Friday, October 21, 2011

അപവാദം പ്രചരിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാമെന്ന് കരുതണ്ട: സിപിഐ എം

അപവാദപ്രചാരണം നടത്തി പാര്‍ടിയെ തകര്‍ക്കാമെന്നു കരുതുന്നവര്‍ക്ക് നിരാശരാകേണ്ടിവരുമെന്ന് സിപിഐ എം പാലക്കാട് ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കമ്യൂണിസ്റ്റ്പാര്‍ടിയെ തകര്‍ക്കുക എന്നത് ജീവിതവ്രതമാക്കിയ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പാര്‍ടിസമ്മേളനങ്ങള്‍ ആരംഭിച്ചതോടെ കൂടുതല്‍ ഉത്സാഹഭരിതരായിരിക്കുകയാണ്. സ്ഥിരംപരമ്പരയ്ക്കുവേണ്ടി പത്രത്താളുകള്‍ നീക്കിവയ്ക്കുന്നതിനുപുറമെ ദിവസേന പ്രാദേശികവാര്‍ത്ത മെനഞ്ഞുണ്ടാക്കുന്നതും ഇവരുടെ സ്ഥിരംതൊഴിലാണ്.

സെപ്തംബര്‍ 15നും ഒക്ടോബര്‍ 15നുമിടയില്‍ പാലക്കാട് ജില്ലയിലെ രണ്ടായിരത്തിലധികം പാര്‍ടി ബ്രാഞ്ച്സമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വിരലിലെണ്ണാവുന്ന ചില ഘടകങ്ങളില്‍മാത്രമേ തെരഞ്ഞെടുപ്പ് ഉണ്ടായുള്ളു. തെരഞ്ഞെടുപ്പ് എന്നത് സമ്മേളനത്തിലെ ഒരു അജന്‍ഡയാണ്. ചില മാധ്യമങ്ങള്‍ പറയുന്നപോലെ തോല്‍ക്കലും തോല്‍പ്പിക്കപ്പെടലുമല്ല തെരഞ്ഞെടുപ്പ്. പത്രപ്രവര്‍ത്തകര്‍ ഭാവനാസമ്പന്നരാണെന്നു തെളിയിക്കുന്നവയാണ് ബ്രാഞ്ച് സമ്മേളനങ്ങളെക്കുറിച്ച് ഇതുവരെ പ്രസദ്ധീകരിച്ച അത്ഭുതകഥകള്‍ . അതിന്റെ തുടര്‍ച്ചയാണ് നല്ലേപ്പിള്ളി, വടക്കഞ്ചേരി ലോക്കല്‍സമ്മേളനങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ . സമ്മേളനങ്ങള്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് പാര്‍ടി കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എക്കാലത്തേയും സമ്മേളനങ്ങളെപ്പോലെ തയ്യാറാക്കിത്തന്ന മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ സ്വാഭാവികപ്രവര്‍ത്തനം ഒരുതരത്തിലും തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലുകളാണ് മാര്‍ഗനിര്‍ശേങ്ങള്‍ . ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മേല്‍ക്കമ്മിറ്റികളുടെ സമ്മതത്തോടെ ഇടപെടാനുള്ള അധികാരം സമ്മേളനം നടത്താന്‍ ചുമതലപ്പെട്ട സഖാക്കള്‍ക്കുണ്ട്. ഇതെല്ലാം കാലകാലമായി പാര്‍ടിക്കുള്ളില്‍ നടന്നുവരുന്ന സംഘടനാരീതികളാണ്. എന്നാല്‍ "ജനാധിപത്യപാര്‍ടികള്‍" എന്ന് ഈ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പല പാര്‍ടികളിലും തെരഞ്ഞെടുപ്പേ നടക്കുന്നില്ല. നോമിനേറ്റഡ്കമ്മിറ്റികളും നോമിനേറ്റഡ് പ്രസിഡന്റുമാരും ദശാബ്ദങ്ങളായി വാഴുന്ന ഈ പാര്‍ടികളിലെ ജനാധിപത്യച്ച്യുതിയെ ക്കുറിച്ച് ഈ മാധ്യമങ്ങള്‍ക്ക് ഒരു പരാതിയുമില്ല. എന്നാല്‍ , നിശ്ചിതകാലയളവിനുള്ളില്‍ ബ്രാഞ്ച്തലംതൊട്ട് കേന്ദ്രക്കമ്മിറ്റിവരെയുള്ള കമ്മിറ്റികളെയും ഓരോ കമ്മിറ്റിയുടെയും സെക്രട്ടറിമാരെയും തികച്ചും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുകയും ചര്‍ച്ചയിലൂടെ പാര്‍ടിനയം കൂട്ടായി രൂപീകരിക്കുകയും ചെയ്യുന്ന സിപിഐ എമ്മിനെ എഴുതിത്തുലയ്ക്കാമെന്നാണ് ചില മാധ്യമങ്ങളുടെ മനസ്സിലിരുപ്പ്.

കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിഷം കുടിച്ച് ചാവുമെന്ന് പ്രഖ്യാപിച്ച പത്രമുടമകളുടെ നാടാണ് കേരളം. ആ പത്രമുടമയ്ക്ക് ഛര്‍ദ്ദിച്ചത് സ്വയം വിഴുങ്ങേണ്ടിവന്നപോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരോധ വിഷം ചീറ്റുന്നവര്‍ക്കും അതേ ദുര്‍ഗതിയാണ് വരാനിരിക്കുന്നത്. ഉണ്ടായകാലംമുതല്‍ "കമ്യൂണിസ്റ്റ് ദുര്‍ഭൂതത്തെ നേരിടാനുള്ള പാവനസഖ്യം"രൂപീകരിച്ച് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചതാണ്. അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് പടര്‍ന്നുവളര്‍ന്ന ചരിത്രമാണ് കമ്യൂണിസ്റ്റ്പാര്‍ടിക്കുള്ളതെന്ന് ഈ കൂലിയെഴുത്തുകാരും പത്രമുടമകളും ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരം ദുഷ്പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് പാര്‍ടി ഐക്യം ഉയര്‍ത്തിപ്പിടിച്ചും ഉള്‍പ്പാര്‍ടി ജനാധിപത്യം സംരക്ഷിച്ചും മുന്നേറാന്‍ എല്ലാ സഖാക്കളോടും പാര്‍ടിബന്ധുക്കളോടും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 211011

1 comment:

  1. അപവാദപ്രചാരണം നടത്തി പാര്‍ടിയെ തകര്‍ക്കാമെന്നു കരുതുന്നവര്‍ക്ക് നിരാശരാകേണ്ടിവരുമെന്ന് സിപിഐ എം പാലക്കാട് ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കമ്യൂണിസ്റ്റ്പാര്‍ടിയെ തകര്‍ക്കുക എന്നത് ജീവിതവ്രതമാക്കിയ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പാര്‍ടിസമ്മേളനങ്ങള്‍ ആരംഭിച്ചതോടെ കൂടുതല്‍ ഉത്സാഹഭരിതരായിരിക്കുകയാണ്. സ്ഥിരംപരമ്പരയ്ക്കുവേണ്ടി പത്രത്താളുകള്‍ നീക്കിവയ്ക്കുന്നതിനുപുറമെ ദിവസേന പ്രാദേശികവാര്‍ത്ത മെനഞ്ഞുണ്ടാക്കുന്നതും ഇവരുടെ സ്ഥിരംതൊഴിലാണ്.

    ReplyDelete