Sunday, October 16, 2011

റെയില്‍വേ ചരക്കുകൂലി കൂട്ടി

രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടുംവിധം റെയില്‍വേ ചരക്കുകൂലി ആറുശതമാനം വര്‍ധിപ്പിച്ചു. അടിസ്ഥാന ചരക്ക്കൂലിയിലും സര്‍ചാര്‍ജിലും മൂന്നുശതമാനം വീതം വര്‍ധനയാണ് വരുത്തിയത്. റെയില്‍വെയുടെ പ്രവര്‍ത്തനച്ചെലവ് കൂടിയതിന്റെ പേരില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചതിനുപിന്നാലെ യാത്രാക്കൂലിയും വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. പണപ്പെരുപ്പം വര്‍ധിക്കാനും ഭക്ഷ്യവസ്തുക്കളുടെ വിലകുത്തനെ ഉയരാനും പുതിയ തീരുമാനം ഇടവരുത്തും. ഭക്ഷ്യവസ്തുക്കള്‍കൂടാതെ കല്‍ക്കരി, രാസവളം, ഇരുമ്പയിര്, സിമന്റ് തുടങ്ങി റെയില്‍വേ വഴി കടത്തുന്ന എല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കും. വിലക്കയറ്റത്തോടൊപ്പം വ്യവസായങ്ങളെയും കൃഷിയെയും ഇതു ദോഷകരമായി ബാധിക്കും. ശനിയാഴ്ച തന്നെ ചരക്കുകൂലി വര്‍ധന പ്രാബല്യത്തില്‍വന്നതായി റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞു.

എണ്ണവില കൂടിയതും ജീവനക്കാരുടെ ശമ്പളം 15-20 ശതമാനം വര്‍ധിപ്പിച്ചതുമാണ് ചരക്കുകൂലി വര്‍ധനയ്ക്ക് റെയില്‍വേയുടെ ന്യായീകരണം. റെയില്‍വേയുടെ വികസനസര്‍ചാര്‍ജ് വര്‍ധിച്ചതും ചരക്കുകൂലി കൂട്ടാന്‍ കാരണമായെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ചിലാണ് ഇതിനുമുമ്പ് റെയില്‍വേ ചരക്ക് കടത്തുകൂലി വര്‍ധിപ്പിച്ചത്. അടിസ്ഥാന ചരക്കുകൂലി ഏഴുശതമാനത്തില്‍നിന്നും 10 ശതമാനമായി ഉയര്‍ത്തും. തിരക്കുള്ള സീസണില്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ചാര്‍ജ് ചുമത്തും. കണ്ടെയ്നറില്‍ കൊണ്ടുപോകുന്ന വന്‍ വ്യവസായികളുടെ ചരക്കുകളെയും ചില ഓട്ടോമൊബൈല്‍ വസ്തുക്കളെയും സീസണ്‍ ചാര്‍ജ് വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ , ഭക്ഷ്യവസ്തുക്കളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. 2012 ജൂണ്‍വരെ ഈ അധികചാര്‍ജ് ഈടാക്കാനാണ് തീരുമാനം. സാധാരണജനങ്ങളെയാണ് പ്രധാനമായും ഈ ചരക്ക് കടത്തുകൂലി ബാധിക്കുകയെന്നര്‍ഥം.

എല്ലാ ചരക്കുകളുടെയും സര്‍വീസ് ചാര്‍ജില്‍ മൂന്നുശതമാനത്തിന്റെ വര്‍ധന വരുത്താനും റെയില്‍വേ തീരുമാനിച്ചു. നിലവിലുള്ള സര്‍വീസ് ചാര്‍ജ് രണ്ടുശതമാനം എന്നത് അഞ്ചുശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. നാലുവര്‍ഷത്തിനു ശേഷമാണ് ഈ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. 1500 മുതല്‍ 2000 കോടി രൂപവരെയുള്ള അധികബാധ്യത നിറവേറ്റാനാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നാണ് വിശദീകരണം. ചരക്ക് കടത്തുകൂലിയില്‍ വരുത്തിയ വര്‍ധന സ്വാഭാവികമായും അവശ്യസാധനങ്ങളുടേത് ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ സാമ്പത്തികഉപദേശക കൗണ്‍സില്‍ ന്യൂഡല്‍ഹിയില്‍ യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് വിലക്കയറ്റംവീണ്ടും രൂക്ഷമാക്കുന്ന ചരക്കുകൂലി വര്‍ധന. ഒക്ടോബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പനിരക്ക് 9.72 ആണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.32 ശതമാനവും.

വി ബി പരമേശ്വരന്‍ deshabhimani 161011

1 comment:

  1. രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടുംവിധം റെയില്‍വേ ചരക്കുകൂലി ആറുശതമാനം വര്‍ധിപ്പിച്ചു. അടിസ്ഥാന ചരക്ക്കൂലിയിലും സര്‍ചാര്‍ജിലും മൂന്നുശതമാനം വീതം വര്‍ധനയാണ് വരുത്തിയത്. റെയില്‍വെയുടെ പ്രവര്‍ത്തനച്ചെലവ് കൂടിയതിന്റെ പേരില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചതിനുപിന്നാലെ യാത്രാക്കൂലിയും വര്‍ധിപ്പിക്കുമെന്ന് സൂചനയുണ്ട്. പണപ്പെരുപ്പം വര്‍ധിക്കാനും ഭക്ഷ്യവസ്തുക്കളുടെ വിലകുത്തനെ ഉയരാനും പുതിയ തീരുമാനം ഇടവരുത്തും. ഭക്ഷ്യവസ്തുക്കള്‍കൂടാതെ കല്‍ക്കരി, രാസവളം, ഇരുമ്പയിര്, സിമന്റ് തുടങ്ങി റെയില്‍വേ വഴി കടത്തുന്ന എല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കും. വിലക്കയറ്റത്തോടൊപ്പം വ്യവസായങ്ങളെയും കൃഷിയെയും ഇതു ദോഷകരമായി ബാധിക്കും. ശനിയാഴ്ച തന്നെ ചരക്കുകൂലി വര്‍ധന പ്രാബല്യത്തില്‍വന്നതായി റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞു.

    ReplyDelete