സംസ്ഥാനത്ത് റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്ക് വര്‍ധിക്കുന്നു. നിരുത്തരവാദപരവും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗാണ് റോഡപകടങ്ങളും മരണനിരക്കും വര്‍ധിക്കാന്‍ കാരണം.
മദ്യപിച്ച് വാഹനമോടിക്കുന്നതും റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതായി കേരള പൊലീസിന്റെ സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു. 2010വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആറുമാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2010ല്‍ സംസ്ഥാനത്താകെ നടന്ന റോഡപകടങ്ങളില്‍ 3,950 മനുഷ്യജീവനുകളാണ് പൊലിഞ്ഞതെങ്കില്‍ 2011ല്‍ ആദ്യ ആറുമാസത്തെ കണക്കുപ്രകാരം മരണസംഖ്യ 2,132ല്‍ എത്തി.
സംസ്ഥാനത്ത് ഓരോ ദിവസവും ശരാശരി 100 വാഹനാപകടങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദിവസേന 12 പേര്‍ക്ക് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്ക്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് റോഡപകടങ്ങളില്‍ ഉള്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം ഏറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലിയിലാണ്. 278 മരണങ്ങളാണ് തൃശൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചിയില്‍ 267 പേര്‍ക്കും തിരുവനന്തപുരത്ത് 235 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പാലക്കാട് ജില്ലയില്‍ 208 ഉം കൊല്ലത്ത് 203 ഉം ആ ലപ്പുഴ 200ഉം കോഴിക്കോട് 161 ഉം കോട്ടയത്ത് 111ഉം പത്തനം തിട്ടയില്‍ 96ഉം വാഹനാപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്താകെ 17,917 റോഡപകടങ്ങളാണ് ഇക്കാലയളവില്‍ നടന്നത്. ഇതില്‍ 12,872 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2010ല്‍ 35,082 റോഡപകടങ്ങളിലായി 24,994പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
2011ല്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടന്നത് എറണാകുളം ജില്ലയിലാണ്. 2,695 വാഹനാപകടങ്ങളാണ് എറണാകുളത്തു ണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ 2,161 ഉം തൃശൂരില്‍ 2,013 ഉം വാഹനാപകടങ്ങള്‍ നടന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട 11,892 അപകടങ്ങളാണ് നടന്നത്. 5,103 കാറപകടങ്ങളും നടന്നു. ഇക്കാലയളവിനുള്ളില്‍ 2,625 ബസപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. ഇതില്‍ 1952 അപകടങ്ങളില്‍ പ്രൈവറ്റ് ബസുകളും 1952 അപകടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 1186 ലോറികളും 1018 മിനിലോറി-മിനിബസുകളും അപകടത്തില്‍പ്പെട്ടു. 2010ല്‍ 23,057 ഇരുചക്രവാഹനാപകടങ്ങളും 4177 പ്രൈവറ്റ് ബസപകടങ്ങളും 1286 കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളും നടന്നു.
നിരുത്തരവാദപരവും അശ്രദ്ധ നിറഞ്ഞതുമായ ഡ്രൈവിംഗാണ് 17,402 അപകടങ്ങള്‍ക്ക് വഴിവച്ചതെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 49 അപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതുവഴി എറണാകുളത്ത് 2,627 ഉം തിരുവനന്തപുരത്ത് 2,024 ഉം വാഹനാപകടങ്ങള്‍ക്ക് വഴിവച്ചു. ഇരുചക്രവാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് എറണാകുളത്താണ്. 1,950 വാഹനാപകടങ്ങള്‍ എറണാകുളത്തുണ്ടായപ്പോള്‍ തിരുവനന്തപുരത്ത് 1,732 ഉം കോഴിക്കോടും തൃശൂരും 1,353 ഉം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൊലീസിന്റെ സ്ഥിതിവിവരകണക്കുകളനുസരിച്ച് ദേശീയ പാതയില്‍ 4,848 അപകടങ്ങളും സംസ്ഥാന പാതകളില്‍ 3,253 ഉം മറ്റു റോഡുകളില്‍ 9816 അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ദേശീയപാതകളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നതും എറണാകുളം ജില്ലയിലാണ്. 697 അപകടങ്ങളാണ് ഇവിടെ നടന്നത്. ആലപ്പുഴ 611 ഉം തിരുവനന്തപുരത്ത് 524 ഉം അപകടങ്ങള്‍ ദേശീയപാതകളില്‍ നടന്നു. ആകെ അപകടങ്ങളില്‍ 13,273 എണ്ണം പകല്‍ സമയങ്ങളിലും 4,644 അപകടങ്ങള്‍ രാത്രിയിലുമാണ് നടന്നത്.
janayugom 071011
സംസ്ഥാനത്ത് റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്ക് വര്‍ധിക്കുന്നു. നിരുത്തരവാദപരവും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗാണ് റോഡപകടങ്ങളും മരണനിരക്കും വര്‍ധിക്കാന്‍ കാരണം.
ReplyDelete