിതനിരാസത്തിന്റെയും ഏകാന്തതാവാഞ്ഛയുടെയും മൃത്യുപാസനയുടെയും നീക്കങ്ങളായി പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ , ഏകാന്തമായ മനസ്സിന്റെ യാത്രകള്‍ക്ക് അതിന്റേതായ പ്രസക്തിയും സാംഗത്യവും ഉണ്ടെന്ന് വിശ്വസിച്ച കാക്കനാടന്‍ അവയൊന്നും സാമൂഹ്യമായ ഒന്നിന്റെയും നിരാകരണമാവുന്നില്ല എന്ന പക്ഷക്കാരനായിരുന്നു. ഇടതുപക്ഷത്തോട് അദ്ദേഹം സമ്മിശ്രമനോഭാവമാണ് പുലര്‍ത്തിയത് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ , സാഹിത്യരൂപങ്ങളിലൂടെ വിമര്‍ശാത്മകസമീപനം പുലര്‍ത്തുമ്പോള്‍പോലും അത് ഒരു വിധത്തിലും ഇടതുപക്ഷത്തിന്റെ വിനാശത്തിനായി ഉദ്ദേശിക്കപ്പെട്ടവയായിരുന്നില്ല എന്നതാണ് സത്യം. സാഹിത്യകൃതികളില്‍ ചിലതിനെ മുന്‍നിര്‍ത്തി ഇടതുപക്ഷം കാക്കനാടനെ വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശം കാക്കനാടനിലെ സര്‍ഗാത്മകതയെ സംഹരിക്കാനുദ്ദേശിച്ചുള്ളതായിരുന്നില്ല. ഇത് ഇരുകൂട്ടര്‍ക്കും നന്നായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കാക്കനാടനും ഇടതുപക്ഷത്തിനുമിടയില്‍ പരസ്പരമുള്ള മനസിലാക്കലിന്റെയും ആദരിക്കലിന്റെയും മനോഭാവം എന്നും നിറഞ്ഞുനിന്നു. ആത്യന്തികമായി എന്നും മനുഷ്യപുരോഗതിയുടെ പക്ഷത്തായിരുന്നു കാക്കനാടന്‍ . അതുകൊണ്ടുതന്നെയാണ് അമിതാധികാര സ്വേച്ഛാധിപത്യത്തിന്റേതായ ഒരു ഘട്ടം അടിയന്തരാവസ്ഥയുടെ രൂപത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്റെ സര്‍ഗാത്മകതകൊണ്ടുതന്നെ രൂക്ഷമായി അദ്ദേഹം പ്രതികരിച്ചത്. ആ നിര്‍ഭയത്വം കാക്കനാടനില്‍ എന്നും ജ്വലിച്ചുനിന്നു. അറുപതുകളുടെ ഒടുവില്‍ മലയാളനോവല്‍സാഹിത്യത്തില്‍ നവോത്ഥാനത്തിന്റെ ദാര്‍ശനിക സമസ്യകള്‍ക്ക് പുതിയ മാനം നല്‍കാനാണ് കാക്കനാടന്റെ തലമുറ ശ്രമിച്ചത്. മനുഷ്യപ്രകൃതിയുടെ ആന്തരികഭാവങ്ങളെ സാമൂഹ്യജീവിതവുമായി കോര്‍ത്തിണക്കിത്തന്നെയാണ് കാക്കനാടന്‍ വിശകലനം ചെയ്തത്. മനുഷ്യാവസ്ഥയുടെ സന്ദിഗ്ധതകളെ കലാസുന്ദരങ്ങളായ സാഹിത്യരൂപങ്ങളാക്കി രൂപപ്പെടുത്താനുള്ള ശ്രമത്തിനിടയിലും കാക്കനാടന്‍ സമൂഹത്തെ മറന്നിരുന്നില്ല എന്ന് ചുരുക്കം. എതിര്‍പ്പും എതിരേല്‍പ്പും ഒരുപോലെ ഏറ്റുവാങ്ങിയ കാക്കനാടന്റെ തലമുറയുടെ കലാസൃഷ്ടികള്‍ ഇനിയും വേണ്ടത്ര ശ്രദ്ധയോടെ പഠിക്കപ്പെട്ടിട്ടില്ല. മനുഷ്യന്റെ, അതും ഒറ്റപ്പെട്ട മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങളെ പ്രതിഫലിപ്പിക്കാന്‍ ആദ്യനോവലായ "സാക്ഷി" മുതല്‍തന്നെ കാക്കനാടന്‍ ശ്രദ്ധിച്ചു. അതാകട്ടെ, സമൂഹത്തിന്റെ സാംഗത്യത്തെ നിരാകരിച്ചുകൊണ്ടായിരുന്നില്ല. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്‍ എങ്ങനെയാണ് സമൂഹത്തില്‍ അന്യനായിത്തീരുന്നത് എന്ന അന്വേഷണം തന്റെ കലാസപര്യയുടെ ആധാരശിലയായി മാറ്റിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ , ഇത് ഈ അര്‍ഥത്തിലാണോ വിലയിരുത്തപ്പെട്ടത് എന്നത് മറ്റൊരു കാര്യം. സാക്ഷിയിലെ നാരായണന്‍കുട്ടിതന്നെ വിവിധ നോവലുകളില്‍ വിവിധ പേരുകളില്‍ കടന്നുവരുന്നു. ജീവിതത്തിന് അര്‍ഥമില്ല എന്നുപറയുമ്പോഴും, അര്‍ഥമുള്ളത് മരണത്തിന് മാത്രമാണ് എന്നുപറയുമ്പോഴും കാക്കനാടന്‍ അന്വേഷിച്ചത് ജീവിതത്തെയും ജീവിതയോഗ്യമായ അവസ്ഥകളെയുമല്ലേ എന്ന് ആലോചിക്കേണ്ടതുണ്ട്. ഏകാന്തത ഒരു അനുഗ്രഹമായി ഏറ്റെടുക്കുന്നുവെന്ന് പ്രത്യക്ഷത്തില്‍ ഭാവിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ കാക്കനാടന്‍ ചെയ്തത് ഏകാന്തതയുടെ സംഘര്‍ഷങ്ങളെയും കൂട്ടുചേരലിന്റെ അഭാവമുണ്ടാക്കുന്ന വൈഷമ്യങ്ങളെയും അവതരിപ്പിക്കുക തന്നെയാണ്.

കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനുണ്ടായതെന്ന് ചിലര്‍ ആരോപിക്കുന്ന അപചയത്തെയാണ് കാക്കനാടന്‍ ഉഷ്ണമേഖലയില്‍ ആവിഷ്കരിച്ചത് എന്നു പറയുന്നവരുണ്ട്. ശിവന്‍ എന്ന കഥാപാത്രത്തിന്റെ വിശ്വാസത്തകര്‍ച്ചയും ദാരുണമായ ജീവിതഗതിയും പുരോഗമനരാഷ്ട്രീയമുള്ള ഒരു തലമുറയുടെ പൊതുഭാവമായിരുന്നുവെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചവരുണ്ട്. എന്നാല്‍ , എല്ലാം തകര്‍ന്നുപോയി എന്ന നൈരാശ്യത്തില്‍ ഉഴറിവീഴുന്ന തലമുറയ്ക്ക് അതിജീവനത്തിന്റെ വഴികള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനായിരുന്നു സത്യത്തില്‍ കാക്കനാടന്‍ ശ്രമിച്ചത്.

ഏഴാംമുദ്രയിലെ ബാബു, അജ്ഞതയുടെ താഴ്വരയിലെ മനു എന്നിവര്‍ സ്വാതന്ത്ര്യമെന്ന മഹത്തായ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതും, അവര്‍ ഉഷ്ണമേഖലയ്ക്കുശേഷമുണ്ടായ കൃതിയിലെ കഥാപാത്രങ്ങളാണെന്നതും അശുഭചിന്തകളല്ല, മറിച്ച് പ്രത്യാശയുടെ ചിന്തകളാണ് എന്നും കാക്കനാടനെ നയിച്ചത് എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ദളിത് സാഹിത്യം ആധുനിക സമൂഹത്തില്‍ ചര്‍ച്ചാവിഷയമാവുന്നതിനും എത്രയോ മുമ്പുതന്നെ "അജ്ഞതയുടെ താഴ്വര" എന്ന നോവലിലൂടെ ഉള്ളാടന്മാരും ഉള്ളാടത്തികളും അവരുടെ പ്രാക്തനനൃത്തരൂപങ്ങളും മറ്റും അവരുടെ തനതായ സംസ്കൃതിയുടെ പശ്ചാത്തലത്തില്‍തന്നെ ഇവിടെ ആവിഷ്കരിക്കപ്പെട്ടു. ജനങ്ങളോടും ജനകീയ സംസ്കാരത്തോടുമുള്ള കാക്കനാടന്റെ പ്രതിബദ്ധതയെത്തന്നെയാണിത് കാണിക്കുന്നത്. തന്റെ നാടിനെയും കാലത്തെയും തന്റെ സാഹിത്യകൃതികളില്‍ പ്രതിഫലിപ്പിച്ച കാക്കനാടനും അദ്ദേഹത്തിന്റെ കൃതികളും മലയാള നോവല്‍സാഹിത്യചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുറപ്പിക്കുന്നു. ദേശാഭിമാനിയോട് എന്നും സൗഹൃദം പുലര്‍ത്തിയ ആ മഹാനായ കഥാകാരന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ .

deshabhimani editorial 201011

1 comment:

  1. പ്രതിഭാധനനായ കാക്കനാടന്റെ വിയോഗത്തോടെ മലയാളനോവല്‍സാഹിത്യം കൂടുതല്‍ ദരിദ്രമായിരിക്കുകയാണ്. പുതിയ ഭാഷയിലൂടെയും ഭാവനയിലൂടെയും നോവല്‍ -കഥാസാഹിത്യലോകത്തെ പുതിയ ഭാവുകത്വത്തിലേക്ക് ഉണര്‍ത്തിയ സാഹിത്യകാരന്‍ എന്ന നിലയില്‍ മലയാളസാഹിത്യചരിത്രത്തില്‍ ചിരസ്മരണീയനായിരിക്കും ജോര്‍ജ് വര്‍ഗീസ് എന്ന കാക്കനാടന്‍ . റിയലിസത്തിന്റെ ആവര്‍ത്തനംകൊണ്ട് ഏതാണ്ട് ചെടിച്ചുതുടങ്ങിയ അനുവാചകരെ ആധുനികതയുടെ അതുവരെ അപരിചിതമായിരുന്ന അനുഭൂതിമണ്ഡലങ്ങളിലേക്ക് ഉയര്‍ത്തിയ എഴുത്തുകാരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. ആ ദൗത്യനിര്‍വഹണത്തിനായി അദ്ദേഹം തന്റേതായ ഒരു ഭാഷയും ആഖ്യാനരീതിയും കണ്ടെത്തി.

    ReplyDelete