Wednesday, October 19, 2011

ആഭാസച്ചുവടിന് ശിക്ഷയില്ല പ്രതിഷേധിച്ചാല്‍ പുറത്ത്

നിയമസഭയുടെ മേശപ്പുറത്ത് കാല്‍കയറ്റി പ്രതിപക്ഷത്തിന് നേര്‍ക്ക് ചാടാന്‍ ഒരുമ്പെട്ട മന്ത്രിയുടെ ആഭാസപ്രകടനത്തിന് ശിക്ഷയില്ല. ഖേദപ്രകടനം നടത്തിയ മന്ത്രി കെ പി മോഹനന് സ്പീക്കര്‍ നിരുപാധികം മാപ്പുനല്‍കി. സ്പീക്കറുടെ പരാമര്‍ശം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ രണ്ട് എംഎല്‍എമാരെ മിനിറ്റുകള്‍ക്കുള്ളില്‍ സസ്പെന്‍ഡുചെയ്തപ്പോഴാണ് മന്ത്രിയെ ഒഴിവാക്കിയത്. ജയിംസ് മാത്യുവും ടി വി രാജേഷും സഭയോട് കടുത്ത അനാദരവും ഗുരുതരമായ അച്ചടക്കലംഘനവും കാട്ടിയെന്നാണ് മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയത്തില്‍ പറഞ്ഞത്. ഇവര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്തുവെന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയടക്കം പ്രചരിപ്പിച്ചത്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ അത് പാളി. ഇരുവരും ഖേദം പ്രകടിപ്പിക്കണമെന്നായി അടുത്ത ആവശ്യം. തെറ്റ് ചെയ്യാത്ത തങ്ങള്‍ എന്തിന് ഖേദം പ്രകടിപ്പിക്കണമെന്ന് ഇരുവരും തിരിച്ചുചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. എങ്കിലും ഉണ്ടായ സംഭവങ്ങളില്‍ വിഷമമുണ്ടെന്ന് ഇരുവരും എഴുതി നല്‍കി. "വിഷമത്തെ" സ്പീക്കര്‍ "ഖേദ പ്രകടനമാക്കി"യപ്പോള്‍ ശരിയല്ലെന്ന് ഇരുവരും വിളിച്ചുപറഞ്ഞു. നിയമസഭയില്‍നിന്നും പുറത്തുവിട്ട സഭാനടപടികള്‍ സംബന്ധിച്ച കുറിപ്പിലും ഇതിലപ്പുറമൊന്നുമില്ല. പക്ഷേ, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചൂവെന്നത് സ്പീക്കറുടെ നേര്‍ക്കുള്ള "ആക്രോശ"മായും "അനാദരവായും" പരിണമിച്ചു. മുന്‍കൂട്ടി രൂപപ്പെടുത്തിയ തിരക്കഥയില്‍ അയവ് വരുത്താന്‍ ഭരണപക്ഷവും തയ്യാറായില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി കൂട്ട് എന്ന മട്ടില്‍ സ്പീക്കറും നിലയുറപ്പിച്ചു.

രണ്ട് അംഗങ്ങളെ സസ്പെന്‍ഡുചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ സത്യാഗ്രഹമിരുന്നതാണ് മന്ത്രി കെ പി മോഹനനെ പ്രകോപിപ്പിച്ചത്. മേശമേല്‍ ഇടതുകാല്‍ കയറ്റി ആഭാസകരമായ രീതിയില്‍ ആക്രോശിച്ച മന്ത്രി ലക്ഷ്യമിട്ടത് പ്രതിപക്ഷത്തെ ആയിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ എത്രവട്ടം പരാതിനോക്കിയാലും മന്ത്രിയുടെ ഈവിധമുള്ള ആഭാസപ്രകടനം കാണാന്‍ കഴിയില്ല. സ്പീക്കര്‍ ചെയറിലിരിക്കെയാണ് മന്ത്രി മേശപ്പുറത്തുകയറാന്‍ തുനിഞ്ഞതും പ്രതിപക്ഷത്തെ വെല്ലുവിളിച്ചതും. സ്പീക്കറുടെ പരാമര്‍ശം ശരിയല്ലെന്ന് സ്വന്തം ഇരിപ്പിടത്തില്‍ എഴുന്നേറ്റുനിന്ന് പറഞ്ഞ അംഗങ്ങളാണോ മന്ത്രിയാണോ അനാദരവ് കാട്ടിയത്?

സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമുണ്ടായ സ്വാഭാവികപ്രതികരണം എന്നാണ് മന്ത്രിയുടെ നടപടിയെ സ്പീക്കറും ഭരണപക്ഷവും വ്യാഖ്യാനിക്കുന്നത്. മന്ത്രി കെ പി മോഹനന്റെ വിശദീകരണത്തിന് സ്പീക്കര്‍ നല്‍കിയ അനുബന്ധം ഇങ്ങനെയാണ്. "ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റവും ഒരിക്കലും സഭയ്ക്കുള്ളില്‍ പറയാന്‍ പാടില്ലാത്തതായ വാക്കുകളും കടുത്ത ഭാഷയില്‍ പറഞ്ഞതിനാല്‍ ഉണ്ടായ നടപടി". സ്പീക്കര്‍ക്കുപ്പോലും ബോധ്യപ്പെടാന്‍ വിഷമമുള്ളതാണ് ഈ വിശദീകരണമെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും വ്യക്തമാണ്. പക്ഷേ, മന്ത്രിയുടെ വിശദീകരണത്തിന് മുമ്പില്‍ സ്പീക്കര്‍ക്ക് തൃപ്തനാകാതെ തരമില്ല. മേശപ്പുറത്ത് കാല്‍ക്കയറ്റി മുണ്ടുയര്‍ത്തി ചാടാന്‍ ഒരുങ്ങിയ മന്ത്രി ഖേദം പ്രകടിപ്പിച്ചതായി എഴുതി നല്‍കിയതിനാല്‍ പ്രശ്നം തീരുമോ? നിയമസഭയില്‍ അങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടാകാത്തതിനാല്‍ കീഴ്വഴക്കം ചൂണ്ടിക്കാട്ടാനും പറ്റില്ല. തെറ്റിന്റെ ഗൗരവം കണക്കിലെടുത്താണ് ശിക്ഷ വിധിക്കുന്നത്. സ്പീക്കറോട് കയര്‍ക്കുന്നതും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും സഭയില്‍ പലവട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, മന്ത്രി കെ പി മോഹനന്റെ "ചാട്ടം" പോലൊന്ന് സമീപകാല ചരിത്രത്തിലില്ല. സ്പീക്കര്‍ പറഞ്ഞതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് ഗുരുതരമായ അച്ചടക്കലംഘനവും അനാദരവും ആണെങ്കില്‍ മന്ത്രിയുടെ നടപടി അതിനെക്കാള്‍ ഗൗരവമേറി യതാണ്.
(കെ ശ്രീകണ്ഠന്‍)

deshabhimani 191011

1 comment:

  1. നിയമസഭയുടെ മേശപ്പുറത്ത് കാല്‍കയറ്റി പ്രതിപക്ഷത്തിന് നേര്‍ക്ക് ചാടാന്‍ ഒരുമ്പെട്ട മന്ത്രിയുടെ ആഭാസപ്രകടനത്തിന് ശിക്ഷയില്ല. ഖേദപ്രകടനം നടത്തിയ മന്ത്രി കെ പി മോഹനന് സ്പീക്കര്‍ നിരുപാധികം മാപ്പുനല്‍കി. സ്പീക്കറുടെ പരാമര്‍ശം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ രണ്ട് എംഎല്‍എമാരെ മിനിറ്റുകള്‍ക്കുള്ളില്‍ സസ്പെന്‍ഡുചെയ്തപ്പോഴാണ് മന്ത്രിയെ ഒഴിവാക്കിയത്.

    ReplyDelete