Monday, October 10, 2011

അഴിമതി അറിഞ്ഞിട്ടും ഇറക്കുമതി തടയാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടില്ല

മൊലിന്‍ അഴിമതിക്കേസില്‍ പ്രധാന സാക്ഷികളായ ജി സോമരാജന്‍ , കെ വി തോമസ്, എന്‍ വി മാധവന്‍ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴികളും പുറത്തുവന്നു. അഴിമതി വാര്‍ത്ത പുറത്തറിഞ്ഞിട്ടും ഇറക്കുമതി തടയാന്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്റെ മൊഴിയാണ് ഇതില്‍ പ്രധാനം. സ്റ്റോര്‍ പര്‍ച്ചേസ് റൂളിന്റെ ലംഘനവും 27 കോടി രൂപയുടെ സാമ്പത്തികബാധ്യത ചൂണ്ടിക്കാണിച്ചുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവിന്റെ നോട്ട് ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ടെങ്കിലും അഭിപ്രായമോ എതിര്‍പ്പോ പ്രകടിപ്പിച്ചില്ലെന്ന് സോമരാജന്‍ മൊഴി നല്‍കി. ഇടപാട് അംഗീകരിക്കുന്നു എന്നതിനാലാണ് ഒപ്പിട്ടത്. പാമൊലിന്‍ അഴിമതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും ധനമന്ത്രി ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നതിനുള്ള നടപടിയെടുത്തില്ല. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കി പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിനെ ക്കുറിച്ച് ക്യാബിനറ്റില്‍ തീരുമാനം എടുക്കാന്‍ ഉമ്മന്‍ചാണ്ടി യോജിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതിനുമുമ്പ് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറില്‍ ഒപ്പിട്ടുവെന്നും സോമരാജന്‍ പറഞ്ഞു.

പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്നതിനുമുമ്പ് ഉമ്മന്‍ചാണ്ടി ഒപ്പിട്ടിട്ടുണ്ട്. ഇത് അജന്‍ഡയ്ക്കുപുറത്തുള്ള ഇനമാണെന്ന് ഉമ്മന്‍ചാണ്ടി എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും സോമരാജന്‍ മൊഴിനല്‍കി. സഖറിയ മാത്യുവിന്റെ കുറിപ്പ് കണ്ടിട്ടും ധനമന്ത്രി ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്ന് ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന കെ വി തോമസ് മൊഴിയില്‍ പറഞ്ഞു. മറ്റൊരു കമ്പനിയായ സി വണ്‍ കമ്മോഡിറ്റീസ് പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള കുറഞ്ഞ തുക കാണിച്ച് നല്‍കിയ ഫാക്സ് സന്ദേശം ധനമന്ത്രി കണ്ടിരുന്നു എന്ന് ഫിനാന്‍സ് വകുപ്പ് സെക്രട്ടറിയായിരുന്ന എന്‍ വി മാധവനും മൊഴി നല്‍കി. ഈ ഫാക്സ് സന്ദേശം കണ്ടിട്ടും ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലെന്ന ചോദ്യമാണ് ഇവിടെ വീണ്ടും ഉയരുന്നത്. ഇടപാടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉമ്മന്‍ചാണ്ടിയ്ക്ക് അറിയാമായിരുന്നു എന്ന് തുടരന്വേഷണത്തിലും ടി എച്ച് മുസ്തഫ മൊഴി നല്‍കിയതിന്റെ പകര്‍പ്പ് പുറത്തായതിന് പിന്നാലെയാണ് മറ്റ് മൂന്നുസാക്ഷികളുടെ മൊഴി കൂടി പുറത്തായത്. സ്വന്തം പാര്‍ടിക്കാരനായ ടി എച്ച് മുസ്തഫയും കൂട്ടുപ്രതി സക്കറിയാമാത്യുവും നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി പരാമര്‍ശിച്ചതോടെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടത്. ജിജി തോംസന്റെ ഹര്‍ജിയില്‍ തുടരന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി, സാക്ഷി മൊഴികളുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 17നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.
(വിജയ്)

deshabhimani 101011

1 comment:

  1. മൊലിന്‍ അഴിമതിക്കേസില്‍ പ്രധാന സാക്ഷികളായ ജി സോമരാജന്‍ , കെ വി തോമസ്, എന്‍ വി മാധവന്‍ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴികളും പുറത്തുവന്നു. അഴിമതി വാര്‍ത്ത പുറത്തറിഞ്ഞിട്ടും ഇറക്കുമതി തടയാന്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ടില്ലെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജി സോമരാജന്റെ മൊഴിയാണ് ഇതില്‍ പ്രധാനം. സ്റ്റോര്‍ പര്‍ച്ചേസ് റൂളിന്റെ ലംഘനവും 27 കോടി രൂപയുടെ സാമ്പത്തികബാധ്യത ചൂണ്ടിക്കാണിച്ചുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവിന്റെ നോട്ട് ഫയലില്‍ ഉമ്മന്‍ചാണ്ടി ഒപ്പിട്ടെങ്കിലും അഭിപ്രായമോ എതിര്‍പ്പോ പ്രകടിപ്പിച്ചില്ലെന്ന് സോമരാജന്‍ മൊഴി നല്‍കി. ഇടപാട് അംഗീകരിക്കുന്നു എന്നതിനാലാണ് ഒപ്പിട്ടത്. പാമൊലിന്‍ അഴിമതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും ധനമന്ത്രി ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നതിനുള്ള നടപടിയെടുത്തില്ല. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15 ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കി പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിനെ ക്കുറിച്ച് ക്യാബിനറ്റില്‍ തീരുമാനം എടുക്കാന്‍ ഉമ്മന്‍ചാണ്ടി യോജിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതിനുമുമ്പ് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി കരാറില്‍ ഒപ്പിട്ടുവെന്നും സോമരാജന്‍ പറഞ്ഞു.

    ReplyDelete