Wednesday, October 19, 2011

പ്രസ്താവന ടൈപ്പ് ചെയ്തതും സ്പീക്കറുടെ ഓഫീസില്‍

മാധ്യമങ്ങള്‍ക്ക് നിയമസഭാ സ്പീക്കറുടെ ഓഫീസില്‍നിന്ന്തിങ്കളാഴ്ച ലഭിച്ച മഹിളാ കോണ്‍ഗ്രസ് പ്രസ്താവന ടൈപ്പ്ചെയ്തതും സ്പീക്കറുടെ ഓഫീസില്‍നിന്ന്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനയാണ് സ്പീക്കറുടെ ഓഫീസില്‍നിന്ന് തയ്യാറാക്കി അയച്ചത്. ഇതോടെ ഫാക്സ് അയച്ചതിന്റെ ഉത്തരവാദിത്തം സ്പീക്കര്‍ക്കുതന്നെയെന്ന് വ്യക്തമായി. മഹിളാ കോണ്‍ഗ്രസിന്റെ പ്രസ്താവന ഫാക്സ് ചെയ്യുന്നതിനുമുമ്പ് സ്പീക്കറുടെ ഓഫീസില്‍നിന്ന് ഉള്ളടക്കം തയ്യാറാക്കി ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതും ഗുരുതരമായ വിഷയമാണ്. ഓഫീസിലെ ഒരു ജീവനക്കാരനെമാത്രം ബലിയാടാക്കി തലയൂരാനുള്ള സ്പീക്കറുടെ തന്ത്രം ഇതോടെ പൊളിഞ്ഞു.
എംഎല്‍എമാരായ ടി വി രാജേഷിനെയും ജെയിംസ് മാത്യുവിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പ്രസ്താവനയാണ് സ്പീക്കറുടെ ഔദ്യോഗികഫാക്സില്‍നിന്ന് അയച്ചത്. ഇത് സ്പീക്കറുടെ പേരിലുള്ള ഫാക്സ് നമ്പറാണ്, ഓഫീസിന്റേതല്ല. സംഘടനയുടെ സ്വന്തം ലെറ്റര്‍പാഡിലുള്ള പ്രസ്താവന സ്പീക്കറുടെ സ്വന്തം ഫാക്സ് നമ്പരായ 0471 2512131ല്‍ നിന്നാണ് മാധ്യമങ്ങളില്‍ എത്തിയത്. ഒരു പ്രസ്താവന സ്പീക്കറുടെയോ മന്ത്രിയുടെയോ ഓഫീസില്‍നിന്ന് ഇത്തരത്തില്‍ അയക്കണമെങ്കില്‍ ഒന്നുകില്‍ ഇവരോ അല്ലെങ്കില്‍ അവരുടെ പ്രൈവറ്റ് സെക്രട്ടറിയോ നിര്‍ബന്ധമായും അറിയണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്. സ്പീക്കറുടെ ഓഫീസില്‍നിന്ന് പതിവായി മാധ്യമങ്ങള്‍ക്ക് നല്‍കാറുള്ള അതേ ഭാഷ, ശൈലി, പ്രയോഗം, ഫോണ്ട് തുടങ്ങിയവയാണ് ബിന്ദുകൃഷ്ണയുടെ പ്രസ്താവനയിലുള്ളതും. സ്പീക്കറുടെ ഓഫീസിലെ കംപ്യൂട്ടര്‍ , പ്രിന്റര്‍ എന്നിവ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സ്പീക്കര്‍ അതിന് തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

പ്രതിപക്ഷ എംഎല്‍എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നിയമസഭാ മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് സ്പീക്കറുടെ ഓഫീസില്‍ എത്തിയിരുന്നു. ഇതിനുശേഷമാണ് പ്രസ്താവന തയ്യാറാക്കി ഫാക്സ് ചെയ്തത്. നിയമസഭയിലേക്ക് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുമെന്ന് സഭാസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച സ്പീക്കറുടെ ഓഫീസിലാണ് മഹിളാ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും കയറി നിരങ്ങുന്നത്. എംഎല്‍എമാര്‍ സമൂഹത്തിന് അപമാനകരമാണെന്നുവരെയുള്ള പരാമര്‍ശങ്ങള്‍ പ്രസ്താവനയിലുണ്ട്. അപകീര്‍ത്തികരമായ പ്രസ്താവന വിവാദമായതോടെ ജീവനക്കാരനെ പുറത്താക്കിയതായി സപീക്കറുടെ ഓഫീസില്‍നിന്ന് അറിയിപ്പ് വരികയായിരുന്നു.

deshabhimani 191011

1 comment:

  1. മാധ്യമങ്ങള്‍ക്ക് നിയമസഭാ സ്പീക്കറുടെ ഓഫീസില്‍നിന്ന്തിങ്കളാഴ്ച ലഭിച്ച മഹിളാ കോണ്‍ഗ്രസ് പ്രസ്താവന ടൈപ്പ്ചെയ്തതും സ്പീക്കറുടെ ഓഫീസില്‍നിന്ന്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവനയാണ് സ്പീക്കറുടെ ഓഫീസില്‍നിന്ന് തയ്യാറാക്കി അയച്ചത്. ഇതോടെ ഫാക്സ് അയച്ചതിന്റെ ഉത്തരവാദിത്തം സ്പീക്കര്‍ക്കുതന്നെയെന്ന് വ്യക്തമായി. മഹിളാ കോണ്‍ഗ്രസിന്റെ പ്രസ്താവന ഫാക്സ് ചെയ്യുന്നതിനുമുമ്പ് സ്പീക്കറുടെ ഓഫീസില്‍നിന്ന് ഉള്ളടക്കം തയ്യാറാക്കി ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതും ഗുരുതരമായ വിഷയമാണ്. ഓഫീസിലെ ഒരു ജീവനക്കാരനെമാത്രം ബലിയാടാക്കി തലയൂരാനുള്ള സ്പീക്കറുടെ തന്ത്രം ഇതോടെ പൊളിഞ്ഞു.

    ReplyDelete