Thursday, October 20, 2011

സര്‍ക്കാര്‍ ജീവനക്കാരെ കോര്‍പറേറ്റ് ഇരകളാക്കരുത്

രാഷ്ട്ര ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നും ഗവണ്‍മെന്റുകള്‍ പിന്‍മാറുകയും അവയെല്ലാം സ്വകാര്യ ഹസ്തങ്ങളില്‍ ഏല്‍പ്പിക്കുക എന്നതും നവ ഉദാരീകരണ സാമ്പത്തിക നയത്തിന്റെ അവിഭാജ്യഘടകമാണ്. റയില്‍വേ ടിക്കറ്റുകളുടെ വില്‍പന മുതല്‍ പൊതുജനാരോഗ്യ സേവനങ്ങളും കടന്ന് അത് രാഷ്ട്ര സുരക്ഷയെ തന്നെ അപകടപ്പെടുത്തുംവിധം പ്രതിരോധ മേഖലയില്‍ വരെ കടന്നുകയറുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. കണ്ണും മൂക്കുമില്ലാത്ത സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തിന്റെ അവസാന ഉദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ സ്വകാര്യ ബാങ്കുകളെ ഏല്‍പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.

നവ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ പ്രത്യയ ശാസ്ത്ര തലസ്ഥാനമായ അമേരിക്കയും യൂറോപ്യന്‍ മുതലാളിത്ത രാഷ്ട്രങ്ങളും ജപ്പാനും ഇന്ന് അഭിമുഖീകരിക്കുന്ന വമ്പന്‍ സാമ്പത്തിക തകര്‍ച്ചയുടെ മൂലകാരണം ഗവണ്‍മെന്റുകളും കോര്‍പറേറ്റ് ബാങ്കിംഗ് മേഖലയും നവഉദാരീകരണത്തിന്റെ ഭാഗമായി വളര്‍ത്തിയെടുത്ത അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അര്‍ഥശങ്കക്കിടയില്ലാതെ ഇതിനോടകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് രാഷ്ട്രങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുക മാത്രമല്ല എണ്ണമറ്റ നിക്ഷേപകരെ തീരാദുരിതത്തിലാഴ്ത്തുകയും ചെയ്തു. അതേ വിനാശകരമായ നവ ഉദാരീകരണ പാതയിലൂടെയാണ് അധികാരിവര്‍ഗം ഇന്ത്യയെയും വലിച്ചിഴയ്ക്കുന്നത്.

കോര്‍പറേറ്റ് മുതലാളിത്ത ലോകത്തിന്റെ പ്രതിസന്ധിയുടെ ചുഴിയിലേക്ക് അതേതോതില്‍ ഇന്ത്യ നിപതിച്ചില്ലെങ്കില്‍ അതിനു മുഖ്യകാരണം വലിയൊരളവുവരെ ഗവണ്‍മെന്റിന്റെയും ബാങ്കുകളുടെയും അതിര്‍ വരമ്പുകള്‍ വേര്‍തിരിച്ചു നിലനിര്‍ത്തുന്നതിനു നമുക്കു കഴിഞ്ഞുവെന്നതാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഗൗരവതരമായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പരിരക്ഷിക്കുന്നതില്‍ നമ്മുടെ പൊതുമേഖലാ ബാങ്കുകളുടെ നിസ്തൂലമായ പങ്കിനെപ്പറ്റി അന്നത്തെ ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇത്തരുണത്തില്‍ സ്മരണീയമാണ്.

വസ്തുത ഇതായിരിക്കെ ഇന്ത്യയിലെ വമ്പന്‍ സ്വകാര്യ പുതുതലമുറ ബാങ്കുകളെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വേതനത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണ ചുമതലയും സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളുടെയും ബാങ്കിംഗ് സേവനങ്ങളും തീറെഴുതാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം അങ്ങേയറ്റം അപകടകരവും അപലപനീയവും ചെറുക്കപ്പെടേണ്ടതുമാണ്.  കേരളത്തില്‍ ഇത്തരത്തിലൊരു നീക്കം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഏറെയും അടച്ചുപൂട്ടപ്പെട്ട നിലയിലായിരുന്ന സംസ്ഥാനത്തെ ട്രഷറികളെ പ്രവര്‍ത്തനക്ഷമമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന കാര്യക്ഷമമായ ധനകാര്യ മാനേജുമെന്റാണ്. സംസ്ഥാന ട്രഷറികള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികളില്‍ ഒന്ന് ട്രഷറികളില്‍ എ ടി എം സംവിധാനം ആരംഭിക്കാനുള്ള തീരുമാനമായിരുന്നു. ജീവനക്കാരുടെ വേതനം, പെന്‍ഷന്‍ എന്നിവകളുടെ വിതരണം കുറ്റമറ്റതാക്കാനും സൗകര്യപ്രദമാക്കാനും അത് സഹായകമാകുമായിരുന്നു.

ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ട്രഷറികളില്‍ നിന്ന് മാറ്റി പുത്തന്‍ തലമുറ ബാങ്കുകളെ ഏല്‍പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ട്രഷറി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. സര്‍ക്കാരിന് അടിയന്തര ഘട്ടങ്ങളില്‍ തടസ്സങ്ങള്‍ കൂടാതെ ഉപയോഗിക്കാന്‍ ട്രഷറി നിക്ഷേപം ഉപകാരപ്പെടും. ഇത് പുത്തന്‍തലമുറ ബാങ്കുകളിലേക്ക് മാറ്റുകയെന്നാല്‍ ട്രഷറി സ്തംഭനം മാത്രമല്ല ഗവണ്‍മെന്റ് തന്നെ നിശ്ചലമാകുക എന്നതായിരിക്കും ഫലം. ലോകത്തെങ്ങും കോര്‍പറേറ്റ് ബാങ്കിംഗ് മേഖല അഴിമതിയുടെ ഉറവിടമാണെന്ന് ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ ഓര്‍മിപ്പിക്കുന്നു. ഇന്ന് ലോകത്താകെ പടര്‍ന്നുപിടിച്ചിരിക്കുന്ന വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം ഈ വസ്തുതയിലേക്കും അതിനെതിരായ ആഗോള ജനകീയ ചെറുത്തുനില്‍പിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലും ഇന്ത്യയിലും സര്‍ക്കാരിന്റെ ബാങ്കിംഗ് ചുമതലകള്‍ കോര്‍പറേറ്റ് ബാങ്കുകളെ ഏല്‍പിക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ലക്ഷ്യം വയ്ക്കുന്നതും മറ്റൊന്നാകാന്‍ വഴിയില്ല. കോര്‍പറേറ്റ് അഴിമതി കഥകള്‍ അരങ്ങു തകര്‍ക്കുന്ന ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോര്‍പറേറ്റ് അത്യാര്‍ത്തിക്ക് എറിഞ്ഞുകൊടുക്കാനുള്ള ഏത് നീക്കവും ചെറുത്തു പരാജയപ്പെടുത്തുകതന്നെ വേണം.

janayugom editorial 201011

2 comments:

  1. രാഷ്ട്ര ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നും ഗവണ്‍മെന്റുകള്‍ പിന്‍മാറുകയും അവയെല്ലാം സ്വകാര്യ ഹസ്തങ്ങളില്‍ ഏല്‍പ്പിക്കുക എന്നതും നവ ഉദാരീകരണ സാമ്പത്തിക നയത്തിന്റെ അവിഭാജ്യഘടകമാണ്. റയില്‍വേ ടിക്കറ്റുകളുടെ വില്‍പന മുതല്‍ പൊതുജനാരോഗ്യ സേവനങ്ങളും കടന്ന് അത് രാഷ്ട്ര സുരക്ഷയെ തന്നെ അപകടപ്പെടുത്തുംവിധം പ്രതിരോധ മേഖലയില്‍ വരെ കടന്നുകയറുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. കണ്ണും മൂക്കുമില്ലാത്ത സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തിന്റെ അവസാന ഉദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ സ്വകാര്യ ബാങ്കുകളെ ഏല്‍പിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം.

    ReplyDelete
  2. ക്ഷേമനിധി ബോര്‍ഡുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് സ്വകാര്യ ബാങ്കുകളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എം മാണി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബേങ്കിന്റെയും നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെന്നും മാണി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തീരുമാനം പുതു തലമുറ സ്വകാര്യ ബങ്കുകളെ സഹായിക്കാനാണെന്നും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനമെന്നും തോമസ് ഐസക്ക് പറഞ്ഞു. യുഡിഎഫിലെ ഒരു എംപി ഈ തീരുമാനത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയില്‍ധനമന്ത്രിയെ കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ പിന്തുണയ്ക്കാതിരുന്നത് ശ്രദ്ധേയമായി.

    ReplyDelete