Wednesday, October 19, 2011

കാക്കനാടന് ആദരാഞ്ജലി

മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് മാര്‍ത്തോമ പള്ളിശ്മശാനത്തില്‍്. മരണസമയത്ത് ഭാര്യയും മകന്‍ ഋഷിയും മരുമകന്‍ ഗിരിയും അടുത്തുണ്ടായിരുന്നു.ജോര്‍ജ് വര്‍ഗീസ് എന്നായിരുന്നു യഥാര്‍ഥപേരെങ്കിലും കാക്കനാടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.1935 ഏപ്രില്‍ 23ന് തിരുവല്ലയിലായിരുന്നു ജനനം.

മലയാള നോവല്‍ -കഥാ സാഹിത്യത്തില്‍ ആധുനികതയുടെ വക്താക്കളില്‍ പ്രധാനിയായിരുന്നു കാക്കനാടന്‍ . അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരുന്നു. ശക്തമായ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളിലും പ്രതിഫലിച്ചിരുന്നത്. "ഒറോത" എന്ന നോവലിന് 1984ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 80 ല്‍ ജാപ്പാണം പുകയില എന്ന ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 86 ല്‍ ഉഷ്ണമേഖലക്ക് മികച്ചചെറുകഥക്കുള്ള പുരസ്കാരം ലഭിച്ചു.2008ല്‍ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.ഏഴാം നിദ്ര,വസൂരി,സാക്ഷി,പറങ്കിമല,അജ്ഞതയുടെ താഴ്വര,ചുമര്‍ചിത്രങ്ങള്‍ ,മഴനിഴല്‍പ്രദേശങ്ങള്‍ എന്നിവയാണ് പ്രധാനകൃതികള്‍ .ക്ഷത്രിയന്‍ എന്ന നോവല്‍ പാതി എഴുതിത്തീര്‍ത്തിരുന്നു.പറങ്കിമല,ഓമപ്പുടവ,പാര്‍വതി,ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്നീ കഥകള്‍ സിനിമയാക്കിയിരുന്നു.ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷം സ്കൂള്‍ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം 1957 മുതല്‍ 4 വര്‍ഷം സതേണ്‍ റെയില്‍വെയിലും സേവനമനുഷ്ഠിച്ചു. 1961മുതല്‍ 67വരെ റെയില്‍വെ മന്ത്രാലയത്തിലും ജോലിചെയ്തിട്ടുണ്ട്. കുറേക്കാലം ഡല്‍ഹിയിലും ജോലിചെയ്തു.2005ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ഭാര്യ: അമ്മിണി. മക്കള്‍ : രാധ, രാജന്‍ , ഋഷി മരുമകന്‍ : ഗിരി ബുധനാഴ്ച പകല്‍ പതിനൊന്നോടെ മൃതദേഹം തെക്കേവിളയിലുള്ള വീട് അര്‍ച്ചനയിലെത്തിച്ചു.കലക്ടര്‍ പിജെ തോമസ്,ടിവി ചന്ദ്രന്‍ ,പികെ ഗുരുദാസന്‍ ,എന്‍കെ പ്രേമചന്ദ്രന്‍ ,എന്നിവര്‍ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതല്‍ രണ്ടരവരെ കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും.അതിനുശേഷം പോളയത്തോട് മാര്‍ത്തോമ പള്ളിശ്മശാനത്തില്‍ ഔദ്യോഗികബഹുമതികളോടെ സംസ്കരിക്കും.

deshabhimani news

1 comment:

  1. മലയാളത്തിന്റെ പ്രിയങ്കരനായ കഥാകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് മാര്‍ത്തോമ പള്ളിശ്മശാനത്തില്‍്. മരണസമയത്ത് ഭാര്യയും മകന്‍ ഋഷിയും മരുമകന്‍ ഗിരിയും അടുത്തുണ്ടായിരുന്നു.ജോര്‍ജ് വര്‍ഗീസ് എന്നായിരുന്നു യഥാര്‍ഥപേരെങ്കിലും കാക്കനാടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.1935 ഏപ്രില്‍ 23ന് തിരുവല്ലയിലായിരുന്നു ജനനം.

    ReplyDelete