Thursday, October 6, 2011

തൊഴില്‍ സംരക്ഷണവും യു.ഡി.എഫ് പാക്കേജും

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച് ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്ന് തോന്നാമെങ്കിലും പ്രതിലോമപരവും അപകടകരവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ പാക്കേജിലുണ്ട്. അധ്യാപക തസ്തികയില്‍ തൊഴില്‍ സംരക്ഷണം നല്‍കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ പ്രധാനപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്കൂളില്‍ കുട്ടികള്‍ കുറയുന്നതാണ് തസ്തിക നഷ്ടപ്പെടുന്നതിനുകാരണം എന്ന വസ്തുത പാക്കേജില്‍ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല.

വിവിധ സിലബസ്സുകളിലുള്ള അനധികൃതവിദ്യാലയങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നതും അണ്‍ -എയ്ഡഡ് സ്കൂളുകള്‍ക്കും സി.ബി.എസ്.ഇ സ്കൂളുകള്‍ക്കും യഥേഷ്ടം അംഗീകാരം കൊടുക്കുന്നതുമാണ് തസ്തിക നഷ്ടപ്പെട്ട അധ്യാപകര്‍ പുറത്തുപോകുന്നതിനു കാരണം. ഈ വസ്തുത മൂടിവയ്ക്കാനുള്ള വിഫലശ്രമം പാക്കേജിലുടനീളം കാണാന്‍ കഴിയും. അധ്യാപകദിനത്തിന് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒരുമാസത്തേക്ക് കൂടി വീണ്ടും നീട്ടിയിരിക്കുകയാണ്. മാനേജര്‍മാരുടെ ആശങ്കകള്‍ ദൂരീകരിച്ചില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്ന ഒരു പാക്കേജാണ് എല്‍ .ഡി.എഫ് ഗവണ്‍മെന്റ് ലക്ഷ്യമിട്ടത്. 10-ാം ക്ലാസ്സുവരെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 ആയി കുറയ്ക്കാനും അങ്ങനെയുണ്ടാകുന്ന ഒഴിവുകളില്‍ സര്‍വ്വീസില്‍നിന്നും പുറത്തുപോയ അധ്യാപകരെ അതാതുമേഖലയില്‍ സംരക്ഷിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായിരുന്നു ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ എല്‍ .ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നതുമുതല്‍ അധ്യാപകരുടെ പുനര്‍നിയമനം വരെയുള്ള കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തവും ആശങ്കാജനകവുമായ നിര്‍ദ്ദേശങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പിലാക്കാന്‍ പോകുന്നത്.

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദ്ദേശം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സാധ്യത മുന്‍കൂട്ടി കണ്ടിരുന്നതാണ്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 (ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ), 1:35 (ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ) എന്നീക്രമത്തില്‍ ക്ലാസ്സടിസ്ഥാനത്തില്‍ കുറയ്ക്കും. 2010-11 അടിസ്ഥാനവര്‍ഷമായി കണക്കാക്കി ഡിവിഷനുകള്‍ നിലനിര്‍ത്താനും അനുപാതം കുറയുമ്പോള്‍ ഉണ്ടാകുന്ന തസ്തികകളെ അധികഡിവിഷനുകളായി കണക്കാക്കാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വരുന്ന രണ്ടുവര്‍ഷത്തേക്ക് സ്റ്റാഫ് ഫിക്സേഷന്‍ റിവൈസ് ചെയ്യുന്നില്ല. അധികഡിവിഷന്‍ ആവശ്യപ്പെടുന്ന സ്കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും യു.ഐ.ഡി (യൂണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നിയമപ്രകാരം നിര്‍ബന്ധമാക്കും. ഇതിനായി ബയോമെട്രിക് സംവിധാനം (വിരലടയാളവും കണ്ണിലെ ഐറിസിന്റെ പ്രത്യേകതയും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തുന്ന വിധം) ഉപയോഗിക്കും. ഇങ്ങനെ സ്കൂളുകളില്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം ഉറപ്പാക്കിയതിനുശേഷം മാത്രമായിരിക്കും തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നത്. എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുമ്പോഴുണ്ടാവുന്ന ഒഴിവുകളില്‍ ഒരു പ്രൊട്ടക്റ്റഡ് അധ്യാപകനെ നിയമിച്ചതിനുശേഷം ബാക്കിയുള്ള എല്ലാ ഒഴിവുകളിലും ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാനുള്ള അവകാശം പാക്കേജ് മാനേജര്‍മാര്‍ക്ക് നല്‍കുന്നു.

ശമ്പളവും അംഗീകാരവും നല്‍കുന്നത് സര്‍ക്കാരാണെങ്കിലും നിയമനം നടത്താനുള്ള അവകാശം മാനേജര്‍ക്കാണ്്. ഫലത്തില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ കോഴ വാങ്ങി വീണ്ടും നിയമനം നടത്താനുള്ള അവസരം മാനേജര്‍മാര്‍ക്ക് ലഭിക്കും. പുറത്തുപോയവരെയും തസ്തിക നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുക എന്ന പാക്കേജിന്റെ ലക്ഷ്യംതന്നെ ഇതിലൂടെ ഇല്ലാതാവുന്നു. ആറാംക്ലാസ് മുതല്‍ 1:35 എന്ന നിലയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണം മാറിയതുകൊണ്ടുമാത്രമാണ് 1:35 എന്ന അനുപാതത്തിലേക്ക് മാറിയത്. കേരളത്തിലെ മിക്ക സ്കൂളുകളിലും ശരാശരി 2 ഡിവിഷനുകള്‍ വീതമാണുള്ളത്. 51 കുട്ടികള്‍ ഉണ്ടെങ്കില്‍ 2 ഡിവിഷന്‍ അനുവദിക്കാന്‍ നിലവിലുള്ള കെ.ഇ.ആറില്‍ വ്യവസ്ഥയുണ്ട്. പാക്കേജില്‍ പറയുന്നതനുസരിച്ച് എല്‍ .പി യില്‍ 60 കുട്ടികള്‍വരെയും യു.പി. യില്‍ 70 കുട്ടികള്‍വരെയും 2 ഡിവിഷന്‍ ആയി നിലനില്‍ക്കും. അതുകൊണ്ടുതന്നെ നിലവില്‍ 2 ഡിവിഷനുകളുള്ള സ്കൂളുകളില്‍ തസ്തികകളുടെ എണ്ണം കൂടുകയില്ല. ക്ലാസ്സില്‍ സ്ഥിരമായി ഹാജരാവാത്ത കുട്ടികളെ കണ്ടുപിടിച്ച് ഒഴിവാക്കുന്നതിലൂടെ കുട്ടികളുടെ എണ്ണത്തിലും സാരമായ കുറവുവരും. ചില സ്കൂളുകളിലെങ്കിലും നിലവില്‍ കുട്ടികളുടെ എണ്ണം 1:30 നു താഴെയാണെന്നതാണ് വസ്തുത. അതിനാല്‍ പ്രത്യേക സൗകര്യങ്ങള്‍ ഉപയോഗിച്ച് കുട്ടികളെ സ്കൂളില്‍ എത്തിക്കുന്ന എയ്ഡഡ് സ്കൂളുകളിലായിരിക്കും തസ്തിക കൂടുതലുണ്ടാകുന്നത്. കുട്ടികള്‍ കുറവുള്ള മുവ്വായിരത്തിലധികം സ്കൂളുകളുടെ ഭാവി എന്താവുമെന്നകാര്യത്തില്‍ പാക്കേജ് മൗനം പാലിക്കുകയാണ്. 2002 ലെ യു ഡി എഫ് ഭരണകാലത്തെപ്പോലെ കുട്ടികള്‍ കുറവുള്ള സ്കൂളുകളുടെ മരണമണി മുഴങ്ങുമോ എന്ന ആശങ്ക ബാക്കിയാവുന്നു. സ്കൂളും തസ്തികയുമില്ലെങ്കിലും ശമ്പളം ടീച്ചേഴ്സ് ബാങ്കില്‍ നിന്നും തരുമെന്ന വാഗ്ദാനമാണ് ഇങ്ങനെയൊരു ആശങ്കയുണ്ടാകാന്‍ കാരണം.

1997 ജൂലൈ 14 വരെ സര്‍വ്വീസിലിരുന്ന മുഴുവന്‍ അധ്യാപകര്‍ക്കും നിലവില്‍ ജോലിസംരക്ഷണമുണ്ടായിരുന്നു. എയ്ഡഡ് മേഖലയില്‍ ജോലിചെയ്യുന്ന 106143അധ്യാപകരില്‍ 72000 പേര്‍ 1997 ന് മുന്‍പ് നിയമിക്കപ്പെട്ടവരാണ്. അവര്‍ക്ക് നിലവിലുണ്ടായിരുന്ന സംരക്ഷണം പാക്കേജിലൂടെ നഷ്ടപ്പെടാന്‍ പോകുകയാണ്. പ്രൊട്ടക്ക്ഷന് പകരം അധ്യാപകരെ ടീച്ചേഴ്സ് ബാങ്കില്‍ നിര്‍ത്തി ശമ്പളം കൊടുക്കുമെന്നാണ് പറയുന്നത്. പ്രൊട്ടക്റ്റഡ് അധ്യാപകര്‍ എന്ന പദപ്രയോഗം ഇതിനാല്‍ ഇല്ലാതാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അത്യന്തം ഗൗരവത്തോടെ കാണേണ്ട ഒരു പ്രഖ്യാപനമാണിത്. തൊഴില്‍ സംരക്ഷിക്കപ്പെടുന്നതിനാണ് ടീച്ചേഴ്സ് ബാങ്കെങ്കില്‍ സംരക്ഷിക്കപ്പെടുന്ന അധ്യാപകന്‍ എന്ന പദം തന്നെ ഇല്ലാതാക്കുമെന്ന് പറയുന്നതെന്തിനാണ്? ടീച്ചേഴ്സ് ബാങ്കില്‍ പിന്നെ ആരൊക്കെയാണ് പെടുന്നത്? പാക്കേജില്‍ ഉള്‍പ്പെടുന്നവര്‍ പുനര്‍വിന്യാസത്തിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നു എന്നതിനപ്പുറം എന്തു സംരക്ഷണമാണവര്‍ക്കുള്ളത്? പാക്കേജില്‍ ഉള്‍പ്പെടുത്തിയാലും പുനര്‍നിയമനം നല്‍കുന്നതിനനുസരിച്ചാണ് തൊഴില്‍ സംരക്ഷണം ഉണ്ടാകുന്നത്. ഫലത്തില്‍ പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നവര്‍ക്കുപ്പോലും ഇനി തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകും. തസ്തികയില്ലാതെ എത്രനാള്‍ ശമ്പളം കൊടുക്കാന്‍ കഴിയും? പാക്കേജിലൂടെ പുനര്‍നിയമനം നടത്തേണ്ട ഒഴിവുകളില്‍പോലും നിയമനാധികാരം മാനേജര്‍മാര്‍ക്ക് കൊടുക്കുകയല്ലേ? പിന്നെ എങ്ങിനെയാണ് പുനര്‍വിന്യസിക്കപ്പെടേണ്ട അധ്യാപകരെ നിലനിര്‍ത്തുക? 2752 അധ്യാപകരെ എസ് എസ് എ യില്‍ സ്പെഷ്യലിസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി 14, 440 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുമെന്നാണ് പറയുന്നത്. സ്കൂള്‍തലത്തിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകതസ്തിക പാക്കേജ് നടപ്പിലാക്കുന്നതോടെ ഇല്ലാതാകും. ഫലത്തില്‍ അധ്യാപക തസ്തികയില്‍ നിന്ന് അവരെ നിശ്ചിത ശമ്പളം മാത്രം വാങ്ങുന്ന വേതന വ്യവസ്ഥയില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ 2677 പേരെ നിയമിക്കുമെന്നാണ് പറയുന്നത്. അഞ്ചാംക്ലാസ് വരെയുള്ള എല്‍ .പിയിലും എട്ടാംക്ലാസ് വരെയുള്ള യു.പി യിലുമാണ് ഇങ്ങനെ തസ്തികയുണ്ടാകുന്നത്. കേരളത്തില്‍ ഘടനാപരമായ മാറ്റം വരാതെ ഇതിനുള്ള സാധ്യതയില്ല. അതുവരെ ഈ അധ്യാപകര്‍ മൈനസ് അക്കൗണ്ടുള്ള ബാങ്കില്‍ തന്നെയെന്നര്‍ത്ഥം. 641 പേരെ എസ്.എസ്.എ യില്‍ ബി.ആര്‍ .സി പരിശീലകരാക്കുമെന്നും ബാക്കി വരുന്നവരെ സ്ഥിരം പരിശീലനത്തിന് വിടും എന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍ . ഫലത്തില്‍ ടീച്ചേഴ്സ് ബാങ്കുവഴി സംരക്ഷിക്കുമെന്നു പറയുന്ന 10503 പേരും പുനര്‍നിയമനമില്ലാതെ ബാങ്കില്‍ തന്നെ നിലനില്‍ക്കാനാണ് സാധ്യത. ഫലത്തില്‍ പ്രൊട്ടക്ഷന്‍ പ്രശ്നം പാക്കേജ് നടപ്പിലാക്കിയാലും പരിഹരിക്കപ്പെടില്ല.

2006-07 മുതല്‍ അഡീഷണല്‍ ഡിവിഷന്‍ ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി 2010-11ല്‍ ഉണ്ടാകാവുന്ന ഒഴിവുകളില്‍ തുല്യമായ എണ്ണം പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിക്കുമെന്നും അതിനുശേഷം ഉണ്ടാകുന്ന അഡീഷണല്‍ തസ്തികകളില്‍ പ്രൊട്ടക്റ്റഡ് അധ്യാപകരെയും പുതിയ അധ്യാപകരെയും 1:1 അനുപാതത്തില്‍ നിയമിക്കണമെന്നുമുള്ള ഉത്തരവ് എല്‍ .ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് ബോണ്ട് സമര്‍പ്പിച്ച് സ്കൂളിലെ അധ്യാപകര്‍ക്ക് നിയമനകാലംമുതല്‍തന്നെ ശമ്പളംകിട്ടി. സുപ്രീംകോടതിവിധി വന്നിട്ടും ബോണ്ട് സമര്‍പ്പിക്കാത്ത മാനേജര്‍മാരുണ്ട്. 1817 അധ്യാപകര്‍ ഇക്കാരണത്താല്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്നു. ഈ വര്‍ഷംമുതല്‍ നിയമനാംഗീകാരം നല്‍കുമെന്നാണ് പാക്കേജില്‍ പറയുന്നത്. മാനേജര്‍മാര്‍ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടു നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതിന് അധ്യാപകര്‍ ശിക്ഷയനുഭവിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് നീതിക്ക് നിരക്കുന്നതല്ല. നിയമിക്കപ്പെട്ട കാലംമുതല്‍ ഈ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കണം. മാനേജര്‍മാരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. പാക്കേജിലെ അധ്യാപക പരിശീലനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശം ശാസ്ത്രീയമല്ല. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും രണ്ടുമാസത്തെ നിര്‍ബന്ധിത പരിശീലനം നല്‍കുമെന്നാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ സര്‍വ്വീസിനിടയില്‍ പരിശീലനമേ ഇല്ലെന്നാണോ?. പാഠ്യപദ്ധതി പരിഷ്ക്കാരത്തിന്റെ ഭാഗമായി നടക്കുന്ന പാഠപുസ്തക പരിഷ്ക്കാരം ഒരു തുടര്‍ പ്രക്രിയയാണ്. അതനുസരിച്ച് പരിശീലനത്തിലും മൂല്യനിര്‍ണയത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലത്തും ക്ലസ്റ്റര്‍തലത്തിലുമായി ഇപ്പോള്‍ നടത്തുന്ന പരിശീലനങ്ങള്‍ നിലനിര്‍ത്തി, അതിലെ കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള അക്കാദമിക് നിര്‍ദ്ദേശമാണ് ഉണ്ടാവേണ്ടത്. അല്ലാതെ അധ്യാപകരെ റൊട്ടേറ്റ് ചെയ്ത് സര്‍വ്വീസില്‍ പുനഃപ്രവേശിപ്പിക്കാന്‍വേണ്ടി പരിശീലനമിരിക്കട്ടെ എന്ന നിര്‍ദ്ദേശം യുക്തിക്ക് നിരക്കുന്നതല്ല.

ഇനി സര്‍ക്കാര്‍ സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ മൂന്നുവര്‍ഷം വേണ്ടി വരും എന്നാണ് പറയുന്നത്. ടീച്ചര്‍ എലിജിബിലിറ്റ് ടെസ്റ്റും (ടി.ഇ.ടി) പി.എസ്.സി നിയമനവും കഴിയാന്‍ കാലതാമസമെടുക്കും എന്നതാണ് ഇതിനുള്ള ന്യായീകരണം. ഈ വര്‍ഷംതന്നെ ടെസ്റ്റ് നടത്തിയാല്‍ നിയമനത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയില്ലേ? 2013-14 ല്‍ തസ്തിക നിര്‍ണയം നടത്തിയതിനുശേഷമേ പി.എസ്.സി നിയമനനടപടികളാരംഭിക്കൂ എന്ന നിര്‍ദ്ദേശം നിയമനനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്. എയ്ഡഡ് സ്കൂളുകളില്‍ പാക്കേജിന്റെ ഭാഗമായുണ്ടാകുന്ന ഒഴിവുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ അവസരം കൊടുക്കുകയും സര്‍ക്കാര്‍ സ്കൂളില്‍ ബാങ്കില്‍ നിന്നും പുനര്‍നിയമനം നടത്തുകയും ചെയ്യാനുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ല. പി.എസ്.സി നിയമനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് പാക്കേജിലെ ഈ നിര്‍ദ്ദേശം. ഒരു വര്‍ഷം പതിനായിരത്തോളം അധ്യാപകര്‍ പെന്‍ഷന്‍പറ്റുന്ന വിദ്യാഭ്യാസ മേഖലയില്‍ പുതിയ നിയമനത്തിലുള്ള വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് തൊഴില്‍രഹിതരോടുള്ള ക്രൂരതയാണ്. അധ്യാപകരെ വിലയിരുത്തുന്നതിന് സമൂഹത്തിലെ പൊതുസമ്മതനായ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല ഓഡിറ്റിംഗ് ആന്റ് മോണിറ്ററിംഗ് അതോറിറ്റി രൂപീകരിക്കുക എന്നതാണ് പാക്കേജിലെ മറ്റൊരു നിര്‍ദ്ദേശം. എല്ലാ അധ്യാപകരും കമ്മിറ്റിയുടെ 3 വര്‍ഷത്തിലൊരിക്കലുള്ള വിലയിരുത്തലിന് വിധേയമാകണമെന്നാണ് പറയുന്നത്. സോഷ്യല്‍ മോണിറ്ററിംഗിന്റെ സ്വഭാവത്തില്‍ സ്കൂളിന്റെ പൊതുവായ നേട്ടങ്ങളെയും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെയും വിലയിരുത്തുന്നതാണ് നല്ലത്. അധ്യാപകന്റെ അധ്യാപനശേഷി പരിശോധിക്കാന്‍ ശാസ്ത്രീയമായ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. അധ്യാപകനെ പരിശോധിക്കാന്‍ മാത്രമായി സോഷ്യല്‍ മോണിറ്ററിംഗിനെ ചുരുക്കിക്കാണുന്നത് പാക്കേജിന്റെതന്നെ ദൗര്‍ബല്യമാണ് പ്രകടമാക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ആകര്‍ഷകവുമാക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും പാക്കേജിലില്ല. കുട്ടികളുടെ കുറവ് പരിഹരിച്ചുകൊണ്ടുമാത്രമേ അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂ. പൊതുസമൂഹത്തിന്റെ ആഗ്രഹമനുസരിച്ചുള്ള സൗകര്യങ്ങള്‍ സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളില്ലെങ്കിലും അധ്യാപകര്‍ സംരക്ഷിക്കപ്പെടും എന്ന രീതിയിലുള്ള പാക്കേജിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍ -എക്കണോമിക് എന്ന പേരില്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള മുന്‍കൂര്‍ജാമ്യമാണ്. സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള തീരുമാനം നിലനില്‍ക്കെ, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കാനെന്ന വ്യാജേന ഈ പാക്കേജ് കൊണ്ടുവന്ന യു ഡി എഫിന്റെ ഉദ്ദേശ്യശുദ്ധിയില്‍ അധ്യാപകര്‍ക്ക് സംശയമുണ്ട്. എയ്ഡഡ് സ്കൂളിലെ തസ്തിക അംഗീകരിച്ചതിനുശേഷം മാത്രമേ നിയമനം പാടുള്ളൂ എന്ന വ്യവസ്ഥയും മാനേജര്‍മാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വേണ്ടെന്നു വച്ചിരിക്കുകയാണ്. അധ്യാപകര്‍ നടത്തിയ അതിശക്തമായ പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത തൊഴില്‍ സംരക്ഷണം എന്ന വ്യവസ്ഥതന്നെ ഇതോടെ ഇല്ലാതാകുകയാണ്. 1968 ല്‍ വളരെ പരിമിതമായ അധ്യാപകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇ.എം.എസിന്റെ ഗവണ്‍മെന്റ് പ്രൊട്ടക്ഷന്‍ നടപ്പിലാക്കിയത്. അതിനുശേഷം അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരുകളുടെ ഒത്താശയോടെ മാനേജര്‍മാര്‍ നടത്തിയ അനധികൃതനിയമനങ്ങളുടെ ഫലമായി 1984 ആയപ്പോള്‍ തസ്തികയില്ലാതെ സ്കൂളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ എണ്ണം എണ്ണായിരമായി ഉയര്‍ന്നു. സ്കൂളില്‍ തസ്തികയില്ലാതെ ടീച്ചേഴ്സ് ബാങ്കില്‍ ശമ്പളം കൊടുക്കുമെന്ന പാക്കേജിലെ നിര്‍ദ്ദേശം കാണുമ്പോള്‍ 1984 നുമുന്‍പുള്ള അവസ്ഥയാണ് ഓര്‍മ്മ വരുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ കടുത്ത വിമര്‍ശനമുണ്ടായപ്പോഴാണ് 1984 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബ് പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കുകയും അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പുനര്‍വിന്യസിക്കുകയും ചെയ്തത്. പുതിയ പാക്കേജും അതുതന്നെയാണ് ചെയ്യുന്നത്. കുട്ടികളുടെ കുറവുമൂലം അധ്യാപക തസ്തിക നഷ്ടപ്പെടുന്നതാണ് പൊതുവിദ്യാലയങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തില്‍ അണ്‍ -എയ്ഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി അംഗീകാരം കൊടുത്തുതുടങ്ങിയത് ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലംമുതലാണ് (1982). 2006-07 ല്‍ യു.ഡി.എഫ് അധികാരം ഒഴിയുമ്പോള്‍ അംഗീകാരമുള്ള 864 അണ്‍ -എയ്ഡഡ് സ്കൂളുകളും 874 സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളും, അംഗീകാരമില്ലാത്ത മുവ്വായിരത്തോളം സ്കൂളുകളുമടങ്ങുന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്.

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം അംഗീകാരം നല്‍കുമെന്നു പറയുന്ന സര്‍ക്കാരിന്, അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ എങ്ങനെ കഴിയും? സ്കൂളും തസ്തികയുമില്ലാതെ ടീച്ചേഴ്സ് ബാങ്കിലൂടെ സംരക്ഷണം എന്നാല്‍ അതിന്റെയര്‍ത്ഥം പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടപ്പെടും എന്നതാണ്. പൊതുവിദ്യാലയങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെ മറച്ചുപിടിക്കാനുള്ള വിഫലശ്രമമാണ് പാക്കേജിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തികൊണ്ടുമാത്രമേ തൊഴില്‍ സ്ഥിരത ഉറപ്പുവരുത്താന്‍ കഴിയൂകയുള്ളൂ. ഈ തിരിച്ചറിവ് സമരപാരമ്പര്യമുള്ള കേരളത്തിലെ അധ്യാപകസമൂഹത്തിനുണ്ട്.

എം ഷാജഹാന്‍ chintha 300911

1 comment:

  1. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച് ജോലിസംരക്ഷണം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്ന് തോന്നാമെങ്കിലും പ്രതിലോമപരവും അപകടകരവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ പാക്കേജിലുണ്ട്. അധ്യാപക തസ്തികയില്‍ തൊഴില്‍ സംരക്ഷണം നല്‍കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ പ്രധാനപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്കൂളില്‍ കുട്ടികള്‍ കുറയുന്നതാണ് തസ്തിക നഷ്ടപ്പെടുന്നതിനുകാരണം എന്ന വസ്തുത പാക്കേജില്‍ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല.

    ReplyDelete