Friday, October 7, 2011

ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളി ഇനിയുമേറെ: ഇ പി

കോണ്‍ഗ്രസിന്റെ ഗ്രൂപ്പുവഴക്കിനപ്പുറം ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിലേക്ക് വെളിച്ചം വീശുന്നതാണ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ഡിസിസി പ്രസിഡന്റായ കാലത്താണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ രാഷ്ട്രീയം അനിയന്ത്രിതമായത്. കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകവും നിര്‍ബാധം അരങ്ങേറി. സിപിഐ എം പ്രവര്‍ത്തകനായ നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്ന കേസിന്റെ എഫ്ഐആര്‍ തിരുത്തിയാണ് സുധാകരനെ പ്രതിസ്ഥാനത്തുനിന്ന് മാറ്റിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ തൃശൂരില്‍നിന്ന് എത്തിയ മധുര ജോഷി, ചാര്‍ളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം ഡിസിസി ഓഫീസിലായിരുന്നു താമസിച്ചത്. അക്രമം ലക്ഷ്യമാക്കി പുറത്തിറങ്ങിയ വേളയിലാണ് അവര്‍ പൊലീസ് പിടിയിലായത്. ഇവരെ മോചിപ്പിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കുഴപ്പമുണ്ടാക്കി. ഈ നിലയില്‍ ക്രിമിനല്‍ സംഘങ്ങളെ പ്രകടമായി ഉപയോഗിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്.

സുധാകരന്‍ പ്രസിഡന്റായിരിക്കെയാണ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മിക്കുന്നതിന്റെ സചിത്ര റിപ്പോര്‍ട്ട് "ഇന്ത്യാടുഡെ" വാരികയില്‍ വന്നത്. ഏതൊക്കെ ഇനം ബോംബുണ്ടെന്നും ഓരോന്നിന്റെയും പ്രവര്‍ത്തനം എങ്ങനെയെന്നതും സംബന്ധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി നാരായണന്‍കുട്ടിയുടെ ഡമോണ്‍സ്ട്രേഷനുമുണ്ടായിരുന്നു. സുധാകരനെതിരെ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുഷ്പരാജിന്റെ കാല്‍ തല്ലിയൊടിച്ചു. തന്നെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികള്‍ക്ക് പണവും തോക്കും നല്‍കിയയച്ച എം വി രാഘവനെയും സുധാകരനെയും കേസില്‍ പ്രതിചേര്‍ക്കാനുള്ള കോടതി നടപടി തുടരുകയാണ്. വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ ഒട്ടേറെ സംഭവങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ചില കോണ്‍ഗ്രസുകാര്‍തന്നെ കൊല്ലപ്പെട്ട സംഭവങ്ങളും ഇതില്‍പെടും. സുധാകരന്റെ നേതൃത്വത്തില്‍ ഒരു കാലത്ത് നടന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ഇക്കാര്യം കോണ്‍ഗ്രസുകാരും മനസ്സിലാക്കുന്നുവെന്നാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തലില്‍നിന്ന് വ്യക്തമാവുന്നത്- ഇ പി പറഞ്ഞു.

deshabhimani 071011

1 comment:

  1. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുവഴക്കിനപ്പുറം ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിലേക്ക് വെളിച്ചം വീശുന്നതാണ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ഡിസിസി പ്രസിഡന്റായ കാലത്താണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ രാഷ്ട്രീയം അനിയന്ത്രിതമായത്. കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകവും നിര്‍ബാധം അരങ്ങേറി. സിപിഐ എം പ്രവര്‍ത്തകനായ നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്ന കേസിന്റെ എഫ്ഐആര്‍ തിരുത്തിയാണ് സുധാകരനെ പ്രതിസ്ഥാനത്തുനിന്ന് മാറ്റിയത്.

    ReplyDelete