കൂത്തുപറമ്പ് വെടിവെയ്പ് പുനരന്വേഷിക്കണം: വിഎസ്
കൂത്തുപറമ്പ് വെടിവെയ്പ് കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുനരന്വേഷണമാവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എം വി ജയരാജന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണെന്ന് വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവായ കെ സുധാകരന്റെ പങ്ക് വ്യക്തമാക്കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ കത്ത് നല്‍കിയത്. കേസില്‍ എംവി രാഘവനെയും കെ സുധാകരനെയും പ്രതി ചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കൂത്തുപറമ്പ്: പുനരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമാകും
കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവയ്പ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ നിഗമനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന തെളിവുകള്‍ പുറത്തുവന്നതോടെ പുനരന്വേഷണത്തിന് പ്രസക്തിയേറി. കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷനും ശരിവച്ചിരുന്നു. സുധാകരന്റെ പങ്കാളിത്തം സംബന്ധിച്ച പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഗൂഢാലോചനയ്ക്കു പിന്നിലെ കണ്ണികളെക്കുറിച്ചും വ്യക്തത വന്നു. പുതിയ തെളിവുകള്‍ പുറത്തുവന്നാല്‍ എതു ഘട്ടത്തിലും പുനഃരന്വേഷണം നടത്തണമെന്ന കോടതി വിധികള്‍ സര്‍ക്കാരിനെ അന്വേഷണത്തിനു നിര്‍ബന്ധിതമാക്കും.
1995 ജനുവരി 20ന് യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ജില്ലാ ജഡ്ജി പത്മനാഭന്‍ നായര്‍ കമീഷന്റെ അന്വേഷണത്തില്‍ , മന്ത്രിയായിരുന്ന എം വി രാഘവനും ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണിയും കണ്ണൂര്‍ ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു. 1997 മെയ് 27-നാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റാരോപിതര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്. 2000 ജൂണ്‍ 28ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി 2001 ജൂലൈ 12ന് എഫ്ഐആര്‍ റദ്ദാക്കി. സംഭവദിവസം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.
പത്മനാഭന്‍ നായര്‍ കമീഷന്‍ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷിക്കുന്നതിനു പകരം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അഞ്ചു പേരെയും ശയ്യാവലംബിയായ പുഷ്പന്‍ ഉള്‍പ്പെടെയുള്ള തൊണ്ണൂറ്റഞ്ചോളം സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് അന്ന് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഈ കേസില്‍ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. പത്മനാഭന്‍നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണവും സുപ്രീംകോടതി നിര്‍ദേശവും ഇപ്പോഴും നടപ്പായിട്ടില്ല. വെടിവയ്പ്പിലേക്കു നയിച്ച ഒരു സാഹചര്യവും കൂത്തുപറമ്പില്‍ ഉണ്ടായിരുന്നില്ലെന്നും വെടിവയ്പ്പ് ആസൂത്രിതമാണെന്നും പത്മനാഭന്‍നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിയെ സമാധാനപരമായി കരിങ്കൊടി കാണിക്കുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല. മന്ത്രി എത്തിയയുടനെ വെടിവയ്പ്പ് ആരംഭിച്ചതായും കമീഷന്‍ വ്യക്തമാക്കി.
അധ്യക്ഷനാകേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്റെ വെളിപ്പെടുത്തലിനും ഏറെ പ്രാധാന്യമുണ്ട്. പൊലീസ് അഭ്യര്‍ഥന മാനിച്ച് വഴിമധ്യേ മടങ്ങിയെന്നാണ് രാമകൃഷ്ണന്‍ പറഞ്ഞത്. എം വി രാഘവന്റെ വാഹനവ്യൂഹം തടയപ്പെട്ടിരുന്നില്ല, പരിപാടിയില്‍ പങ്കെടുക്കാന്‍ രാഘവന് തടസ്സം അനുഭവപ്പെട്ടില്ല, ഉദ്ഘാടന വേദിയില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് വെടിവയ്പ്പ് എന്നീ വസ്തുതകള്‍ ഗൂഢാലോചന ശരിവയ്ക്കുന്നു. വെടിവയ്ക്കാന്‍ അധികാരമില്ലാതിരുന്ന ഉദ്യോഗസ്ഥരും ചുമതലയില്‍ ഇല്ലാതിരുന്നവരും പൊലീസ് നടപടിയില്‍ പങ്കാളികളായി എന്നതും സിപിഐ എമ്മും പി രാമകൃഷ്ണനും ഉന്നയിച്ച വസ്തുതകളെ ബലപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്.
(പി പി സതീഷ്കുമാര്‍)
deshabhimani 091011
കൂത്തുപറമ്പ് വെടിവയ്പ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ നിഗമനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന തെളിവുകള്‍ പുറത്തുവന്നതോടെ പുനരന്വേഷണത്തിന് പ്രസക്തിയേറി. കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷനും ശരിവച്ചിരുന്നു. സുധാകരന്റെ പങ്കാളിത്തം സംബന്ധിച്ച പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഗൂഢാലോചനയ്ക്കു പിന്നിലെ കണ്ണികളെക്കുറിച്ചും വ്യക്തത വന്നു. പുതിയ തെളിവുകള്‍ പുറത്തുവന്നാല്‍ എതു ഘട്ടത്തിലും പുനഃരന്വേഷണം നടത്തണമെന്ന കോടതി വിധികള്‍ സര്‍ക്കാരിനെ അന്വേഷണത്തിനു നിര്‍ബന്ധിതമാക്കും.
ReplyDelete