ജലക്ഷാമം: ടുവാലുവില്‍ അടിയന്തര നടപടികള്‍
ഫുനാഫട്ടി: ജലക്ഷാമത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട പസഫിക് രാജ്യമായ ടുവാലുവില്‍ അടിയന്തിര നടപടികള്‍ ഊര്‍ജിതമാക്കി. കനത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഇവിടെ ജലക്ഷാമമുണ്ടായത്. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റേയും യുദ്ധവിമാനങ്ങള്‍ സഹായവുമായി രംഗത്തുണ്ട്.
ടുവാലുവിലെ പ്രധാന നഗരമായ ഫുനാഫട്ടിയില്‍ ജലത്തിലെ ഉപ്പിന്റെ അംശം നീക്കം ചെയ്ത് കുടിവെളളം ശുദ്ധീകരിക്കുന്നതിനുളള ഉപകരണങ്ങള്‍ ആകാശമാര്‍ഗ്ഗം ഇറക്കി.
അന്തരീക്ഷത്തിലുണ്ടായ ലാ നീന പ്രതിഭാസത്തെ തുടര്‍ന്ന് ജലത്തിന്റെ അംശം പൊടുന്നനെ കുറഞ്ഞതാണ് കടുത്ത ജലക്ഷാമത്തിന് വഴിവച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡില്‍ നിന്നുളള ചെറു സംഘങ്ങള്‍ രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇനിയും കൂടുതല്‍ സംഘങ്ങളുടെ സേവനം വേണ്ടിവരുമെന്ന് ടുവാലു വിദേശമന്ത്രി അഭിപ്രായപ്പെട്ടു. 11,000 ജനസംഖ്യയുളള ടുവാലുവില്‍ കഴിഞ്ഞ ആറുമാസമായി മഴ പെയ്യുന്നില്ല. കുടിവെളളം ലഭ്യമാകാത്ത ഇവിടെ ഭൂഗര്‍ഭജലം കടലില്‍ നിന്നുളള ജലം പരന്നതിനെ തുടര്‍ന്ന് ഉപയോഗയോഗ്യമല്ലാതായി. കുടിവെളളം റേഷന്‍ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയാണ് ഇവിടെ.
ഫുനാഫട്ടിയില്‍ പ്രവര്‍ത്തനക്ഷമമായ പദ്ധതിയില്‍ ഒരു ദിവസം 43,000 ലിറ്റര്‍ വരെ ജലം ശുദ്ധീകരിക്കാനുളള കഴിവുണ്ട്. 5,300 ലധികം ജനങ്ങളുളള ഇവിടെ ഒരു ദിവസം ആവശ്യമായി വരുന്നത് 79,500 ലിറ്ററിലധികം ജലമാണ്. ടുവാലുവിലെ ആശുപത്രിയില്‍ ഉപയോഗത്തിനായി ഓസ്‌ട്രേലിയ 1,000 റീഹൈഡ്രേഷന്‍ പായ്ക്കുകള്‍ നല്‍കി.
ജലശുദ്ധീകരണത്തിനുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ധനസഹായവും നല്‍കി. ജലക്ഷാമം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന രാജ്യമായാണ് ടുവാലുവിനെ ഐക്യരാഷ്ട്രസഭ വിലയിരുത്തിയിട്ടുളളത്.
പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം: അസദിനോട് റഷ്യ
മോസ്‌കോ: വാഗ്ദാനം ചെയ്തിരുന്ന പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം അധികാരം വിട്ടൊഴിയണമെന്നും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ സിറിയന്‍ ജനതയും പ്രസിഡന്റ് അസദുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് പറഞ്ഞു. നാറ്റോയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ നടത്തുന്ന ഇടപെടലുകള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അസദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം നടന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. പാശ്ചാത്യ പിന്തുണയോടെ സായുധരായ തീവ്രവാദികള്‍ ജനങ്ങള്‍ക്കുമേല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രസിഡന്റ് അസദ് ആരോപിച്ചിരുന്നു. രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നും അടുത്ത ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അസദ് വാഗ്ദാനം ചെയ്തിരുന്നു.
ഇന്നലെ വെളളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം നടന്ന പ്രകടനത്തിനു നേരേയുളള സൈനിക നടപടിയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചുമുതല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കിടെ 2,900 പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അഫ്ഗാന്‍ യുദ്ധം ലക്ഷ്യം കണ്ടില്ലെന്ന് മുന്‍ അമേരിക്കന്‍ സൈനികമേധാവി
കാബൂള്‍: കഴിഞ്ഞ പത്തുവര്‍ഷമായി അഫ്ഗാനില്‍ അമേരിക്കന്‍ നാറ്റോ സഖ്യസേനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെന്ന് അഫ്ഗാനിലെ അമേരിക്കന്‍സേനയുടെ മുന്‍ ജനറലായ സ്റ്റാന്‍ലി മക് ക്രിസ്റ്റല്‍. അഫ്ഗാനിലെ ക്രമസമാധാന ചുമതല അഫ്ഗാന്‍ സൈന്യത്തേയും പൊലീസിനേയും ഏല്‍പ്പിച്ച് 2014 ല്‍ സ്വന്തം സേനയെ പിന്‍വലിക്കാന്‍ അമേരിക്കന്‍ നാറ്റോ സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് മക്ക്രിസ്റ്റലിന്റെ പ്രസ്താവന.
വളരെ ലാഘവത്തോടെ തുടങ്ങിയ യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന കാര്യത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ് അമേരിക്കന്‍ സൈനിക നേതൃത്വം. ~ഓപ്പറേഷന്‍ എന്‍ഡൂറിംഗ് ഫ്രീഡം (സ്ഥിരമായ സ്വാതന്ത്ര്യത്തിന് വേണ്ടിയുളള നടപടി) എന്ന് പേരിട്ട പോരാട്ടം 9/11ലെ ലോകവ്യാപാരകേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒസാമ ബിന്‍ലാദനെ പിടികൂടുകയും താലിബാനെ നാമാവശേഷമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുളളത് കൂടിയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം 10,000 സാധാരണക്കാര്‍ നാറ്റോ- താലിബാന്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2,500 ലധികം വരുന്ന അന്താരാഷ്ട്രസൈനികരും അഫ്ഗാനില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമായ വിയറ്റ്‌നാം യുദ്ധത്തേയും മറികടക്കുന്നതായിരുന്നു അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടല്‍.
2009-2010ല്‍ ഒരു വാരികയ്ക്ക് നല്‍കിയ വിവാദ അഭിമുഖത്തെ തുടര്‍ന്നാണ് ജനറല്‍ മക്ക്രിസ്റ്റല്‍ അഫ്ഗാനിലെ അമേരിക്കന്‍ സൈനിക മേധാവി സ്ഥാനത്തു നിന്നും പുറത്തായത്.
ഇന്ത്യയോടുളള ശത്രുത വെടിയണം: പാകിസ്ഥാനോട് ഒബാമ
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ഇന്ത്യയെ ഒരു ആജീവനാന്ത ശത്രുവായി കാണേണ്ട കാര്യമില്ലെന്ന് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് സമാധാനപൂര്‍ണമായ അന്തരീക്ഷം നില നിര്‍ത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടത്.
ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ വികസനക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ കഴിയും എന്നാല്‍ ഇതിനു പകരം ഇന്ത്യയെ ആജന്മശത്രുക്കളായി കാണാനാണ് പാക്ക് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയടക്കം എല്ലാവരും പാക്കിസ്ഥാനാല്‍ സമാധാന പൂര്‍ണമായ അന്തരീക്ഷം നില നിന്നു കാണാനാണ് ശ്രമിക്കുന്നത്.
ദാരിദ്രവും നിരക്ഷരതയുമാണ് പാക്കിസ്ഥാന്റെ യഥാര്‍ഥ ശത്രുക്കള്‍ വികസനക്കാര്യത്തില്‍ രാജ്യം പുറകോട്ടാണ് ഇതിനൊന്നും പരിഗണന കൊടുക്കാതെ മറ്റു രാജങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ വലുതാക്കാന്‍ ശ്രമിക്കരുതെന്നും ഒബാമ ചൂണ്ടിക്കാണിച്ചു.
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയ്ക്ക് ഹഖാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന അമേരിക്കയിലെ സൈനിക തലവനായ മൈക്ക് മുള്ളറുടെ പ്രസ്താവനയെ ഒബാമ നേരത്തെ പിന്തുണച്ചിരുന്നു. ഇതിനു ശേഷമാണ് പാക്കിസ്ഥാനിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഒബാമ പത്രസമ്മേളനത്തില്‍ വിവരിച്ചത്.
പാക്കിസ്ഥാനില്‍ വളര്‍ന്നു വരുന്ന തീവ്രവാദ സംഘടനകള്‍ അമേരിക്ക അഫ്ഗാനില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമല്ല ആ രാജ്യത്തിനും അവിടുത്തെ ഭരണകൂടത്തിനും ഭീഷണിയാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ജനയുഗം 081011
ജലക്ഷാമത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട പസഫിക് രാജ്യമായ ടുവാലുവില്‍ അടിയന്തിര നടപടികള്‍ ഊര്‍ജിതമാക്കി. കനത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഇവിടെ ജലക്ഷാമമുണ്ടായത്. ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റേയും യുദ്ധവിമാനങ്ങള്‍ സഹായവുമായി രംഗത്തുണ്ട്.
ReplyDelete