അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു
വാഷിംഗ്ടണ്‍: തൊഴിലിനു വേണ്ടിയുളള പ്രസ്ഥാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിന് വാഷിംഗ്ടണില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ടേക്ക് ബാക്ക് ദി അമേരിക്കന്‍ ഡ്രീം (അമേരിക്കന്‍ സ്വപ്‌നങ്ങളെ വീണ്ടെടുക്കുക) എന്ന ബാനറിന്‍ കീഴില്‍ മുദ്രാവാക്യമുയര്‍ത്തിയ കണ്‍വെന്‍ഷനില്‍ തൊഴിലാളി നേതാക്കള്‍, മതനേതാക്കള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, കുടിയേറ്റ പ്രസ്ഥാനക്കാര്‍, സ്വവര്‍ഗ്ഗരതിക്കാര്‍, വിദ്യാര്‍ഥികള്‍, പുരോഗമനവാദികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുളളവര്‍ പങ്കെടുത്തു. മാറ്റത്തിനു വേണ്ടിയുളള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് അവരുടെ ലക്ഷ്യം.
തൊഴിലിനു വേണ്ടിയും സാമൂഹ്യചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരേയും അമേരിക്കയിലുടനീളം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ഇടത്തരക്കാരന്റേയും ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊളളുന്നവരെ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനാവശ്യമായ കര്‍മപരിപാടിയ്ക്കും കണവെന്‍ഷന്‍ രൂപം നല്‍കി. രാജ്യത്തൊട്ടാകെയുളള അമേരിക്കക്കാരുടെ ഇന്നത്തെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ ട്രേഡ് യൂണിയന്‍ സംഘടനയായ എ എഫ് എല്‍- സി ഐ ഒ യുടെ വൈസ് പ്രസിഡന്റ് അര്‍ലെനെ ഹോള്‍ട്ട് ബേക്കര്‍ പറഞ്ഞു.
ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഒപ്പിട്ട ഒരു അവകാശപത്രക കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. മാലിന്യ രഹിത ഊര്‍ജം, വിദേശരാജ്യങ്ങളിലെ യുദ്ധം അവസാനിപ്പിക്കല്‍, സ്വന്തം രാജ്യത്ത് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, പൊതുവിദ്യാഭ്യാസത്തിന് കൂടുതല്‍ തുക, പുതിയ വ്യവസായ നയം, വാള്‍സ്ട്രീറ്റിലെ ധനസ്ഥാപനങ്ങളെ നിയന്ത്രിക്കല്‍,പുരോഗമനപരമായ നികുതി നയം. എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവകാശപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അമേരിക്കയിലൊട്ടാകെ 10 ലക്ഷം പേരെ അണിനിരത്തുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.ഇതിനകം തന്നെ ആറ് ലക്ഷം പേര്‍ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
സമ്പന്നരുടെ ആധിപത്യത്തിനെതിരെ ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് പ്രസ്ഥാനത്തിന്റെ പരമമായ ലക്ഷ്യമെന്ന് റീ ബില്‍ഡ് ദ ഡ്രീം എന്ന സംഘടനയുടെ നേതാവായ വാന്‍ ജോണ്‍സ് പറഞ്ഞു. അമിതമായ രാഷ്ട്രീയ അധികാര കേന്ദ്രീകരണവും കോര്‍പ്പറേറ്റുകളുടെ സാമ്പത്തികാധീശത്വവുമാണ് അമേരിക്കന്‍ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ മരിച്ചത് 2,900 പേരെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: സിറിയയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 2,900 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം 16 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്.
സിറിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ ചൊവ്വാഴ്ച കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുളള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നാണ് മരണസംഖ്യ ഇത്രയേറെ വര്‍ധിച്ചത്. തീവ്രവാദികളും സായുധ വിഭാഗങ്ങളും ചേര്‍ന്നാണ് സിറിയയില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്നതെന്ന് പ്രസിഡന്റ് അസദ് ആരോപിച്ചു. അടുത്ത ഡിസംബറില്‍ രാജ്യത്തെ പ്രാദേശിക ഭരണസ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നും പരിഷ്‌കരണ നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും പ്രസിഡന്റ് അസദ് മുന്നോട്ട് വച്ച നിര്‍ദ്ദേശം പ്രക്ഷോഭകര്‍ തളളുകയായിരുന്നു. സിറിയന്‍ സര്‍ക്കാരിനെതിരെയുളള പ്രമേയത്തെ വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും നടപടിയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ രാജ്യത്തുടനീളം ഇരുരാജ്യങ്ങളുടേയും പതാകകള്‍ കത്തിച്ചു പ്രതിഷേധിച്ചു. ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി സിറിയയിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രത്യേക അവലോകനം നടത്തി.
ബി ബി സിയില്‍ 2,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും
ലണ്ടന്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി ബി ബി സിയില്‍ രണ്ടായിരം തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ 20 ശതമാനത്തോളം ചെലവു ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ തീരുമാനമെടുത്തതെന്ന് ഡയറക്ടര്‍ ജനറല്‍ മാര്‍ക്ക് തോംസണ്‍ പറഞ്ഞു. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുളള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി ബി സിയുടെ 22,900 വരുന്ന ജീവനക്കാരെ പുതിയ തീരുമാനങ്ങള്‍ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഓരോ ഓഫീസിലും ജീവനക്കാരുടെ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ച് വിശദീകരിക്കും.
തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ ബി ബി സിയെ നശിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ടെക്‌നീഷ്യന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെറി മോറിസെ പറഞ്ഞു.
ജനയുഗം 071011
തൊഴിലിനു വേണ്ടിയുളള പ്രസ്ഥാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുന്നതിന് വാഷിംഗ്ടണില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ReplyDeleteടേക്ക് ബാക്ക് ദി അമേരിക്കന്‍ ഡ്രീം (അമേരിക്കന്‍ സ്വപ്‌നങ്ങളെ വീണ്ടെടുക്കുക) എന്ന ബാനറിന്‍ കീഴില്‍ മുദ്രാവാക്യമുയര്‍ത്തിയ കണ്‍വെന്‍ഷനില്‍ തൊഴിലാളി നേതാക്കള്‍, മതനേതാക്കള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, കുടിയേറ്റ പ്രസ്ഥാനക്കാര്‍, സ്വവര്‍ഗ്ഗരതിക്കാര്‍, വിദ്യാര്‍ഥികള്‍, പുരോഗമനവാദികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുളളവര്‍ പങ്കെടുത്തു. മാറ്റത്തിനു വേണ്ടിയുളള ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് അവരുടെ ലക്ഷ്യം.
May be, the folks in Kerala can call for a Hartal to mark this occasion.
ReplyDelete