Friday, October 21, 2011

"കെംപ്" ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നത് കേന്ദ്രമന്ത്രിയുടെ മകന്റെ കമ്പനിക്ക് വേണ്ടി

കല്‍പ്പറ്റ: ജില്ലയില്‍ നിന്നും "കെംപ്" ആംബുലന്‍സുകള്‍ ആലപ്പുഴയിലേക്ക് മാറ്റുന്നതിന് പിന്നില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയാണെന്ന് ആരോപണം. ആംബുലന്‍സ് സര്‍വീസ് വയലാര്‍ രവിയുടെ മകന്റെ കമ്പനിയെ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയായാണ് വയനാട്ടില്‍ നിന്നുള്ള ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നത്. ഇനി ഈ സേവനം നടത്തുന്നതിന് സ്വകാര്യ ഏജന്‍സിയായ "സികിത്സ"യെയാണ് സര്‍കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വയലാര്‍ രവിയുടെ മകന്റെ കമ്പനിയാണ് സികിത്സ. ഒരു വാഹനം സര്‍വീസ് നടത്തുന്നതിന് പ്രതിമാസം ഒരുലക്ഷത്തി ഏഴായിരം രൂപക്കാണ് ഈ ഏജന്‍സി കരാര്‍ എടുത്തിരിക്കുന്നത്. മൂന്നോ നാലോ ആംബുലന്‍സുകള്‍ മാത്രം സര്‍വീസ് നടത്തി ബാക്കി തുക നടത്തിപ്പുകാരുടെ കീശയിലെത്തിക്കുക എന്ന ഗൂഡലക്ഷ്യം ഇതിന് പിന്നിലുള്ളതായി ആരോപണമുയരുന്നുണ്ട്.

വയനാട്ടില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് കോഴിക്കോട് നിന്നും ആംബുലന്‍സുകള്‍ എത്തിയതിന് ശേഷം മാത്രമേ ചികിത്സ ലഭിക്കാറുള്ളു. കിലോമീറ്ററിന് 50 മുതല്‍ 80 രൂപ വരെ ആംബുലന്‍സ് വാടകയായി നല്‍കേണ്ടിയും വരും. എന്നാല്‍ കെംപ് ആംബുലന്‍സ് രോഗികളെ മറ്റ് റഫറല്‍ ആശുപത്രികളില്‍ എത്തിക്കാന്‍ ഉപയോഗപ്പെടുത്തിയാല്‍ അത് ജില്ലയിലെ രോഗികള്‍ക്ക് ഏറെ സഹായകരമാകും . കാര്‍ഡിയാക് മോണിറ്റര്‍ , ഓക്സിജന്‍ പാനല്‍ , എമര്‍ജന്‍സി മരുന്നുകള്‍ , വെന്റിലേറ്റര്‍ , വാഹനാപകടങ്ങളില്‍ വാഹനം വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ , ഫ്രീസര്‍ തുടങ്ങിയ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ എന്നിവ കെംപ് ആംബുലന്‍സിലുണ്ട്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി ഓരോ ആംബുലന്‍സിലും നാല് ടെക്നീഷ്യന്മാരും നാല് ഡ്രൈവര്‍മാരും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംസ്ഥാനത്ത് എന്‍ആര്‍എച്ച്എമ്മിന്റെ കീഴില്‍ കേരള എമര്‍ജന്‍സിങ് മെഡിക്കല്‍ സര്‍വീസ് പ്രെജക്ട് (കെംപ്) ആരംഭിക്കുന്നത്. സംസ്ഥാനത്ത് 25 ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. സൗജന്യസേവനമെന്ന നിലയില്‍ ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്നു ഇതിനെ. ജില്ലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലുമായാണ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നത്. ആറുമാസത്തിനിടയില്‍ ഈ വാഹനങ്ങള്‍ എണ്ണൂറോളം പേരെ അപകടത്തില്‍നിന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോളറ പടര്‍ന്നുപിടിച്ച സമയത്ത് ആദിവാസി കോളനികളിലുള്ളവര്‍ക്ക് സഹായകരമായിരുന്നു കെംപ്. അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ , പ്രകൃതി ദുരന്തങ്ങള്‍ , മൃതദേഹങ്ങള്‍ എത്തിക്കാന്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ഈ വാഹനങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഡിഎംഒയ്ക്കും അതത് ആശുപത്രികള്‍ക്കും ലഭിച്ചത്. എന്‍ആര്‍എച്ച്എം ഡയറക്ടറുടെ ഉത്തരവും ഇറങ്ങിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയുടെ "108" ആംബുലന്‍സ് ആലപ്പുഴക്ക്

കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ അനുവദിച്ച "108" ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ആലപ്പുഴയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആംബുലന്‍സ് കൊണ്ടു പോയതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ജില്ലയില്‍ ആംബുലന്‍സ് നിലനിര്‍ത്താന്‍ ആരോഗ്യ വകുപ്പ് ഒന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രധാന കേന്ദ്രങ്ങളില്‍ "108" ആംബുലന്‍സ് അനുവദിച്ചത്. കണ്ണൂരില്‍ ആംബുലന്‍സ് അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പ് ചട്ടമുള്ളതിനാല്‍ ഡ്രൈവറെ നിശ്ചയിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി തുടര്‍നടപടിയെടുത്തില്ല. മാസങ്ങളോളം വെറുതെയിട്ട ആംബുലന്‍സ് അത്യാവശ്യ അറ്റകുറ്റപ്പണി നടത്തിയാണ് ആലപ്പുഴയിലേക്കു കൊണ്ടുപോയത്.

deshabhimani 211011

1 comment:

  1. ജില്ലയില്‍ നിന്നും "കെംപ്" ആംബുലന്‍സുകള്‍ ആലപ്പുഴയിലേക്ക് മാറ്റുന്നതിന് പിന്നില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയാണെന്ന് ആരോപണം. ആംബുലന്‍സ് സര്‍വീസ് വയലാര്‍ രവിയുടെ മകന്റെ കമ്പനിയെ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയായാണ് വയനാട്ടില്‍ നിന്നുള്ള ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നത്. ഇനി ഈ സേവനം നടത്തുന്നതിന് സ്വകാര്യ ഏജന്‍സിയായ "സികിത്സ"യെയാണ് സര്‍കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വയലാര്‍ രവിയുടെ മകന്റെ കമ്പനിയാണ് സികിത്സ.

    ReplyDelete