Friday, October 7, 2011

പിള്ള നിരന്തരം ഭീഷണിപ്പെടുത്തി: അധ്യാപകന്‍

ബാലകൃഷ്ണ പിള്ള തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അധ്യാപകന്‍ കൃഷ്ണ കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണ കുമാറാണ് ഇന്നലെ മൊഴി നല്‍കിയത്. 

സ്‌കൂള്‍ മാനേജരായ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് തന്നോടും ഭാര്യയോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന മൊഴി കൃഷ്ണകുമാര്‍ അന്വേഷണോദ്യോഗസ്ഥരോട് ഇന്നലേയും ആവര്‍ത്തിച്ചു.  സ്‌കൂളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേണത്തില്‍ കൃഷ്ണകുമാര്‍ സ്‌കൂള്‍ മാനേജുമെന്റിനെതിരെ മൊഴി നല്‍കിയിരുന്നു. കൂടാതെ സ്‌കൂളില്‍ നടന്ന സ്റ്റാഫ് മീറ്റിങ്ങിലും അധ്യാപക രക്ഷാകര്‍തൃ സമിതി യോഗങ്ങളിലും ബാലകൃഷ്ണ പിള്ള ഉള്‍പ്പെടുന്ന മാനേജുമെന്റിനെതിരെ പരസ്യമായുള്ള ആക്ഷേപങ്ങള്‍ കൃഷ്ണകുമാര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നോടും കുടുംബത്തോടും പിള്ളയ്ക്ക് കടുത്ത വിരോധമുണ്ടായിരുന്നു. പലതവണ ജീവന് ഭീഷണി ഉയര്‍ത്തുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും പിള്ളയുടെ ഭാഗത്തുനിന്നും ഉണ്ടായതായും അധ്യാപകന്‍ മൊഴി നല്‍കി. 

പിന്നീട് സ്‌കൂളിലെ പൊതുകാര്യങ്ങളില്‍ ഇടപെടാന്‍ പിള്ളയും കൂട്ടരും തന്നെ അനുവദിച്ചില്ലെന്നും അധ്യാപകന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. തന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപകിയുമായ കെ ആര്‍ ഗീതക്ക് ലഭിക്കേണ്ട പ്രമോഷന്‍ ഗീതയെക്കാളും ജൂനിയറായ അധ്യാപകന് നല്‍കി. ഇതിനെതിരെ കോടതിയെ സമീപിച്ചതും പിള്ളയെ ചൊടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തനിക്കും കുടംബത്തിനും പിള്ളയുടെ ഭാഗത്തുനിന്നും നിരന്തരമായി ഭീഷണി ഉണ്ടായിട്ടുണ്ടെന്നും അധ്യാപകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സൂചനയുണ്ട്.

നേരത്തെ നല്‍കിയെന്ന് പൊലീസ് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ മൊഴിയാണ് കൃഷ്ണ കുമാര്‍ ഇന്നലെ നല്‍കിയത്. മരുന്നിന്റെ പിടിയിലായിരുന്നതിനാല്‍ സംഭവത്തെകുറിച്ച് ഒന്നും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അധ്യാപകന്‍ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൊഴിരേഖപ്പെടുത്തുകയായിരുന്നു. അധ്യാപകന്റെ ബോധത്തിന് കുഴപ്പമില്ലെന്ന് സര്‍ക്കാരിന്റെ വശം ചേര്‍ന്ന് മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.  സംഭവം നടന്ന ദിവസം താന്‍ കടയ്ക്കലില്‍ പോയിട്ടില്ല എന്ന മൊഴിയാണ് കൃഷ്ണകുമാര്‍ ഇന്നലെ  പൊലീസിനോട് മാറ്റിപ്പറഞ്ഞത്. ആക്രമണം നടന്ന ദിവസം താന്‍ കടയ്ക്കലില്‍ പോയി ജ്യോത്സ്യന്‍ ശ്രീകുമാറിനെ കണ്ടിരുന്നുവെന്ന്  അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. ബുധനാഴ്ച ജ്യോത്സ്യന്‍ ശ്രീകുമാറിനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അന്വേഷണസംഘം വീണ്ടും അധ്യാപകനെ ചോദ്യംചെയ്തത്. രണ്ട്‌പേരുടേയും  മൊഴികളിലെ വൈരുധ്യം നീക്കുക എന്നതായിരുന്നു ഇന്നത്തെ ചോദ്യംചെയ്യലിന്റെ ഉദ്ദേശ്യം. എന്നാല്‍ മൊഴികളിലെ വൈരുധ്യം പൂര്‍ണമായി മാറിയിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

ഇതിനിടെ അധ്യാപകന് നേരെയുണ്ടായ ആക്രമണം വാഹനാപകടമാക്കി മാറ്റിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഭാര്യ ഗീത ആരോപിച്ചു.

കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായിരുന്ന സമയത്താണ് മജിസ്‌ട്രേറ്റ് മൊഴിയെടുത്തത്. ഇന്ന് ഡിവൈ എസ് പി മൊഴിയെടുത്തപ്പോഴും പൂര്‍ണബോധം ഉണ്ടായിരുന്നില്ലെന്നും ഗീത        പറഞ്ഞു.

അധ്യാപകന്റെ ശരീരത്തിലെ മുറിവ് ആയുധം കൊണ്ടാകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആക്രമണത്തിനിരയായ കൊട്ടാരക്കര ആര്‍ വി എച്ച് എസിലെ ആധ്യാപകന്‍ കൃഷ്ണകുമാറിന്റെ ശരീരത്തിലെ മുറിവുകള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായതാകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി.

അധ്യാപകന്റെ ശരീരത്തിലെ മുറിവ് കമ്പിപാര പോലുള്ള ആയുധം കൊണ്ടുണ്ടായതാകണമെന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകന്റെ ശരീരത്തില്‍ മലദ്വാരത്തിലും ജനനേന്ദ്രിയത്തിന്റെ ഭാഗത്തും ആഴത്തില്‍ മുറിവുണ്ട്. ഈ മുറിവുകള്‍ കുടലിന്റെ ഭാഗം വരെ എത്തിയിട്ടുണ്ട്. ഇടുപ്പിലെ എല്ലിനും പൊട്ടലുണ്ടായിട്ടുണ്ട്. മുറിവുകള്‍ പരിശോധിച്ചതില്‍ നിന്ന് ആയുധം ഉപയോഗിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 'ഉയരത്തില്‍ നിന്ന് വീഴുകയോ, എന്തെങ്കിലും കൊണ്ട് ശക്തിയായി ഇടിക്കുകയോ ചെയ്താല്‍ ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്'-മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ഇന്നലെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥര്‍ അധ്യാപകനോട് വിവരിച്ചു. റിപ്പോര്‍ട്ടിലെ ആയുധത്തിന്റെ കാര്യം പരാമര്‍ശിച്ചപ്പോള്‍ തനിക്ക് അപകടത്തെക്കുറിച്ച് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ലെന്ന് അധ്യാപകന്‍ പറഞ്ഞു. തുടര്‍ന്ന് സംഘം അധ്യാപകന്റെ കോളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മൊബൈല്‍ ടവറുകളുടെ സ്ഥാനം സംഭവ ദിവസം കടയ്ക്കല്‍ ആയിരുന്നെന്നു ചൂണ്ടിക്കാട്ടി. താന്‍ സംഭവദിവസം കടയ്ക്കലില്‍ പോയിരുന്നതായി അധ്യാപകന്‍ തുടര്‍ന്ന് സമ്മതിച്ചു. മൂന്ന് മാസമായി ജോത്സ്യനെ കാണുന്നുണ്ട്. ദോഷം മാറാന്‍ പൂജയ്ക്ക് പണം നല്‍കിയിട്ടുണ്ട്. സംഭവദിവസം ജോത്സ്യന്റെ മകനാണ് തന്നെ നിലമേല്‍ കൊണ്ടാക്കിയത്. അതിനുശേഷം തിരുവനന്തപുരത്തു നിന്നുള്ള കുമളി ഫാസ്റ്റില്‍ കയറി വാളകത്തിറങ്ങി. റോഡ് ക്രോസ് ചെയ്തശേഷമുള്ള കാര്യങ്ങള്‍ അറിയില്ലെന്നും അധ്യാപകന്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായും സ്‌കൂളുമായുമുള്ള പ്രശ്‌നങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. പിള്ളയ്ക്ക് തന്നോട് വിരോധം ഉണ്ടെന്ന് അധ്യാപകന്‍ പറഞ്ഞു. സ്‌കൂളിലെ ചില പ്രശ്‌നങ്ങളായിരുന്നു വിരോധത്തിന് കാരണം. തുടര്‍ന്ന് സ്‌കൂളിലെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധ്യാപകന്‍ വിശദമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട തന്റെ കേസിന്റെ കാര്യങ്ങളും കേസിന്റെ നമ്പരടക്കമുള്ള കാര്യങ്ങളും വിവരിച്ചു. ചോദ്യങ്ങളോട് അധ്യാപന്‍ നല്ല രീതിയില്‍ പ്രതികരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി ബസിലെ ജീവനക്കാരെയും സ്‌കൂളിലെ ചില ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. മൊഴികളിലെ വൈരുധ്യം പൂര്‍ണ്ണമായി മാറിയിട്ടില്ലെന്നും ചിലരെകൂടി ചോദ്യം ചെയ്യാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം അധ്യാപകന്‍ മൊഴി മാറ്റി പറഞ്ഞതല്ലെന്ന് അധ്യാപകന്റെ ഭാര്യ ആര്‍ ഗീത പറഞ്ഞു. അന്ന് പൊലീസ് മൊഴി എടുത്തപ്പോള്‍(ആദ്യ മൊഴി)അധ്യാപകന് ബോധം ഉണ്ടായിരുന്നില്ല. ഇന്നും ബോധം ഇല്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തട്ടി വിളിച്ചാണ് ചോദ്യം ചെയ്തത്. അധ്യാപകന്  ഇപ്പോഴും ഒന്നും ഓര്‍മ്മയില്ലെന്നും അധ്യാപകന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അപകട നില തരണം ചെയ്തതിനാല്‍ കൃഷ്ണകുമാറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും.

janayugom 071011

1 comment:

  1. ബാലകൃഷ്ണ പിള്ള തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അധ്യാപകന്‍ കൃഷ്ണ കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണ കുമാറാണ് ഇന്നലെ മൊഴി നല്‍കിയത്.

    ReplyDelete