Thursday, October 6, 2011

ലക്ഷം തൊഴില്‍ ഉള്‍പ്പെടെയുളള പദ്ധതികള്‍ക്ക് ബാങ്കുകള്‍ സഹായിക്കും

സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലക്ഷം തൊഴില്‍ദാന പദ്ധതി, കരാര്‍ കൃഷി, വിദ്യാധനം പദ്ധതി എന്നിവയ്ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന  സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനായി കനറാ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് രാമന്‍ അറിയിച്ചു.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ അനുവദിക്കുന്ന തുകയെ കുറിച്ച് ബാങ്കുകള്‍ വ്യത്യസ്തമായ നയം പിന്തുടരുന്നതുകാരണം യഥാര്‍ഥ ആവശ്യക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി മന്ത്രി കെ എം മാണി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ വായ്പ പലപ്പോഴും നിഷേധിക്കുന്നു. ഇപ്പോള്‍ വായ്പയായി അനുവദിക്കുന്ന നാലുലക്ഷം രൂപയുടെ പരിധി വര്‍ധിപ്പിക്കണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

തരിശുഭൂമിയില്‍ കൃഷിചെയ്യാനുള്ള പദ്ധതിയായ കരാര്‍കൃഷി നടപ്പിലാക്കാന്‍ പോവുകയാണ്. കൃഷിഭവനും വസ്തു ഉടമയും തമ്മില്‍ കരാര്‍ ഒപ്പിട്ടശേഷം കൃഷിക്ക് താല്‍പര്യമുള്ളവര്‍ക്കായി ഭൂമി നല്‍കുന്നതാണ് പദ്ധതി. ജില്ലയില്‍ ഒരു ഗ്രാമംവീതം ദത്തെടുക്കാന്‍ നബാര്‍ഡ് മുന്നോട്ട് വന്നിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ലക്ഷം തൊഴില്‍ പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കും. 10,000 യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ രൂപീകരിക്കുന്നത്. യൂണിറ്റുകള്‍ക്ക് 20 ലക്ഷവും വ്യക്തിക്ക് 10 ലക്ഷവും പലിശരഹിത വായ്പ നല്‍കും. കെ എസ് എഫ് ഇ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിയായ വിദ്യാധനത്തിനും സാമ്പത്തിക സഹകരണം ആവശ്യമായി വരുമെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയ്യാറാണെങ്കിലും തിരിച്ചടയ്ക്കുന്നതില്‍ ഗുരുതരമായ വീഴ്ചസംഭവിക്കുന്നതായി കനറാ ബാങ്ക് സി എം ഡി പറഞ്ഞു. വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കേണ്ടതില്ലെന്ന പ്രചരണമാണ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നതെന്നും വായ്പാതിരിച്ചടവ് കാര്യക്ഷമമാക്കാനും റവന്യു റിക്കവറി നടപടികള്‍ ഊര്‍ജിതപ്പെടുത്താനുമായി റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുമെന്ന് മന്ത്രി കെ എം മാണി പറഞ്ഞു.

janayugom 041011

1 comment:

  1. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലക്ഷം തൊഴില്‍ദാന പദ്ധതി, കരാര്‍ കൃഷി, വിദ്യാധനം പദ്ധതി എന്നിവയ്ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനായി കനറാ ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് രാമന്‍ അറിയിച്ചു.

    ReplyDelete