ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി ഒക്ടോബര്‍ 11ന് ബിഹാറില്‍നിന്ന് രണ്ടാം രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു. രഥത്തില്‍ മാത്രമല്ല, സൗകര്യാനുസരണം വിമാനമാര്‍ഗവും യാത്ര തുടരുന്നുണ്ട്. അഴിമതിക്കും കള്ളപ്പണത്തിനും എതിരെയാണ് രഥയാത്രയെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ യാത്ര ആരംഭിക്കേണ്ടിയിരുന്നത് ബിഹാറില്‍നിന്നല്ല ബെല്ലാരിയില്‍നിന്നാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് വളരെ അര്‍ഥവത്താണ്. ബിജെപി അധികാരത്തിലുള്ള കര്‍ണാടകത്തിലെ മുന്‍ മന്ത്രിമാരായ റെഡ്ഡി സഹോദരന്മാരാണല്ലോ അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ജനാര്‍ദന റെഡ്ഡിയും ശ്രീനിവാസ റെഡ്ഡിയും കരുണാകര റെഡ്ഡിയുമൊക്കെ ജയിലഴികള്‍ എണ്ണേണ്ടിവന്നു.
കര്‍ണാടകത്തിലെ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലിലെത്തി. ഈ സാഹചര്യത്തില്‍ അദ്വാനിയുടെ രഥയാത്രയെ വിരോധാഭാസം എന്നുമാത്രം പറഞ്ഞാല്‍പോര, അക്ഷരാര്‍ഥത്തില്‍ വഞ്ചനകൂടിയാണ്. ബിജെപി ആറ് കൊല്ലം കേന്ദ്രം ഭരിച്ച കാലത്താണ് രാജ്യരക്ഷയ്ക്കുള്ള ആയുധം വാങ്ങുന്നതില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റുതന്നെ നേരിട്ട് കൈക്കൂലി വാങ്ങുന്നത് തെഹല്‍ക പകര്‍ത്തിയെടുത്ത് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത്. അദ്വാനി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്നപ്പോഴാണ് 2ജി സ്പെക്ട്രം അഴിമതിക്ക് തുടക്കംകുറിച്ചത്. ഖനി കുംഭകോണം 2ജി സ്പെക്ട്രംപോലെതന്നെ വന്‍കിട ബിസിനസുകാരും ഭരണവര്‍ഗ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ്. പെട്രോള്‍ ബങ്കുകള്‍ അനുവദിച്ചതും ഓഹരികുംഭകോണവും ഭൂമി ഇടപാടും ഒക്കെ ബിജെപി ഭരണകാലത്താണുണ്ടായത്. അഴിമതി ഭരണത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന രണ്ടു പാര്‍ടികളാണ് കോണ്‍ഗ്രസും ബിജെപിയും.
1990ല്‍ അദ്വാനി നടത്തിയ രഥയാത്രയുടെ ചരിത്രം ഓര്‍മിക്കുന്നവര്‍ക്കൊക്കെയറിയാം ഇപ്പോഴത്തെ രഥയാത്രയുടെ ലക്ഷ്യമെന്തെന്ന്. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറിമസ്ജിദ് തകര്‍ക്കുന്നതിലാണ് 1990ലെ രഥയാത്ര കലാശിച്ചത്. വര്‍ഗീയ കലാപം നടന്ന പ്രദേശങ്ങളില്‍ക്കൂടിയാണ് ഇപ്പോഴത്തെ രഥയാത്ര കടന്നുപോകുന്നത്. യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള അഴിമതിക്കാരെയും കൊള്ളക്കാരെയും മാഫിയാസംഘത്തെയും വിചാരണചെയ്ത് ശിക്ഷിക്കണമെന്നാണ് അദ്വാനി രഥയാത്രയില്‍ ഉന്നയിക്കേണ്ട ആവശ്യം. അതിനു തയ്യാറല്ലെങ്കില്‍ ഇത് വെറും പ്രഹസനമാണെന്ന് വിവേകശാലികളായ ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
deshabhimani editorial 191011
No comments:
Post a Comment